Sorry, you need to enable JavaScript to visit this website.

സുഗതകുമാരി പുരസ്‌കാര നിറവില്‍  കല്ലുവയല്‍ ജയശ്രീ  സ്‌കൂള്‍

പുല്‍പള്ളി കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വളപ്പില്‍നിന്നുള്ള ദൃശ്യം.

കല്‍പറ്റ-അഞ്ച് സെന്റ് തനി വനം, 40ല്‍ അധികം ഇനം ഫലവൃക്ഷങ്ങള്‍, അനേക ഇനം ഔഷധച്ചെടികള്‍, 43 ഇനങ്ങളിലായി നൂറിലധികം മുളങ്കൂട്ടങ്ങള്‍, നക്ഷത്ര വനം. പുല്‍പള്ളി കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേതാണ് ഹരിതകാന്തി പൊഴിക്കുന്ന ഈ വൃക്ഷ-സസ്യോദ്യാനം. രണ്ടു പതിറ്റാണ്ടിലധികമായി നടന്നുവരുന്ന ഹരിതവത്കരണം ഏറ്റവും ഒടുവില്‍ വിദ്യാലയത്തെ വയനാട് പ്രകൃതി സംരക്ഷണ സമിതിയും ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജിയും സംയുക്തമായി കവയിത്രി സുഗതകുമാരിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിനും അര്‍ഹമാക്കി. വയനാട്ടിലെ ഏറ്റവും മികച്ച പ്രകൃതി സൗഹൃദ വിദ്യാലയത്തിനുള്ളതാണ് സുഗതകുമാരി സ്മാരക പുരസ്‌കാരം.
സി.കെ.രാഘവന്‍ മെമ്മോറിയല്‍ എഡ്യുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴിലാണ് ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. 1976ല്‍ അപ്പര്‍ പ്രൈമറി സ്‌കൂളായാണ് പ്രവര്‍ത്തനം തുടങ്ങിയത്. 1982ല്‍ ഹൈസ്‌കൂളായി. 1999ലാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം ആരംഭിച്ചത്. കെ.ആര്‍.ജയരാജാണ് നിലവിലെ പ്രിന്‍സിപ്പല്‍. സഹോദരന്‍ കെ.ആര്‍.ജയറാമാണ് മാനേജര്‍.
15 ഏക്കര്‍ വളപ്പിലാണ് വിദ്യാലയം. ട്രസ്റ്റിനു കീഴിലുള്ള സി.കെ.രാഘവന്‍ മെമ്മോറിയല്‍ ടി.ടി.ഐ, കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍, ജയശ്രീ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവയും ഇതേ വളപ്പില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വിശ്വവിഖ്യാത പരിസ്ഥിതി പ്രവര്‍ത്തകനും ചിപ്കോ പ്രസ്ഥാനം നായകനുമായിരുന്ന സുന്ദര്‍ലാല്‍ ബഹുഗുണയും ഭാര്യ വിമല ബഹുഗുണയും 2002ല്‍ നടത്തിയ സന്ദര്‍ശമാണ് വിദ്യാലയത്തില്‍ ഹരിതവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കു ഉത്തേജനമായതെന്നു പ്രിന്‍സിപ്പല്‍ പറഞ്ഞു. സന്ദര്‍ശനത്തിന്റെ ഓര്‍മയ്ക്കായി ബഹുഗുണ ദമ്പതികള്‍ വിദ്യാലയവളപ്പില്‍ മാവിന്‍ തൈ നട്ടു. പിന്നീട് ലോക പരിസ്ഥിതി ദിനാഘോഷം ഉള്‍പ്പടെ സവിശേഷമായ ഓരോ ചടങ്ങും സസ്യ-വൃക്ഷത്തൈകള്‍ നട്ടാണ് വിദ്യാലയം അടയാളപ്പെടുത്തുന്നത്. പരിസ്ഥിതി ക്ലബ്, ഫോറസ്ട്രി ക്ലബ്, ഹരിതസേന, നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയുടെ നേതൃത്വത്തിലാണ് വിദ്യാലയ വളപ്പില്‍ തൈനടീലും പരിപാലനവും. അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളുമായി തോള്‍ചേരുന്നുമുണ്ട്. 
വിദ്യാലയവളപ്പില്‍ ഗ്രൗണ്ടിനും കെട്ടിടങ്ങള്‍ക്കും ഉപയോഗപ്പെടുത്തിയത് ഒഴികെ ഭാഗങ്ങളിലാണ് ഹരിതവത്കരണമെന്നു പി.ടി.എ പ്രസിഡന്റ് കെ.ഡി.ഷാജിദാസ്, വൈസ് പ്രിന്‍സിപ്പല്‍ പി.ആര്‍.സുരേഷ് എന്നിവര്‍ പറഞ്ഞു. സാമൂഹിക വനവത്കരണ വിഭാഗവുമായി സഹകരിച്ചാണ് അഞ്ച് സെന്റ് ഭൂമി കാടാക്കി മാറ്റിയത്. നൈസര്‍ഗിക വനമെന്നു തോന്നിപ്പിക്കുന്നതാണ് വിദ്യാലയ വളപ്പിലെ ഈ ഭാഗം. അതിരുകളിലടക്കം നട്ടുവളര്‍ത്തിയ മുളകളില്‍ നാടന്‍ മാത്രമല്ല, വിദേശ ഇനങ്ങളുമുണ്ട്. വിവിധയിനം പക്ഷികളുടെയും പറവകളുടെയും ആവാസ കേന്ദ്രവുമാണ് ജയശ്രീ സ്‌കൂളിലെ സസ്യോദ്യാനം.
വിദ്യാഥികളില്‍ പരിസ്ഥിതാകാവബോധം വളത്തുന്നതിനും പ്രകൃതി പഠനത്തിനു സാഹചര്യം ഒരുക്കുന്നതിനും നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് ജയശ്രീ സ്‌കൂളിനെ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തതെന്നു പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍.ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍, ഹ്യൂം സെന്റര്‍ ഡയറക്ടര്‍ സി.കെ.വിഷ്ണുദാസ് എന്നിവര്‍ പറഞ്ഞു. രണ്ടാമത് സുഗതകുമാരി പുരസ്‌കാരത്തിനാണ് ജയശ്രീ സ്‌കൂള്‍ അര്‍ഹമായത്. മീനങ്ങാടി മാനികാവ് എ.എന്‍.എം യു.പി സ്‌കൂളിനായിരുന്നു പ്രഥമ പുരസ്‌കാരം. 23നു രാവിലെ 10.30നു ജയശ്രീ സ്‌കൂള്‍ അങ്കണത്തിലാണ് പുരസ്‌കാര സമര്‍പ്പണം. നേരത്തേ വനം വകുപ്പിന്റെ വനമിത്ര പുരസ്‌കാരം ജയശ്രീ സ്‌കൂളിനു ലഭിച്ചിരുന്നു.


 

Latest News