റിയാദ് - യൂറോപ്പിലെ ഏറ്റവും പ്രശസ്തനായ ഇസ്‌ലാമിക പ്രഭാഷകനും പ്രബോധകനുമായ ഫലസ്തീനി പണ്ഡിതൻ അദ്‌നാൻ ഇബ്രാഹിമിന് സൗദി ചാനലുകളിൽ വിലക്കേർപ്പെടുത്തി.
വിയന്ന ആസ്ഥാനമായി പ്രവർത്തിക്കുന്ന അദ്‌നാൻ ഇബ്രാഹിമിന്റെ വിവാദ നിലപാടുകളാണ് വിലക്കിന് കാരണം. റോട്ടാന ഗൾഫ് ചാനലിലെ പ്രോഗ്രാമിനും വിലക്ക് ബാധകമാണ്. ഈ റമദാനിൽ അദ്‌നാൻ ഇബ്രാഹിം പങ്കെടുക്കുന്ന പ്രതിദിന പ്രോഗ്രാം സംപ്രേഷണം ചെയ്യുമെന്ന് റോട്ടാനാ ഗൾഫ് ചാനൽ പരസ്യം ചെയ്തിരുന്നു.
മതപരമായ പരിധി ലംഘനങ്ങളാണ് അദ്‌നാൻ ഇബ്രാഹിമിന് വിലക്കേർപ്പെടുത്തുന്നതിന് കാരണമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നേരത്തെ സൗദി അറേബ്യയുടെ ചില രാഷ്ട്രീയ നിലപാടുകളെ വിമർശിച്ച അദ്‌നാൻ ഇബ്രാഹിം അറബ് രാജ്യങ്ങളിൽ ജനകീയ വിപ്ലവങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ മുമ്പ് താൻ സ്വീകരിച്ച രാഷ്ട്രീയ നിലപാടുകൾ തെറ്റായിരുന്നെന്നും ജനകീയ വിപ്ലവങ്ങളെ പിന്തുണക്കുന്നതിൽ നിന്ന് പിന്തിരിഞ്ഞതായും അദ്‌നാൻ ഇബ്രാഹിം പിന്നീട് വ്യക്തമാക്കി. സൗദി അറേബ്യയുടെ മുഴുവൻ രാഷ്ട്രീയ നയങ്ങളെയും പിന്തുണക്കുന്നതായും പറഞ്ഞു.
അദ്‌നാൻ ഇബ്രാഹിമിന്റെ ആശയങ്ങൾക്കെതിരെ സൗദി ഉന്നത പണ്ഡിതസഭ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇദ്ദേഹം മുന്നോട്ടു വെക്കുന്ന ആശയങ്ങൾക്ക് മറുപടി നൽകണമെന്ന് പണ്ഡിതരോട് ഉന്നത പണ്ഡിതസഭ ആവശ്യപ്പെടുകയും ചെയ്തു. പ്രവാചകന്റെ അനുചരന്മാരെ തെറിവിളിക്കുകയും വൈരുധ്യം നിറഞ്ഞ നിലപാടുകൾ വെച്ചുപുലർത്തുകയും അഹംഭാവം കാണിക്കുകയും ചെയ്യുന്നു എന്നീ ആരോപണങ്ങളാണ് അദ്‌നാൻ ഇബ്രാഹിമിനെതിരെ ഉന്നത പണ്ഡിതസഭ ഉന്നയിച്ചത്.