Sorry, you need to enable JavaScript to visit this website.

സിനിമാ വിതരണ മേഖലയിൽ സൗദി വനിതക്ക് ലൈസൻസ്‌

റിയാദ് - വിദേശത്തു നിന്ന് സിനിമകൾ ഇറക്കുമതി ചെയ്യുന്നതിനും സിനിമാ വിതരണ മേഖലയിൽ പ്രവർത്തിക്കുന്നതിനും സൗദി വനിതാ വ്യവസായി ഖലൂദ് അത്താറിന് ലൈസൻസ്. ഇത്തരമൊരു ലൈസൻസ് ലഭിക്കുന്ന ആദ്യ സൗദി വനിതയാണ് ഖലൂദ്. സൗദിയിൽ സിനിമാ നിർമാണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള ആഗ്രഹമാണ് സിനിമാ വിതരണ ലൈസൻസ് നേടുന്നതിന് തനിക്ക് പ്രധാന പ്രചോദനമെന്ന് ഖലൂദ് പറഞ്ഞു. സിനിമാ വ്യവസായത്തിന് ഭാവിയിൽ സൗദിയിൽ വലിയ സാധ്യതകളുണ്ടാകും. മറ്റേതൊരു വ്യവസായത്തെയും പോലെ സിനിമാ വ്യവസായ മേഖലയുമായി ബന്ധപ്പെട്ടും മറ്റു സേവന മേഖലകൾ ഉയർന്നുവരും. 
വിദേശ സിനിമകൾക്കല്ല, സൗദി സിനിമകൾക്കാണ് താൻ ഊന്നൽ നൽകുക. മുൻഗണനകൾ തന്നെ സംബന്ധിച്ചേടത്തോളം പ്രധാനമല്ല, ഫലമാണ് എപ്പോഴും പ്രധാനം. സിനിമാ വിതരണ ലൈസൻസ് നേടുന്നതിന് താൻ പ്രതിബന്ധങ്ങൾ നേരിട്ടിട്ടില്ലെന്ന് സൗദി ആർട്ട് കൗൺസിൽ അംഗം കൂടിയായ ഖലൂദ് അത്താർ പറഞ്ഞു. ഒരാഴ്ചയും ഏതാനും ദിവസങ്ങളും മാത്രമാണ് ലൈസൻസ് ലഭിക്കുന്നതിന് വേണ്ടിവന്നത്. ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ അധികൃതരിൽ നിന്ന് വലിയ സഹകരണമാണ് ലഭിച്ചത്. പ്രാദേശിക സിനിമകൾക്കാണ് താൻ കൂടുതൽ ശ്രദ്ധ നൽകുക. ഈ ലക്ഷ്യത്തിനു വേണ്ടിയാണ് താൻ ശ്രമിക്കുന്നതെന്ന് സൗദിയിൽ സ്വാധീനമുള്ള പ്രമുഖ വ്യക്തികളിൽ ഒരാളായി ഫോബ്‌സ് മാസിക നേരത്തെ തെരഞ്ഞെടുത്ത ഖലൂദ് പറഞ്ഞു. 
സൗദി നിർമിത സിനിമയായ ബിലാലിന്റെയും മറ്റേതാനും ഹ്രസ്വ സിനിമകളുടെയും വിതരണാവകാശത്തിന് താൻ കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്. സിനിമാ മേഖലക്ക് പിന്തുണ നൽകുന്നതിന് സൗദി ഫിലിം കൗൺസിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. തുടക്കത്തിൽ തന്നെ ഫിലിം കൗൺസിലുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് താൻ ആഗ്രഹിക്കുന്നു. ചിത്രീകരണം പൂർത്തിയായാലുടൻ സിനിമാ വിതരണവും പ്രദർശനവും സാധ്യമാകുന്ന സാഹചര്യം ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. ഹ്രസ്വ സിനിമകൾ പ്രദർശിപ്പിക്കുന്നതിന് വോക്‌സ്, എ.എം.സി കമ്പനികളുമായും മറ്റേതാനും കമ്പനികളുമായും താൻ ചർച്ചകൾ നടത്തിയിട്ടുണ്ട്. സൗദി സമൂഹം കഥകളാൽ സമ്പന്നമാണ്. ഇവ സാമൂഹിക, ചരിത്ര സിനിമകളാക്കി മാറ്റി അഭ്രപാളികളിലെത്തിക്കുന്നതിന് കഴിയും. 
കലകളുമായുള്ള തന്റെ ബന്ധം നൈമിഷകമായുണ്ടായതല്ല. ഡിസൈനിംഗ് മേഖലയിലെ വാർത്തകൾക്ക് തന്റെ ഉടമസ്ഥതയിൽ പത്തു വർഷം മുമ്പ് മാസിക ആരംഭിച്ചിട്ടുണ്ട്. ഗ്രാഫിക്‌സ്, ആർക്കിടെക്ചറൽ എൻജിനീയറിംഗ്, ഫോട്ടോഗ്രാഫി എന്നീ മേഖലയിൽ ഏറെ നൈപുണ്യമുള്ളവർ സൗദിയിലുണ്ട്. എന്നാൽ തങ്ങളുടെ ശേഷികളും കഴിവുകളും ആളുകൾക്കു മുന്നിൽ പ്രദർശിപ്പിക്കുന്നതിന് ഇവർക്ക് വേണ്ടത്ര അവസരങ്ങളില്ല. സൃഷ്ടിപരതയും സർഗശക്തിയുമുള്ളവർ സൗദിയിലില്ലെന്നും ഇത്തരക്കാരെ വിദേശങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യുകയാണെന്നും ചിലർ പറയുന്നത് കേൾക്കാറുണ്ട്. ഇത് ശരിയല്ല. സൗദിയിൽ സർഗശക്തിയുള്ളവരും സൃഷ്ടിപരതയുള്ളവരും എമ്പാടുമുണ്ട്. ഇത്തരക്കാർക്ക് തങ്ങളുടെ വൈഭവങ്ങൾ പ്രകടിപ്പിക്കുന്നതിന് അവസരം നൽകുന്നതിന് താൻ ആഗ്രഹിക്കുന്നു. 
രാജ്യത്ത് മതിയായ അവസരങ്ങളില്ലെന്നും സർക്കാർ പിന്തുണ നൽകുന്നില്ലെന്നും മുമ്പ് ആളുകൾ കാരണങ്ങൾ നിരത്തിയിരുന്നു. ഇപ്പോൾ കാര്യങ്ങൾ തീർത്തും വ്യത്യസ്തമാണ്. ഇപ്പോൾ ന്യായീകരണങ്ങൾക്ക് അവസരമില്ല. നന്നായി ആലോചിക്കുന്നവർക്ക് തങ്ങളുടെ മോഹങ്ങൾ സാക്ഷാൽക്കരിക്കുന്നതിന് സാധിക്കും. സ്വപ്‌നങ്ങൾക്കു മുന്നിൽ ഇപ്പോൾ പ്രതിബന്ധങ്ങളില്ല. വേഗത്തിൽ വളർച്ച കൈവരിക്കുന്നതിന് ഇപ്പോൾ തന്നെ ധൃതഗതിയിൽ പ്രവർത്തിക്കേണ്ടതുണ്ട്. മറ്റുള്ളവരിലേക്ക് എത്തിച്ചേരുന്നതിനും സ്വാധീനം ചെലുത്തുന്നതിനും വാർപ്പ് മാതൃകകളിൽ മാറ്റങ്ങൾ വരുത്തുന്നതിനും കലകൾക്ക് വലിയ ശേഷിയുണ്ടെന്നാണ് താൻ കരുതുന്നതെന്നും ഖലൂദ് അത്താർ പറഞ്ഞു. 

 

Latest News