ദോഹ - ദീദിയര്‍ ദെഷോമിന്റെ പരിചയസമ്പത്തുള്ള ഒരു കോച്ച് ഈ ലോകകപ്പിലുണ്ടായിരുന്നില്ല. കളിക്കാരനെന്ന നിലയിലും കോച്ചെന്ന നിലയും. ഫൈനലില്‍ ദെഷോമിന്റെ തന്ത്രം നാടകീയമായി കളിയെ മാറ്റിയിരുന്നു. പക്ഷെ ഷൂട്ടൗട്ടില്‍ ഫ്രാന്‍സിന് പിഴച്ചു. അതേസമയം ലിയണല്‍ സ്‌കാലോണി അര്‍ജന്റീനയുടെ മികച്ച കോച്ചുമാരുടെ പദവിയിലേക്കാണ് ഉയര്‍ന്നത്.
ഫ്രഞ്ച് കോച്ച് ദീദിയര്‍ ദെഷോമിന്റെ തന്ത്രമാണ് ഫൈനലില്‍ നിര്‍ണായകമായത്. അര്‍ജന്റീനയാണ് തുടക്കം മുതല്‍ കളി നിയന്ത്രിച്ചത്. മെസ്സിയും ഡി മരിയയും അല്‍വരേസും ഫ്രഞ്ച് പ്രതിരോധ നിരക്കു മുന്നില്‍ വട്ടമിട്ടു നിന്നു. ഒന്നിലേറെ തവണ ഫ്രഞ്ച് ഗോള്‍മുഖം ആശങ്കയില്‍ വിരണ്ടു. അര്‍ജന്റീന രണ്ടു ഗോളിന് മുന്നിലെത്തി. ഏകപക്ഷീയമായി ഫ്രാന്‍സ് കിരീടം അടിയറ വെക്കുമെന്നു തോന്നി.
താളം കണ്ടെത്താനോ ഒരു ഷോട്ട് പോലും ഗോളിലേക്ക് പായിക്കാനോ സാധിക്കാതെ തീര്‍ത്തും നിഷ്പ്രഭമായതോടെ ദെഷോം ഇടപെട്ടു. ആദ്യ പകുതി പിന്നിടും മുമ്പെ അവര്‍ തന്ത്രം മാറ്റാന്‍ ശ്രമം തുടങ്ങി. ഒലീവിയര്‍ ജിരൂവിനെയും ഉസ്മാന്‍ ദെംബെലെയെയും പിന്‍വലിച്ച് മാര്‍ക്കസ് തുറാമിനെയും കോളൊ മുവാനിയെയും കളത്തിലിറക്കി. രണ്ടാം പകുതിയില്‍ ആന്റോയ്ന്‍ ഗ്രീസ്മാനെ പിന്‍വലിച്ച് കിംഗ്‌സലി കൂമനെ കളത്തിലേക്ക് പറഞ്ഞുവിട്ടു. എഡ്വേഡൊ കമവിംഗയും വൈകാതെ ഇറങ്ങി. എന്നാല്‍ അര്‍ജന്റീന എയിംഗല്‍ ഡി മരിയയെ പിന്‍വലിച്ചതൊഴിച്ചാല്‍ കാര്യമായ മാറ്റമൊന്നും വരുത്തിയില്ല.
പക്ഷെ കളി നാടകീയമായി തിരിഞ്ഞു. കോളൊ മുവാനിയാണ് എണ്‍പതാം മിനിറ്റില്‍ പെനാല്‍ട്ടിക്ക് കാരണമായ നീക്കം നടത്തി. കൂമന്റെ പാസില്‍ നിന്ന് ഒന്നര മിനിറ്റിനകം കീലിയന്‍ എംബാപ്പെ ലക്ഷ്യം കണ്ടു.
അര്‍ജന്റീന ത്രസിപ്പിച്ച ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയുടെ തുടക്കം ഫൗളുകള്‍ കൊണ്ട് അലങ്കോലമായി. ഏതാനും അവസരങ്ങള്‍ ലഭിച്ചത് അര്‍ജന്റീനക്കാണ്. ബോക്‌സില്‍ അപകടകരമായി കറങ്ങിയ ഡി മരിയ സമര്‍ഥമായി മെസ്സിയിലേക്ക് പന്തെത്തിച്ചു. മെസ്സി ഒന്ന് ടച്ച് ചെയ്യുമ്പോഴേക്കും മൂന്നു ഡിഫന്റര്‍മാര്‍ അര്‍ജന്റീന ക്യാപ്റ്റനെ വളഞ്ഞു. തൊട്ടുപിന്നാലെ മക്കാലിസ്റ്റര്‍ നല്‍കിയ ത്രൂപാസുമായി മുന്നേറിയ മെസ്സി പന്ത് ബോക്‌സില്‍ അല്‍വരേസിന് മറിച്ചെങ്കിലും ചാടിവീണ ഗോളി അപകടമകറ്റി.