അര്‍ജന്റീന 3 (4)-ഫ്രാന്‍സ് 3 (2)
ദോഹ - വികാരവിക്ഷോഭങ്ങളുടെ കയറ്റിറക്കങ്ങളില്‍ ഉലഞ്ഞാടിയ രണ്ട് മണിക്കൂറിനൊടുവില്‍ ആനന്ദക്കണ്ണീരുമായി അര്‍ജന്റീനയും ലിയണല്‍ മെസ്സിയും. മെസ്സിയുടെ കരിയറിനെക്കുറിച്ചുള്ള എല്ലാ ചോദ്യചിഹ്നങ്ങള്‍ക്കും ഇതോടെ അവസാനമായി. മെസ്സിയും കീലിയന്‍ എംബാപ്പെയും പല്ലും നഖവുമുപയോഗിച്ചു പൊരുതിയ എക്കാലത്തെയും മികച്ച ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ കിരീടത്തിലേക്കുയര്‍ത്താനുള്ള ഭാഗ്യം ലഭിച്ചത് ഗോള്‍കീപ്പര്‍ എമിലിയാനൊ മാര്‍ടിനേസിന്. നിശ്ചിത സമയം എണ്‍പതാം മിനിറ്റ് വരെ അര്‍ജന്റീന നിറഞ്ഞാടിയ ഫൈനല്‍ പിന്നീടങ്ങോട്ടാണ് നാടകീയമായത്. എല്ലാം നഷ്ടപ്പെട്ടുവെന്ന് കരുതിയേടത്തു നിന്ന് ഇരട്ട ഗോളോടെ എ്ക്‌സ്ട്രാ ടൈമിലേക്കും ഹാട്രിക്കോടെ ഷൂട്ടൗട്ടിലേക്കും ഫ്രാന്‍സിന്റെ ആയുസ്സ് നീട്ടിയത് എംബാപ്പെയായിരുന്നു. മെസ്സി പെനാല്‍ട്ടിയിലൂടെ അര്‍ജന്റീനക്ക് ലീഡ് നല്‍കുകയും എല്ലാ നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുകയും ചെയ്തു. എല്ലാം നഷ്ടപ്പെട്ടേടത്തു നിന്ന് അര്‍ജന്റീനക്ക് വീണ്ടും തുടങ്ങേണ്ടി വന്ന എക്‌സ്ട്രാ ടൈമില്‍ ഒരിക്കല്‍കൂടി ടീമിനെ മുന്നിലെത്തിച്ചു.
ഷൂട്ടൗട്ടില്‍ എംബാപ്പെ ആദ്യം കിക്ക് ലക്ഷ്യത്തിലെത്തിച്ചു. ഫൈനലില്‍ എംബാപ്പെയുടെ മൂന്നാമത്തെ പെനാല്‍ട്ടി ഗോള്‍. മെസ്സി അര്‍ജന്റീനയെ ഒപ്പമെത്തിച്ചു. എന്നാല്‍ ഫ്രാന്‍സിന്റെ രണ്ടാം കിക്കെടുത്ത കിംഗ്‌സ്‌ലി കൂമന്റെ ഷോട്ട് അര്‍ജന്റീന ഗോളി തട്ടിത്തെറിപ്പിച്ചു. ഏതാനും മിനിറ്റുകള്‍ മുമ്പ് കളത്തിലിറങ്ങിയ പൗളൊ ദിബാല അര്‍ജന്റീനക്കു വേണ്ടി ലക്ഷ്യം കണ്ടു. ഫ്രാന്‍സിന്റെ മൂന്നാം കിക്കെടുത്ത ഒറേലിയന്‍ ചൂമേനിയുടെ ഷോട്ട് മാര്‍ടിനേസിന്റെ വിരല്‍തുമ്പില്‍ തട്ടി പുറത്തുപോയി. അര്‍ജന്റീനയുടെ ലിയാന്ദ്രൊ പരേദേസിന് പിഴച്ചില്ല. അര്‍ജന്റീനക്ക് 3-1 ലീഡ്. എന്നാല്‍ കോളൊ മുവാനി ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ നേടി. ഗോണ്‍സാലൊ മോണ്ടിയേലിന്റെ കാലിലായി അര്‍ജന്റീനയുടെ പ്രതീക്ഷ. പാരമ്യത്തിലെത്തിയ പിരിമുറുക്കത്തിന്റെ ലാഞ്ഛനയൊട്ടുമില്ലാതെ മോണ്ടിയേല്‍ ഫ്രഞ്ച് ഗോളിയെ കീഴടക്കി.
നിശ്ചിത സമയത്ത് എയിംഗല്‍ ഡി മരിയയും മെസ്സിയും ഫ്രഞ്ച് പകുതിയില്‍ തേരോട്ടം നടത്തി. ഇരുപത്തിമൂന്നാം മിനിറ്റില്‍ ഡി മരിയ നേടിയെടുത്ത പെനാല്‍ട്ടി മെസ്സി ലക്ഷ്യത്തിലെത്തിച്ചു. മുപ്പത്താറാം മിനിറ്റില്‍ മനോഹരമായ ടീം നീക്കം ഡി മരിയ ഗോളാക്കി മാറ്റിയതോടെ അര്‍ജന്റീന കിരീടമുറപ്പിച്ചതായി തോന്നി. പിന്നീടും അര്‍ജന്റീനയാണ് കളം വാണതും ഗോളവസരങ്ങള്‍ സൃഷ്ടിച്ചതും.
എന്നാല്‍ പൊടുന്നനെ ഫ്രാന്‍സ് ഉണര്‍ന്നു. 97 സെക്കന്റിനിടയില്‍ രണ്ടു തവണ അവര്‍ വെടി പൊട്ടിച്ചു. കോളൊ മുവാനി എണ്‍പതാം മിനിറ്റില്‍ നേടിയെടുത്ത പെനാല്‍ട്ടിയാണ് ഫ്രാന്‍സിന് ജീവവായുവായത്. എംബാപ്പെക്ക് പിഴച്ചില്ല. ഒരു മിനിറ്റിനകം കൂമന്റെ ബോക്‌സിലേക്കുയര്‍ത്തിയ പന്ത് സാഹസികമായി എംബാപ്പെ വലയിലേക്കു പറത്തി.
അതോടെ അര്‍ജന്റീന തളര്‍ന്നതു പോലെ തോന്നി. എന്നിട്ടും മെസ്സിയുടെ ഷോട്ട് ഫ്രഞ്ച് ഗോളി തട്ടിത്തെറിപ്പിക്കുന്നതു കണ്ടാണ് എക്‌സ്ട്രാ ടൈമിലേക്ക് കളി പോയത്. എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയില്‍ രണ്ടു തവണ അര്‍ജന്റീനക്ക് തുറന്ന അവസരം കിട്ടി. 108ാം മിനിറ്റില്‍ ലൗതാരൊ മാര്‍ടിനേസിന്റെ ഷോട്ട് ഗോളി തട്ടിത്തെറിപ്പിച്ചെങ്കിലും ചാടി വീണ മെസ്സി പന്ത് ഗോള്‍വര കടത്തി. ഡിഫന്റര്‍ ഷോട്ട് തടുത്തത് എവിടെ നിന്നെന്ന ആശയക്കുഴപ്പത്തിനിടയില്‍ അര്‍ജന്റീന ഗോളാഘോഷം തുടങ്ങി. മെസ്സിക്കു വേണ്ടി പത്ത് മിനിറ്റ് കൂടി പിടിച്ചുനില്‍ക്കാന്‍ അര്‍ജന്റീനക്ക് കഴിയുമോയെന്നായി ചോദ്യം. എന്നാല്‍ കളി തീരാന്‍ രണ്ട് മിനിറ്റ് ശേഷിക്കെ ഹാന്റ്‌ബോളിന് ഫ്രാന്‍സിന് വീണ്ടും പെനാല്‍ട്ടി ലഭിച്ചു. കാരിരുമ്പിന്റെ കരളുറപ്പോടെ എംബാപ്പെ വീണ്ടും ഗോളാക്കി. അവസാന രണ്ട് മിനിറ്റില്‍വ അര്‍ജന്റീന സര്‍വ ശ്രമവും നടത്തിയെങ്കിലും കളി എക്‌സ്ട്രാ ടൈമിലേക്കു പോയി.
2014 ല്‍ ഫൈനല്‍ തോറ്റ ടീമിലെ അവശേഷിച്ച ഒരേയൊരു കളിക്കാരന്‍ മെസ്സിയായിരുന്നു. അന്ന് ഡി മരിയയും ടീമിലുണ്ടായിരുന്നുവെങ്കിലും പരിക്ക് കാരണം കളിച്ചിരുന്നില്ല.