Sorry, you need to enable JavaScript to visit this website.

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെക്ക്, മികച്ച ഗോളി മാര്‍ടിനേസ്

ദോഹ - ലോകകപ്പില്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് നഷ്ടമായെങ്കിലും മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ നേടി ലിയണല്‍ മെസ്സി. 2014 ലും മെസ്സിക്കായിരുന്നു ഗോള്‍ഡന്‍ ബോള്‍. മെസ്സിയുടേത് അപൂര്‍വ നേട്ടമാണ്. ഒന്നൊഴികെ എല്ലാ മത്സരങ്ങളിലും മെസ്സി സ്‌കോര്‍ ചെയ്തു. 1970 ല്‍ ബ്രസീലിന്റെ ജഴ്‌സിഞ്ഞൊ മാത്രമേ ഇതിനെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ളൂ. ജഴ്‌സിഞ്ഞൊ എല്ലാ കളിയിലും സ്‌കോര്‍ ചെയ്തു, പക്ഷെ അക്കാലത്ത് പ്രി ക്വാര്‍ട്ടര്‍ ഉണ്ടായിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ പോളണ്ടിനെതിരെയാണ് മെസ്സിക്ക് ഗോളടിക്കാനാവാതിരുന്നത്. ആ കളിയില്‍ മെസ്സിയുടെ പെനാല്‍ട്ടി ഗോളി യാന്‍ ചെസ്‌നി രക്ഷപ്പെടുത്തുകയായിരുന്നു. 
എംബാപ്പെ മികച്ച രണ്ടാമത്തെ കളിക്കാരനും ക്രൊയേഷ്യയുടെ ലൂക്ക മോദ്‌റിച് മൂന്നാമത്തെ മികച്ച കളിക്കാരനുമായി. 
ഫൈനലിലെ രണ്ടെണ്ണമുള്‍പ്പെടെ ഈ ലോകകപ്പില്‍ ഏഴ് ഗോളാണ് മെസ്സി സ്‌കോര്‍ ചെയ്തത്. പക്ഷെ എട്ട് ഗോളടിച്ച കീലിയന്‍ എംബാപ്പെ ടോപ്‌സ്‌കോററായി. മൊത്തം ലോകകപ്പില്‍ മെസ്സിക്ക് 13 ഗോളായി. 12 ഗോളടിച്ച പെലെയെ മറികടന്നു. ലോതര്‍ മത്തായൂസിനെ (ജര്‍മനി) മറികടന്ന് മെസ്സി ലോകകപ്പില്‍ ഏറ്റവുമധികം മത്സരം കളിച്ച താരവുമായി. മെസ്സിയുടെ ഇരുപത്താറാമത്തെ ലോകകപ്പ് മത്സരമായിരുന്നു ഇത്.  
2002 നു ശേഷം ലാറ്റിനമേരിക്ക ആദ്യമായാണ് കിരീടം നേടുന്നത്. 2002 ല്‍ ബ്രസീല്‍ ചാമ്പ്യന്മാരായ ശേഷം യൂറോപ്യന്‍ ടീമുകളായ ഇറ്റലിയും സ്‌പെയിനും ജര്‍മനിയും ഫ്രാന്‍സുമാണ് ചാമ്പ്യന്മാരായത്. അര്‍ജന്റീനയുടെ മൂന്നാം കിരീടമാണ് ഇത്. ആദ്യ കളിയില്‍ സൗദി അറേബ്യയോട് തോറ്റ ശേഷമാണ് അവര്‍ ഇത്തവണ കിരീടത്തിലേക്ക് കുതിച്ചത്. പ്രി ക്വാര്‍്ട്ടറില്‍ നെതര്‍ലാന്റ്‌സിനെതിരെയും അവര്‍ രണ്ടു ഗോള്‍ ലീഡ് കളഞ്ഞുകുളിക്കുകയും ഷൂട്ടൗട്ടില്‍ ജയിക്കുകയും ചെയ്തിരുന്നു. 
1986 ല്‍ പശ്ചിമ ജര്‍മനിക്കെതിരെ അര്‍ജന്റീന ജയിച്ചതും രണ്ടു ഗോള്‍ ലീഡ് തുലച്ച ശേഷമാണ്. എന്നാല്‍ അന്ന് നിശ്ചിത സമയം തീരാന്‍ എട്ട് മിനിറ്റ് ശേഷിക്കെ ജോര്‍ജെ ബുറുച്ചാഗ വിജയ ഗോള്‍ കണ്ടെത്തി , 3-2 ന് അര്‍ജന്റീന ജയിച്ചു. 

Latest News