Sorry, you need to enable JavaScript to visit this website.

നാൽപതു രാജ്യങ്ങളിൽ റിലീഫ് പദ്ധതികൾ നടപ്പാക്കി -ഡോ. അബ്ദുല്ല അൽറബീഅ

പാക്കിസ്ഥാനിലെ റിലീഫ് പ്രവർത്തനം (ഫയൽ)
ഡോ. അബ്ദുല്ല അൽറബീഅ

റിയാദ് - വിദേശ രാജ്യങ്ങളിൽ റിലീഫ് പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമായി നടത്തുന്നതിനും റിലീഫ് പ്രവർത്തനങ്ങൾ ഒരു കുടക്കീഴിൽ ഏകോപിപ്പിക്കുന്നതിനും മൂന്നു വർഷം മുമ്പ് കിംഗ് സൽമാൻ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയൻ എയിഡ് സ്ഥാപിച്ച ശേഷം നാൽപതു രാജ്യങ്ങളിൽ 419 പദ്ധതികൾ സെന്റർ നടപ്പാക്കിയതായി സെന്റർ സൂപ്പർവൈസർ ജനറലും റോയൽ കോർട്ട് ഉപദേഷ്ടാവുമായ ഡോ. അബ്ദുല്ല അൽറബീഅ അറിയിച്ചു. 171.8 കോടി ഡോളറിന്റെ റിലീഫ് പദ്ധതികളാണ് സെന്റർ നടപ്പാക്കിയത്. ഇതിൽ ഏറ്റവും കൂടുതൽ പദ്ധതികൾ നടപ്പാക്കിയത് യെമനിലാണ്. ഇവിടെ 260 പദ്ധതികൾ നടപ്പാക്കി. ഭക്ഷ്യസുരക്ഷ, അഭയാർഥി, കോളറ നിർമാർജന, പരിസ്ഥിതി ആരോഗ്യ, ജല മേഖലകളിൽ കിംഗ് സൽമാൻ റിലീഫ് സെന്റർ യെമനിൽ പദ്ധതികൾ നടപ്പാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതികളും ഹൂത്തി മിലീഷ്യകൾ യുദ്ധമുന്നണിയിലേക്ക് റിക്രൂട്ട് ചെയ്ത കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതികളും യെമനിൽ നടപ്പാക്കി. മൂന്നു വർഷത്തിനിടെ 154.3 കോടി ഡോളറിന്റെ റിലീഫ് പ്രവർത്തനങ്ങളാണ് യെമനിൽ നടത്തിയത്. 
1994 മുതൽ 2014 വരെയുള്ള ഇരുപതു വർഷത്തിനിടെ ലോകത്ത് 6590 കോടി ഡോളറിന്റെ സഹായങ്ങൾ വിദേശ രാജ്യങ്ങൾക്ക് സൗദി അറേബ്യ നൽകിയിട്ടുണ്ട്. ഇത് ഇക്കാലയളവിലെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 1.9 ശതമാനത്തിന് തുല്യമാണ്. യു.എൻ ലക്ഷ്യമിട്ടതിനേക്കാൾ കൂടുതലാണിത്. വികസിത, സമ്പന്ന രാജ്യങ്ങൾ മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 0.7 ശതമാനം വിദേശ സഹായങ്ങൾക്ക് ചെലവഴിക്കുന്നതിനാണ് യു.എൻ ലക്ഷ്യമിടുന്നത്. 


2015 മെയ് 13 ന് ആണ് കിംഗ് സൽമാൻ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയൻ എയിഡ് സെന്റർ സ്ഥാപിച്ചത്. 2014 നു മുമ്പ് യെമനിലെ സ്ഥിതിഗതികൾ അത്യന്തം ശോചനീയമായിരുന്നു. ഇത് യു.എൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. പശ്ചാത്തല സൗകര്യങ്ങളുടെ അപര്യാപ്തത, മോശം ആരോഗ്യ സേവനങ്ങൾ, ഭക്ഷണത്തിനും ആരോഗ്യ പരിചരണങ്ങൾക്കുമുള്ള വർധിച്ച ആവശ്യം, കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവ് എന്നിവയെല്ലാം യെമനിലുണ്ടായിരുന്നു. ഇത് കിംഗ് സൽമാൻ റിലീഫ് സെന്റർ നേരിട്ട വലിയ വെല്ലുവിളിയായിരുന്നു. 
ഹൂത്തി മിലീഷ്യകൾ റിലീഫ് പ്രവർത്തനങ്ങൾക്ക് പ്രതിബന്ധം സൃഷ്ടിക്കുകയാണ്. ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹൂത്തികൾ ആക്രമണം നടത്തുന്നു. റിലീഫ് പ്രവർത്തകരെയും അവർ ലക്ഷ്യമിടുന്നു. കുട്ടികളെ യുദ്ധോപകരണങ്ങളായി അവർ ഉപയോഗപ്പെടുത്തുന്നു. സിവിലിയൻ കേന്ദ്രങ്ങളിൽ നിന്ന് വിമാനവേധ ആയുധങ്ങൾ ഹൂത്തികൾ ഉപയോഗിക്കുന്നു. സൗദി അറേബ്യക്കു നേരെ 133 ബാലിസ്റ്റിക് മിസൈലുകളും പതിനായിരക്കണക്കിന് ഷെല്ലുകളും ഉപയോഗിച്ച് ഹൂത്തികൾ ആക്രമണങ്ങൾ നടത്തി. ഈ ആക്രമണങ്ങളിൽ 107 സാധാരണക്കാർ വീരമൃത്യുവരിക്കുകയും 870 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 39 സ്‌കൂളുകൾക്കും 18 മസ്ജിദുകൾക്കും അഞ്ചു ആശുപത്രികൾക്കും ഹൂത്തികളുടെ ആക്രമണങ്ങളിൽ കേടുപാടുകൾ സംഭവിച്ചു. 
സിറിയൻ അഭയാർഥികൾക്കിടയിൽ കിംഗ് സൽമാൻ സെന്റർ 303 റിലീഫ് പദ്ധതികൾ നടപ്പാക്കുന്നുണ്ട്. സോമാലിയ, താജിക്കിസ്ഥാൻ, ഇറാഖ്, ബുർകിനാഫാസോ, സുഡാൻ, കിർഗിസ്ഥാൻ, എത്യോപ്യ, മൗറിത്താനിയ അടക്കമുള്ള രാജ്യങ്ങളിൽ 80 ലേറെ റിലീഫ് പ്രവർത്തനങ്ങൾ സെന്റർ നടത്തിയിട്ടുണ്ട്. 2016-2017 കാലത്ത് ഏതാനും രാജ്യങ്ങളിൽ 6407 ടൺ ഈത്തപ്പഴം വിതരണം ചെയ്തു. 5,61,911 യെമനി അഭയാർഥികളെയും 2,62,573 സിറിയൻ അഭയാർഥികളെയും 2,49,669 മ്യാന്മർ അഭയാർഥികളെയും സൗദി അറേബ്യ സ്വീകരിച്ചു. രാജ്യത്തെ ആകെ ജനസംഖ്യയുടെ 5.26 ശതമാനം അഭയാർഥികളാണ്. പ്രകൃതി ദുരന്തങ്ങളും മറ്റും നേരിട്ട 32 രാജ്യങ്ങളിൽ 132 വിദ്യാഭ്യാസ പദ്ധതികളും സെന്റർ നടപ്പാക്കിയിട്ടുണ്ടെന്ന് ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. 

 

Latest News