Sorry, you need to enable JavaScript to visit this website.

മയക്കുമരുന്ന് കൊടുത്തയക്കുന്നവർ നാട്ടിൽ വിലസുന്നു; കാരിയർമാർ ഗൾഫിലെ ജയിലുകളിൽ 

കാസർകോട്- കഞ്ചാവും മയക്കുമരുന്നും വിദേശത്തേക്ക് കൊടുത്തയാക്കുന്നവർ ലക്ഷങ്ങൾ സമ്പാദിച്ച്  നാട്ടിൽ വിലസുമ്പോൾ കാരിയർമാരായ പാവങ്ങൾ ഗൾഫ് നാടുകളിലെ ജയിലുകളിൽ കഴിയുന്നു. ജോലി തേടി ഗൾഫിലേക്ക് പോകുന്നവരുടെ ബാഗുകളിൽ മരുന്നെന്ന വ്യാജേനയാണ് കഞ്ചാവ് കടത്തുന്നത്. വടക്കൻ കേരളത്തിൽ പണം കൊയ്യുന്ന കഞ്ചാവ് മാഫിയയുടെ വൻ ശൃംഖല കച്ചവടം പൊടിപൊടിക്കുന്നു. 
ഗൾഫ് നാടുകളിലേക്ക് ജോലിക്കായി പോകുന്ന പാവപ്പെട്ടവരുടെ കൈവശമാണ് കുങ്കുമപ്പൂവെന്നും ഭക്ഷ്യസാധനമെന്നുമുള്ള വ്യാജേന കഞ്ചാവ് കടത്തുന്നത്. ഉപ്പള, കുമ്പള, മഞ്ചേശ്വരം എന്നിവിടങ്ങളിലുള്ള വൻ സ്രാവുകളാണ് ഇങ്ങനെ ഗൾഫിലേക്ക് കഞ്ചാവ് കടത്തി കോടീശ്വരന്മാരായി നാട്ടിൽ വിലസുന്നത്. ഇവരെ പോലീസ് പിടിച്ചാൽ രണ്ടോ മൂന്നോ മാസം മാത്രമാണ് റിമാൻഡ് ചെയ്ത് ജയിലിലടക്കുന്നത്. ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയാൽ വീണ്ടും ഇവർ കഞ്ചാവ് കടത്ത് തുടരുന്നു. എന്നാൽ ഈ മാഫിയാസംഘം മയക്കുമരുന്ന് കൊടുത്തയക്കുന്നവരെ ഗൾഫ് നാട്ടിൽ നിന്നും പിടിച്ചാൽ 25 വർഷമാണ് ജയിൽ ശിക്ഷ അനുഭവിക്കേണ്ടത്. 
ആന്ധ്രാപ്രദേശിലെ ഹൈദരാബാദിൽ നിന്നാണ് കാസർകോട്ടേക്ക് ടൺ കണക്കിന് കഞ്ചാവ് കൊണ്ടുവരുന്നത്. കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് നാട്ടിൽ കഞ്ചാവ് മാഫിയ വിലസുന്നത്. ഇത്തരക്കാർക്കെതിരെ നടപടികൾ എടുക്കാത്തത് പോലീസിന്റേയും എക്സൈസിന്റേയും പിടിപ്പുകേടാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പത്ത് ദിവസങ്ങൾക്ക് മുമ്പ് കടമ്ബാർ, ഉപ്പള, സോംഗൽ സ്വദേശികളായ ഏഴോളം പേരെ കഞ്ചാവ് കടത്തിയതിന് ഖത്തർ പോലീസ് പിടികൂടിയിരുന്നു. അവർ ഇപ്പോൾ ഖത്തർ ജയിലിലാണുള്ളത്. ഇവർക്ക് കഞ്ചാവ് കൊടുത്തവർ നാട്ടിൽ പ്രമാണിമാരായി നടക്കുമ്പോഴാണ് പാവങ്ങൾക്ക് ഖത്തറിലെ കാരാഗൃഹ വാസം. ഇത് പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. ഖത്തർ ജയിലിലായ ആറ് പേരെ കുറിച്ച് ഇത് വരെ നാട്ടുകാർക്ക് യാതൊരു വിവരവുമില്ല. വീട്ടിലേക്ക് ഫോണോ മറ്റോ വരുന്നില്ല. ഇവർ തിരിച്ചെത്തുന്നതിന് വീട്ടുകാർ മന്ത്രവാദികളുടെ സഹായം തേടുകയാണ് ചെയ്യുന്നത്. ഇനിയെങ്കിലും പോലീസും എക്സൈസും ജനങ്ങളുടെ വിഷമം മനസ്സിലാക്കി നാട്ടിൽ വിലസുന്ന കഞ്ചാവ് മാഫിയയെ പിടിച്ച് കെട്ടി നിയമത്തിന്റെ മുന്നിലെത്തിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ലഹരി വിമുക്ത ദിനത്തിൽ മാത്രമാണ് എക്സൈസിന്റേയും പോലീസിന്റേയും പേരിൽ കുറച്ച് ദിവസത്തേക്ക് ബോധവൽക്കരണവും ഇതോടൊപ്പം റെയ്ഡും നടക്കുന്നത്. കഞ്ചാവ് മാഫിയക്കെതിരെ പ്രവർത്തനം സ്ഥിരമാക്കാൻ നടപടിയുണ്ടാകണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു. അഞ്ച് മില്ലി കഞ്ചാവിന് ഇവിടെ നൂറ് മുതൽ നൂറ്റമ്പത് രൂപയാണ് വില. ഒരു കിലോ കഞ്ചാവിന് ഏഴ് ലക്ഷം രൂപയാണ് ദല്ലാൾമാർക്ക് ലാഭം ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ഖത്തറിൽ കഞ്ചാവുമായി പിടിയിലായവർക്ക് അത് കൊടുത്തു വിട്ട മാഫിയ സംഘത്തിൽപെട്ടവർ നാട്ടിൽ ജനങ്ങൾക്ക് മുന്നിൽ നെഞ്ച് വിരിച്ച് നടക്കുന്നുവെന്നാണ് ആക്ഷേപം. ഇവർക്കെതിരെ പോലീസ് കണ്ണ് തുറക്കാത്തത് വേദനാജനകമാണ് എന്നാണ് നാട്ടുകാർ പറയുന്നത്. പോലീസും എക്സൈസും വേണ്ടപ്പെട്ട അധികാരികളും ഇത്തരക്കാരെ പിടിച്ച് തുറങ്കിലിടണം എന്നാണ് ജനങ്ങളടെ ആവശ്യം. ഇരുപതും ഇരുപത്തിരണ്ടും വയസ്സിനിടയിൽ പ്രായമുള്ള യുവാക്കളാണ് കഞ്ചാവ് മാഫിയയുടെ തട്ടിപ്പിൽ കുടുങ്ങി ഖത്തർ ജയിലിൽ കഴിയുന്നത്. ഇവർക്ക് ചുരുങ്ങിയത് ഇരുപത്തി അഞ്ച് വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും.
എട്ട് കിലോ കഞ്ചാവ് ഗൾഫിലേക്ക് കയറ്റി വിട്ടാൽ നാല് ലക്ഷം രൂപയാണ് ഇവർക്ക് കിട്ടുന്നത്. ഇവർക്ക് ഗൾഫിലേക്ക് പോകുന്നവരെ കാട്ടിക്കൊടുക്കുന്നവർക്ക് 50000 രൂപ കമ്മീഷനായി കൊടുക്കുന്നു. ഖത്തർ ജയിലിൽ കഴിയുന്ന യുവാക്കളുടെ ബന്ധുക്കൾ കുമ്പള സി.ഐക്ക് പരാതി നൽകിയിട്ടുണ്ട്. ഒരാൾ 8 കിലോ കഞ്ചാവ് കൊടുത്ത് വിട്ടാൽ നാല് ലക്ഷം രൂപയാണ് കഞ്ചാവ് മാഫിയക്ക് കമ്മീഷനായി ലഭിക്കുന്നത്. ഗൾഫിൽ പോകുന്ന പാവപ്പെട്ട 7 പേരുടെ പക്കൽ ഇത് കൊടുത്തയച്ചാൽ 28 ലക്ഷം രൂപ ഒരു പണിയുമില്ലാതെ കഞ്ചാവ് മാഫിയയുടെ പോക്കറ്റിൽ എത്തുന്നു. ഗൾഫ് നാട് സ്വപ്‌നം കണ്ട് പോകുന്ന യുവാക്കൾ ഗൾഫിൽ വർഷങ്ങളോളം ജയിലിലാകുന്നതോടെ കുടുംബത്തിന്റെ പ്രതീക്ഷകൾ കൂടിയാണ് അസ്തമിക്കുന്നത്.  
 

Latest News