ദോഹ - ഫ്രാന്‍സ് രണ്ടു ഗോള്‍ മടക്കിയതോടെ ലോകകപ്പ് ഫൈനല്‍ ആവേശാന്ത്യത്തിലേക്ക്. എണ്‍പതാം മിനിറ്റില്‍ കോളൊ മുവാനിയെ നിക്കൊളാസ് ഓടാമെന്റി വീഴ്ത്തിയതിന് ലഭിച്ച പെനാല്‍ട്ടി കീലിയന്‍ എംബാപ്പെയാണ് ലക്ഷ്യത്തിലെത്തിച്ചത്. 97 സെക്കന്റുകള്‍ പിന്നിടും മുമ്പെ എംബാപ്പെ വീണ്ടും സ്‌കോര്‍ ചെയ്തു. തൊട്ടുപിന്നാലെ അര്‍ജന്റീന പ്രതിരോധം ഉറങ്ങിയ നിമിഷത്തില്‍ എംബാപ്പെ വീണ്ടും സ്‌കോര്‍ ചെയ്തു. അതുവരെ അര്‍ജന്റീനയുടെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു കളി. ഏഴാം ഗോളോടെ മെസ്സിയെ മറികടന്ന് എംബാപ്പെ ടോപ്‌സ്‌കോററായി.
അതുവരെ തീര്‍ത്തും ഏകപക്ഷീയമായ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന ആദ്യ പകുതിയില്‍ തന്നെ 2-0 ന് മുന്നിലെത്തി. കീലിയന്‍ എംബാപ്പെ ചിത്രത്തില്‍ പോലുമില്ലാതിരുന്ന ആദ്യ മുക്കാല്‍ മണിക്കൂര്‍ ലിയണല്‍ മെസ്സിയും എയിംഗല്‍ ഡി മരിയയും യൂലിയന്‍ അല്‍വരേസും കളം വാണു. ഇരുപത്തൊന്നാം മിനിറ്റില്‍ ബോക്‌സിലേക്കു വട്ടമിട്ടു കയറിയ ഡി മരിയയെ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍ട്ടി മെസ്സി ലക്ഷ്യത്തിലെത്തിച്ചു. മുപ്പത്താറാം മിനിറ്റില്‍ മെസ്സിയും മക്കാലിസ്റ്ററും കൈമാറി വന്ന അതിമനോഹര ടീം നീക്കം ചേതോഹരമായ ഷോട്ടിലൂടെ ഡി മരിയ ഗോളിയുടെ മുകളിലൂടെ വലയിലെത്തിച്ചു. കഴിഞ്ഞ 11 ലോകകപ്പ് ഫൈനലില്‍ പത്തിലും ആദ്യം ഗോളടിച്ച ടീം കിരീടം നേടിയ സാഹചര്യത്തില്‍ യൂറോപ്പിന്റെ ലോകകപ്പ് കുത്തക തകര്‍ക്കാമെന്ന പ്രതീക്ഷയിലാണ് അര്‍ജന്റീന. അവസാനമായി ലാറ്റിനമേരിക്കക്കു വേണ്ടി ലോകകപ്പ് നേടിയത് 2002 ല്‍ ബ്രസീലാണ്.
താളം കണ്ടെത്താനോ ഒരു ഷോട്ട് പോലും ഗോളിലേക്ക് പായിക്കാനോ സാധിക്കാതെ തീര്‍ത്തും നിഷ്പ്രഭമായ ഫ്രാന്‍സ് ആദ്യ പകുതി പിന്നിടും മുമ്പെ തന്ത്രം മാറ്റാന്‍ ശ്രമം തുടങ്ങി. ഒലീവിയര്‍ ജിരൂവിനെയും ഉസ്മാന്‍ ദെംബെലെയെയും പിന്‍വലിച്ച് മാര്‍ക്കസ് തുറാമിനെയും കോളൊ മുവാനിയെയും കളത്തിലിറക്കി. പക്ഷെ അതു കൊണ്ടൊന്നും ഗുണമുണ്ടായില്ല. അര്‍ജന്റീന പെനാല്‍ട്ടി ഏരിയയില്‍ ഫ്രാന്‍സിന് ഒരിക്കല്‍പോലും പന്ത് തൊടാനായില്ല. എഴുപതാം മിനിറ്റിലാണ് ആദ്യമായി അര്‍ജന്റീന ഗോള്‍മുഖത്ത് എംബാപ്പെ പരിഭ്രാന്തി പരത്തിയത്.