Sorry, you need to enable JavaScript to visit this website.

പുത്തൻ പ്രതീക്ഷകളുടെ തോൽവി 

കർണാടകയിൽ കോൺഗ്രസിന്റെ ഒറ്റക്കുള്ള വിജയം ആഗ്രഹിച്ചവർക്ക് ഇന്നലെ നിരാശയുടെ ദിവസമായിരുന്നു. അതു പക്ഷെ ജനങ്ങളുടെയാകെ സ്ഥിരം നിരാശയുടെ ദിനമായിരുന്നില്ലെന്ന് പിന്നീടുണ്ടാകുന്ന എല്ലാ ചെറുചലനങ്ങളും സ്വപ്‌നം നൽകുന്നു.    രാഷ്ട്രീയത്തിൽ ചില തോൽവികളും കാലത്തിന്റെ ആവശ്യമായി വരും. കർണാടകയിൽ കോൺഗ്രസ് സ്വന്തമായി ജയിച്ച അവസ്ഥ ഇപ്പോഴൊന്ന് ഓർത്തു നോക്കിയാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. മറ്റൊന്നും ശ്രദ്ധിക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക് ആ പാർട്ടി സംവിധാനമാകെ മാറുമായിരുന്നുവെന്നുറപ്പായിരുന്നു. 
കർണാടകയിൽ ഭരണ തുടർച്ചയെന്നത്  പാർട്ടികൾക്ക് അടുത്ത കാലത്തൊന്നും ലഭിക്കാത്ത സൗഭാഗ്യം. ദേവരാജ് അറസിന്റെ കാലം  മറന്നല്ല പറയുന്നത്. ഇപ്പോൾ  നേടിയെടുത്ത വിജയം ബി.ജെ.പിക്കും നില നിർത്താനാകും എന്നൊരുറപ്പും ആർക്കുമില്ല. അസ്ഥിരം എന്ന് തന്നെ  പറയാവുന്ന ഒരു സംസ്ഥാന വിജയത്തിന്റെ ആവേശത്തിൽ, ഒരു കൊല്ലം കഴിഞ്ഞാൽ വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ്  മറന്നുപോകുന്ന അവസ്ഥയാണ് കർണാടകയിലെ തോൽവി ഇല്ലാതാക്കിയത്.  ഒരു കാര്യം കൂടി ഓർക്കുക. അക്ഷരാഭ്യാസത്തിന്റെ കാര്യത്തിൽ വളരെ പിന്നോക്കമായ ഒരു ജനതയാണ് കഴിഞ്ഞ ദിവസം വോട്ട് ചെയ്യാൻ പോയത്. അവർക്ക് വൈകാരികമായി പ്രതികരിക്കാനുള്ളതെല്ലാം പ്രധാനമന്ത്രി മോഡി തന്നെ വിഭവസമൃദ്ധമായി നൽകിയിരുന്നു. അവിടെയദ്ദേഹത്തിന്  ഇന്ത്യയുടെ ചരിത്രമോ മറ്റെന്തെങ്കിലുമോ പവിത്രമല്ലായിരുന്നു. എന്തു കള്ളം പറഞ്ഞാലും വിശ്വസിക്കാൻ മാത്രം  പാവങ്ങളായ  ജനതയുടെ മുമ്പിൽ ബി.ജെ.പി അതിന്റെ പാർട്ടി സംവിധാനം കൃത്യമായും വിനിയോഗിച്ചു. മറുതന്ത്രങ്ങൾ വിലപ്പോകാത്തവിധം സർവവ്യാജങ്ങളും  ജനങ്ങളെ സ്വാധീനിച്ചു. 
തോറ്റവർ ഇനി എന്തായാലും ഒന്നുണരും. ഇന്നലെകളുടെ മഹത്വം പറഞ്ഞ്  ജീവിക്കാൻ ഇനിയാവില്ലെന്ന് ഇന്ത്യയിലെ സംഘ്പരിവാർ ഇതരകക്ഷികൾക്ക് ബോധ്യം വരാൻ തോൽവി സഹായിക്കും എന്ന് തന്നെയാണ് രാഷ്ട്രീയത്തിലെ ശുഭാപ്തി വിശ്വാസികളുടെ ബോധ്യം.
ഇന്ത്യ എന്ന ആശയം പോലും ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലമാണ് തങ്ങൾക്ക് മുന്നിൽ വന്ന് നിൽക്കുന്നതെന്ന വലിയ പാഠം ഉൾക്കൊള്ളാൻ  ഇനിയും വൈകുന്നവരെക്കുറിച്ച് എന്തുപറയാനാണ് ? ഐക്യപ്പെടണം എന്ന ചിന്ത തലയിലുദിക്കാൻ രാഷ്ട്രീയ ചുറ്റിക  കൊണ്ട് അടിയേറ്റ അവസ്ഥയിലാണിപ്പോൾ ഇന്ത്യയിലെ പ്രതി പക്ഷ കക്ഷികൾ.  അവരിനി അവരുടേതായ ഉട്ടോപ്യകളിൽ നിന്ന് അതിവേഗം  താഴെയിറങ്ങേണ്ടി വരും.  സംഘ്പരിവാർ വിരുദ്ധ മുന്നേറ്റ മെന്നത് നടക്കാത്ത സ്വപ്‌നമാണെന്ന് പറഞ്ഞ് അകലെ ചക്രവാളത്തിലേക്ക് നോക്കിയിരിക്കാൻ ഇനിയൊരു പ്രകാശ് കാരാട്ടിനും  ജനസമക്ഷം ധൈര്യം വരുമെന്ന് തോന്നുന്നില്ല. എല്ലാതരം മിഥ്യാ ബോധ്യങ്ങളും മാറ്റിവെച്ച്‌ഐ ക്യപ്പെടാനുള്ള സന്ദേശം എല്ലാവരും ഉൾക്കൊള്ളുമെന്ന വിശ്വാസമാണ് കർണാടക വിധിക്ക് ശേഷം ബി.ജെ.പി ഇതര പാർട്ടികളിൽ നിന്നെല്ലാം ഉണ്ടാകുന്നത്. കോൺഗ്രസ് ചീഞ്ഞാൽ തങ്ങൾക്കത്‌വളമാകുമെന്ന ചിന്ത വേണ്ടെന്ന് കർണാടകയിലെ ജനങ്ങൾ അവിടുത്തെ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുടെയും കരണത്തടിച്ചിട്ടുണ്ട്.   ഇപ്പോഴില്ലെങ്കിൽ ഇനിയൊരിക്കലുമില്ലെന്ന് എല്ലാവരോടും കർണാടകയും പറഞ്ഞിരിക്കുന്നു.
കർണാടക തെരഞ്ഞെടുപ്പിലെ ഫലം പുറത്തുവന്നപ്പോൾ ,പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം ഇന്ത്യയുടെ മനസ്സറിഞ്ഞുള്ളതാണ്.  കർണാടക തെരഞ്ഞെടുപ്പിലെ വിജയികൾക്ക് അഭിനന്ദനമറിയിച്ച മമത  പരാജയപ്പെട്ടവരോട് ഹൃദയത്തിന്റെ ഭാഷയിൽ അഭ്യർഥിക്കുന്നു- നിങ്ങൾ -തിരിച്ചുവരൂ എന്ന്. ജനതാദളു(എസ്)മായി സഖ്യം ചേർന്നിരുന്നുവെങ്കിൽ കോൺഗ്രസ്സിന്റെ ഫലം വ്യത്യസ്തമാവുമായിരുന്നുവെന്ന വാക്കുകൾ ഇപ്പോൾ കോൺഗ്രസിനുമാത്രമല്ല എല്ലാവർക്കും,  മധുരിക്കുന്ന നെല്ലിക്കയാണ്. ഇതു കുറിക്കുമ്പോൾ അവരുമായി ബന്ധപ്പെട്ട ചർച്ചകൾ കോൺഗ്രസിലും , ജനത ദളിലും പുരോഗമിക്കുന്നു. സംഘ്പരിവാർ വിരുദ്ധ കേന്ദ്രങ്ങളിൽ കൂടുതൽ പ്രതീക്ഷ നൽകുന്ന ചലനങ്ങൾ. മതേതര പാർട്ടികൾ തമ്മിലുള്ള അവിശ്വാസത്തിന്റെ അകലങ്ങൾ അലിഞ്ഞലിഞ്ഞ് ഇല്ലാതാകുമെന്ന് തന്നെയാണ് കരുതേണ്ടത്. 
കർണ്ണാടകയിൽ ജനതാദളുമായി ചേർന്ന് മതേതര സർക്കാറിന് ശ്രമിക്കുമെന്ന് കോൺഗ്രസ് നേതാവ് എ.കെ ആൻറണി നടത്തിയ പ്രഖ്യാപനം ഈ പ്രതീക്ഷക്ക് തിളക്കം നൽകുന്നു. ബി.ജെ.പിയെ മാറ്റിനിർത്താൻ എല്ലാ സാധ്യതകളും പരിശോധിക്കും, ഇതിനാണ് ഗുലാം നബി ആസാദിനെ അയച്ചത് എന്നും ആൻറണി പറഞ്ഞിട്ടുണ്ട്. ഈ നീക്കങ്ങൾക്കെല്ലാം നേതൃത്വം നൽകുന്നത് സോണിയാഗാന്ധിയാണെന്നതാണ് കൂടുതൽ ആശ്വാസകരമായ കാര്യം. ശ്രമം വിജയിക്കാതിരിക്കാനുള്ള സർവ്വ നീക്കങ്ങളും ഗവർണറിൽനിന്നുണ്ടാകും.  ഇതൊക്കെയാണെങ്കിലും, സംഘ്പരിവാർ വിരുദ്ധ നീക്കങ്ങളുടെ തുരങ്കത്തിന്റെ   അങ്ങേതലക്കൽ പോലും വെളിച്ചം കാണാതിരിക്കുമ്പോഴാണ് ചരിത്രപരം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന നീക്കം സോണിയാ ഗാന്ധിയിൽ നിന്നും കോൺഗ്രസിൽ നിന്നും ഉണ്ടായിരിക്കുന്നത്. പ്രതീക്ഷ നൽകുന്ന തോൽവി എന്ന് കർണാടക തെരഞ്ഞെടുപ്പ് ഫലത്തെ ചുരുക്കിയെഴുതാൻ സാധിക്കുന്നതിവിടെയാണ്.
ഓസ്‌ക്കാർ വൈൽഡിന്റെ വാക്കുകളാണ് ചേരുംപടി ചേരുകയെന്ന് തോന്നുന്നു. ഉട്ടോപ്യയുടെ രാജ്യമുൾക്കൊള്ളാത്ത ഭൂപടം, ഭൂപടമേ അല്ലെന്നദ്ദേഹം പറഞ്ഞത് വലിയ, വലിയ സ്വപ്‌നങ്ങളുടേതുമാണ് രാഷ്ട്ര നിർമ്മിതി എന്ന്   ബോധ്യപ്പെടുത്താനാണ്.  വരും നാളുകളിലും ആ സങ്കൽപ്പലോകത്തേക്ക് ഇന്ത്യൻ രാഷ്ട്രീയത്തെ വഴി നടത്താൻ, കർണാടകയിൽ കോൺഗ്രസിന് സംഭവിച്ച നിർഭാഗ്യകരമായ തോൽവി സഹായിക്കട്ടെ എന്നാഗ്രഹിക്കുക. 
 

Latest News