പടിഞ്ഞാറൻ ചക്രവാളത്തിലെ അന്തിച്ചുവപ്പിനിടയിലൂടെ റമദാൻ അമ്പിളിയുടെ വെളളിവര കോറിയതു മുതൽ ലോകമുസ്‌ലിംകൾക്ക് പരിശുദ്ധ വ്രതമാസം.
മനസ്സും ശരീരവും ആത്മസംസ്‌കരണം ചെയ്‌തെടുക്കാൻ വിശ്വാസികൾക്ക് ആണ്ടിലൊരിക്കലെത്തുന്ന പുണ്യമാസത്തെ പരിപൂർണമായി ഉൾക്കൊളളാൻ തയ്യാറെടുക്കുകയാണ് മുസ്‌ലിം ലോകം.
പുണ്യങ്ങളുടെ പൂക്കാലമെന്ന് അറിയപ്പെടുന്ന പരിശുദ്ധ റമദാനിൽ പകലിൽ അന്ന പാനീയങ്ങൾ വെടിഞ്ഞ് രാത്രിയിൽ നമസ്‌കാരങ്ങളിൽ മുഴുകി ഭക്തിയുടെ സമൂർത്ത രൂപമായി മാറുകയാണ് ഓരോ വിശ്വാസിയും. എന്നാൽ വിശ്വാസത്തിനപ്പുറം റമദാനിലെ മുസ്‌ലിം
സമൂഹത്തിലെ കേരളീയ കാഴ്ചകളും ജീവിതരീതിയും ഇന്ന് വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ റമദാന്റെ പൊയ്‌പ്പോയ ഓർമകൾക്ക് സുഗന്ധവും സൗന്ദര്യവും ഏറെയുണ്ടാകും.
നനച്ചു കുളിയിൽ തുടങ്ങി...
മൺകട്ട കൊണ്ട് പണിത ഓലപ്പുരയിൽ നിന്ന് കോൺക്രീറ്റ് സൗധത്തിലേക്ക് മാറിയെങ്കിലും പരിശുദ്ധ റമദാൻ ആഗതമാവുന്നതിന് മുന്നോടിയായി വീടും പരിസരവും വൃത്തിയാക്കുക എന്നത് മുസ്‌ലിം ഭവനങ്ങളിലെ സ്ത്രീകളുടെ മുടങ്ങാത്ത ശീലമാണ്.
കൂട്ടുകുടംബത്തിൽ നിന്ന് അണുകുടംബത്തിലേക്ക് ചേക്കേറിയെങ്കിലും റമദാനെ വരവേൽക്കാൻ ആരും പിശുക്ക് കാണിക്കാറില്ലെന്നതാണ് വാസ്തവം. വീടും അടക്കുളയും ഒരുക്കാൻ വല്യുമ്മ മുതൽ ഇളമുറക്കാരി വരെ മൽസരിക്കും. മലബാറിലെ പഴമക്കാർ ഈ ഒരുക്കത്തെയാണ് നനച്ചു കുളി എന്ന് പേരിട്ട് വിളിക്കുന്നത്.
വീടിന് ഓലയും പുല്ലും മേയുന്നത് റമദാന് മുന്നോടിയാണെന്ന് പഴമക്കാർ പറയുന്നു. മണ്ണ് മെഴുകി മോടിപിടിപ്പിക്കും.ഇന്ന് പെയിന്റിംഗ് നടത്തിയാണ് വീടൊരുക്കുന്നത്.എന്നാലും അകത്തുളള വീട്ടുസാധനങ്ങളെല്ലാം പുറത്തെടുത്ത് കഴുകി വൃത്തിയാക്കുന്ന പതിവിന് മാറ്റമൊന്നുമില്ല.
അടുക്കളയിലെ 'കൈക്കിലത്തുണി'മുതൽ മരംകൊണ്ടുളള ഉപ്പ് കയറ്റി(ഉപ്പ് സൂക്ഷിക്കുന്ന മരം കൊണ്ടുള്ള പാത്രം) വരെ കഴുകണമെന്ന് പഴമക്കാർക്ക് നിർബന്ധമായിരുന്നു.ഇതിന് മുന്നിട്ടിറങ്ങുന്നത് സ്ത്രീകളും കുട്ടികളുമാണ്. നോമ്പ് കാലത്ത് മുസ്‌ലിം വീടുകളിലെ ഭക്ഷണ രീതിക്ക് തന്നെ മാറ്റം വരും.
പകലിൽ അന്നപാനീയങ്ങൾ വെടിഞ്ഞ് നോമ്പെടുക്കുന്നതിനാൽ നോമ്പുതുറ,അത്താഴം എന്നിവക്കാണ് പ്രാധാന്യം.ഇവക്ക് രണ്ടിനുമിടയിലെ മുത്താഴത്തിന് മാറ്റങ്ങൾ ഏറെയാണ്.ഇതിലേക്കായി അരി,മുളക്,മല്ലി തുടങ്ങിയ സാധനങ്ങൾ പൊടിച്ച് സൂക്ഷിക്കുന്നത് ഇന്നും പതിവ് കാഴ്ചയാണ്.
മാസപ്പിറവിയുടെ കടലോരം
ലോകത്ത് ചന്ദ്രക്കലയുടെ അടിസ്ഥാനത്തിൽ മാസപ്പിറവി നിശ്ചയിക്കുന്ന ഏക മതമാണ് ഇസ്‌ലാം. ആയതിനാൽ മുസ്‌ലിംകൾക്ക് പൊന്നമ്പിളിക്കീറ് വിശ്വാസത്തിന്റെ നേർവരയാണ്. ഇവയിൽ ഏറ്റവും പ്രാധാന്യം കൽപ്പിക്കുന്നത് റമദാൻ,ശവ്വാൽ മാസപ്പിറവികൾക്കാണ്.റമദാൻ നോമ്പിനേയും,ശവ്വാൽ ചെറിയ പെരുന്നാളിന്റെയും വരവ് അറിയിക്കുന്നതിനാലാണിത്.കോഴിക്കോട് ജില്ലയിലെ കാപ്പാട്, ബേപ്പൂർ,മലപ്പുറം ജില്ലയിലെ തിരൂർ കൂട്ടായി,ചാവക്കാട്,കണ്ണൂർ,കാസർകോട്,തിരുവനന്തപുരം എന്നിവിടങ്ങളിലെല്ലാമാണ് മാസപ്പിറവിയുടെ ആദ്യ കാഴ്ചക്കാരുണ്ടാകാറുളളത്.മൽസ്യബന്ധനവുമായി ബന്ധപ്പെടുന്നവർക്കാണ് മാസപ്പിറവി പെട്ടെന്ന് ദൃശ്യമാവുക.കടലിന്റെയും കാറ്റിന്റെയും ദിശയും മാനത്തിന്റെ ചാഞ്ചാട്ടവും തിരിച്ചറിയുന്നവരുടെ കണ്ണിൽ മാസപ്പിറവി പെട്ടെന്ന് പ്രത്യക്ഷപ്പെടും.
സൂര്യന്റെ ഇടതും വലതുമായി ആറ് മാസം മാറിമാറിയാണ് ചന്ദ്രൻ പ്രത്യക്ഷപ്പെടുക.വളർച്ച എത്തിയ ചന്ദ്രക്കലയും വളർച്ച എത്താത്ത ചന്ദ്രക്കലയുമുണ്ട്.വളർച്ച എത്തിയത് മാനത്ത് ഏറെ നേരമുണ്ടാകും.ഇത് മറ്റൊരാൾക്ക് കാണിച്ചു കൊടുക്കാനും കഴിയും.എന്നാൽ വളർച്ചയില്ലാത്തവ നിമിഷ നേരം കൊണ്ട് മാഞ്ഞ് പോകും.ഇവ കാണുവാനും പ്രയാസമാണ്. മഴമേഘങ്ങൾ മറച്ചാൽ കാണാനും സാധ്യമല്ല. ആയതിനാൽ മാസപ്പിറവി ദൃശ്യം കണ്ടാൽ അവ പളളി ഖാസിക്കു മുമ്പിൽ സാക്ഷ്യപ്പെടുത്തി നൽകണം.
ഹിലാൽ കമ്മിറ്റിക്ക് നാലു പതിറ്റാണ്ട്
കേരളത്തിൽ ഗോളശാസ്ത്ര കണക്ക് മുൻനിർത്തി മാസപ്പിറവി നിരീക്ഷിക്കുന്ന സംവിധാനമാണ് കേരള ഹിലാൽ കമ്മറ്റി.കേരള നദ്‌വത്തുൽ മുജാഹിദീന്റെ നേതൃത്വത്തിൽ 1976 ലാണ് കേരള ഹിലാൽ കമ്മറ്റി നിലവിൽ വന്നത്.മാസപ്പിറവി കണ്ടെന്ന് തെറ്റായി വ്യാഖ്യാനിക്കുന്നത് തടയാനും ഗോളശാസ്ത്രത്തിന്റെ സഹായത്തോടെ മാസപ്പിറവി ദൃശ്യമാകുമോ ഇല്ലയോ എന്ന് മുൻകൂട്ടി അറിയാനുമായാണ് സംവിധാനം ഒരുക്കിയിട്ടുളളത്. ശാസ്ത്രജ്ഞാനം കൂടി ഉൾപ്പെടുത്തി ആധുനിക രീതിയിൽ അവലംബിക്കുകയാണ് ഇവരുടെ ലക്ഷ്യം.മഹല്ല് ഖാസിമാരും,പാണക്കാട് തങ്ങൾ ഉൾപ്പടെയുളള പണ്ഡിതന്മാരുടേയും പ്രഖ്യാപനമാണ് ഇപ്പോഴും മാസപ്പിറവിയുടെ കാര്യത്തിൽ കേരള മുസ്‌ലിംകൾ അടിസ്ഥാനപ്പെടുത്തുന്നത്.
നഖാര മുതൽ വെടിക്കെട്ട് വരെ
നഖാരയുടെയും ചെണ്ടയുടേയും വെടിക്കെട്ടിന്റെയും ശബ്ദമാണ് നോമ്പും പെരുന്നാളും അറിയാൻ പഴമക്കാർ ആശ്രയിച്ചിരുന്നത്.
മുഗൾ രാജാക്കന്മാരുടെ കാലത്ത് യുദ്ധവും,മറ്റും അത്യാവശ്യ കാര്യങ്ങളും നഖാര കൊട്ടിയാണ് പ്രജകളെ അറിയിച്ചിരുന്നത്.ലൗഡ് സ്പീക്കർ പ്രചരിക്കാത്ത കാലത്ത് നോമ്പിന്റെയും നമസ്‌കാരത്തിന്റെയും സമയം കൊട്ടി അറിയിക്കുന്നത് പളളികളിൽ നിന്ന് നഖാരയുടെയും ചെണ്ടയുടെയും ശബ്ദമാണ്.നോമ്പ് തുറക്കുന്ന സമയത്ത് കതിന വെടി മുഴക്കുന്ന പളളികളുമുണ്ടായിരുന്നു.ആധുനിക സൗകര്യങ്ങളായതോടെ നഖാരയും മറ്റും പളളികളിലെ മൂലകളിൽ കാഴ്ച വസ്തുക്കളായി മാറി.റമദാൻ നോമ്പും,പെരുന്നാളും ജോലി സ്ഥലത്ത് വെച്ച് അറിഞ്ഞ് മടങ്ങിയ കഥകളായിരുന്നു പഴമക്കാർക്ക് വിവരിക്കാനുണ്ടായിരുന്നത്. അത്താഴത്തിനും,നോമ്പുതുറക്കുമാണ് പ്രധാനമായും ശബ്ദ വീചികൾ പുറപ്പെടുവിച്ചിരുന്നത്.ഇന്ന് പളളികളിൽ നിന്ന് അത്താഴത്തിന് ഖുർആൻ പാരായണവും, ചിലയിടങ്ങളിൽ അറബി ബൈത്തുകൾ പാടി അത്താഴ മുട്ടികളെന്ന പേരിൽ ഊര് ചുറ്റുന്നവരുമുണ്ട്.
വടകര ഭാഗങ്ങളിൽ ഇന്നും അത്താഴം മുട്ടുകാർ റമദാനിലെ കാഴ്ചയാണ്. മാത്രവുമല്ല റമദാനിൽ രാത്രികാലം ഗൾഫ് രാജ്യങ്ങളെപ്പോലെ പകൽ പോലെ പ്രകാശിതമാകുന്ന വടകര താഴെ അങ്ങാടി, കോഴിക്കോട് കുറ്റിച്ചിറ പോലെയുള്ള പ്രദേശങ്ങൾ ഇന്നുമുണ്ട്. പൊന്നാനി ഭാഗത്ത് പാനീസ് വിളക്കിന്റെ (ഫാനൂസ് - റാന്തൽ) നാളമാണ് റമദാൻ പ്രഭ.
ഓർമകളിൽ സുഗന്ധം പരത്തിയ കാലം
റമദാൻ സാഹോദര്യത്തിന്റേയും നന്മയുടേയും കാലമാണ്. മെയ്യും മനവും വ്രതത്തിലൂടെ ആത്മ സംസ്‌കരണം നടത്തുന്ന കാലം. എന്നാൽ വീടുകളിൽ നിന്ന് നോമ്പ് തുറ ഇഫ്താർ പാർട്ടികളിലേക്ക് വഴിമാറിയപ്പോൾ ഗൃഹാതുരത ഇല്ലാതാകുന്നു.കോഴിക്കറിയും വൈക്കോൽ കൂനപോലെ കൂട്ടിയിട്ട പത്തിരിയും ബിരിയാണിക്കും ഖബ്‌സക്കും,കുഴിമന്തിക്കും വഴിമാറിയിരിക്കുകയാണ്.