ദോഹ - ലോകകപ്പിന് മുമ്പ് വിമര്‍ശനങ്ങളുടെയും പരിഹാസങ്ങളുടെയും മുള്‍മുനയിലായിരുന്നു ഖത്തര്‍. അറബ് ലോകത്തു നടന്ന ആദ്യത്തെ കാല്‍പന്ത് മഹാമേളക്ക് ഇന്ന് കൊടിയിറങ്ങുമ്പോള്‍ സംഘാടനത്തിന്റെ കപ്പ് ഖത്തര്‍ ഉറപ്പിച്ചു കഴിഞ്ഞു. എക്കാലത്തെയും മികച്ച ലോകകപ്പെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനൊ വിശേഷിപ്പിച്ചത് വെറുതെയാവില്ല. ത്രസിപ്പിച്ച കളികളും ഖത്തര്‍ സൃഷ്ടിച്ച കുലീനതയുടെ പ്രതിഛായയും ലോക ഫുട്‌ബോളിനെ കീഴടക്കിക്കഴിഞ്ഞു.
മെസ്സിയും എംബാപ്പെയും നെയ്മാറും റൊണാള്‍ഡോയും പോലുള്ള വിഖ്യാത കളിക്കാര്‍ ഒരുപാട് കഥകള്‍ രചിച്ചു. സൗദി അറേബ്യയും ജപ്പാനും തെക്കന്‍ കൊറിയയും തുനീഷ്യയും അട്ടിമറികള്‍ സൃഷ്ടിച്ചു. പുതിയ ഹീറോകള്‍ ഉദയം ചെയ്തു. ലോക ഫുട്‌ബോളിന്റെ അധികാരശ്രേണിയെ മൊറോക്കൊ കിടിലം കൊള്ളിച്ചതാണ് ഖത്തര്‍ ലോകകപ്പിനെ വിസ്മയക്കഥയാക്കിയത്. ദോഹയുടെ തെരുവുകളെ അവര്‍ ചെഞ്ചായമണിയിച്ചു, സൂഖ് വാഖിഫിനെ അവര്‍ മാരക്കേഷിലെയും കാസബ്ലാങ്കയിലെയും തുണ്ടുകളാക്കി മാറ്റി. യൂറോപ്യന്‍ ഫുട്‌ബോളിലെ ആഢ്യന്മാരായ ബെല്‍ജിയവും സ്‌പെയിനും പോര്‍ചുഗലും വലീദ് റഖ്‌റാഖിയുടെ അറ്റ്‌ലസ് സിംഹങ്ങളുടെ ഗര്‍ജനത്തില്‍ വിറ കൊണ്ടു. ഒരു നൂറ്റാണ്ടോളം നീണ്ട ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു അറബ്, ആഫ്രിക്കന്‍ ടീമിനും സാധിച്ചിട്ടില്ലാത്ത ദൂരം അവര്‍ താണ്ടി. ചാമ്പ്യന്മാരായ ഫ്രാന്‍സിനെ വിറപ്പിച്ചാണ് അവര്‍ സെമി ഫൈനലില്‍ കീഴടങ്ങിയത്.
അര്‍ജന്റീനക്കെതിരായ സൗദിയുടെ വിജയം കളിയുടെ ആവേശക്കടലിനാണ് തീ കൊടുത്തത്. രണ്ടാം പകുതിയില്‍ അഞ്ചു മിനിറ്റിനിടെ സാലിഹ് അല്‍ശഹ്‌രിയും സാലിം അല്‍ദോസരിയും മെസ്സിയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് കനത്ത പ്രഹരമേല്‍പിച്ചു. എക്കാലത്തെയും മികച്ച ഗ്രൂപ്പ് ഘട്ടമെന്ന ഫിഫയുടെ വിലയിരുത്തലിനോട് അധികമാര്‍ക്കും വിയോജിക്കാന്‍ സാധിക്കുമായിരുന്നില്ല. 48 കളികളില്‍ 120 ഗോളാണ് പിറന്നത്, രണ്ട് ചുവപ്പ് കാര്‍ഡുകള്‍ മാത്രം. ജപ്പാനില്‍ നിന്നേറ്റ തിരിച്ചടിയില്‍ നിന്ന് ജര്‍മനിക്ക് തലയുയര്‍ത്താനായില്ല. ഇംഗ്ലണ്ടിനോട് 2-6 ന് തകര്‍ന്ന ഇറാന്‍ തിരിച്ചുവരികയും വെയ്ല്‍സിനെ ഇഞ്ചുറി ടൈമിന്റെ എട്ടാമത്തെയും പതിനൊന്നാമത്തെയും മിനിറ്റുകളിലെ ഗോളുകളില്‍ തോല്‍പിക്കുകയും ചെയ്തു. ഗ്രൂപ്പ് ഇ-യില്‍ നിന്ന് ഒരു ഘട്ടത്തില്‍ ജപ്പാനും കോസ്റ്ററീക്കയും മുന്നേറുമെന്ന് തോന്നി, സ്‌പെയിനും ജര്‍മനിയും പുറത്താകലിന്റെ വക്കിലെത്തി. ഇഞ്ചുറി ടൈം ഗോളില്‍ പോര്‍ചുഗല്‍ തെക്കന്‍ കൊറിയയോട് തോറ്റതോടെ ഉറുഗ്വായ് പുറത്തായി. സൗദിക്കെതിരെ ഗോളടിച്ചു കൂട്ടാനുള്ള മെക്‌സിക്കോയുടെ പരക്കംപാച്ചില്‍ ആവേശകരമായിരുന്നു, പക്ഷെ പോളണ്ടിനെ മറികടന്ന് അവര്‍ക്ക് നോക്കൗട്ടിലെത്താനായില്ല. ചരിത്രത്തിലാദ്യമായി എല്ലാ മേഖലയില്‍ നിന്നും പ്രി ക്വാര്‍ട്ടറില്‍ പ്രാതിനിധ്യമുണ്ടായി.
പ്രി ക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ ഓസ്‌ട്രേലിയ വിറപ്പിച്ചു. ബ്രസീല്‍ തെക്കന്‍ കൊറിയക്കെതിരെ സാംബ നൃത്തം ചവിട്ടി. പോര്‍ചുഗല്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോയെ പുറത്തിരുത്തി. പകരം കളിച്ച ഗോണ്‍സാലൊ റാമോസ് ഹാട്രിക് നേടി. ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ കണ്ണീര്‍ വീണു, നെതര്‍ലാന്റ്‌സും പോര്‍ചുഗലും പുറത്തായി. ഡച്ചിനെതിരെ 2-0 ലീഡ് തുലച്ചെങ്കിലും അര്‍ജന്റീന ഷൂട്ടൗട്ടില്‍ കരകയറി. ഇഞ്ചുറി ടൈമിന്റെ പതിനൊന്നാം മിനിറ്റിലാണ് നെതര്‍ലാന്റ്‌സ് സമനില നേടിയത്.