Sorry, you need to enable JavaScript to visit this website.

കലാശച്ചൂടുയരുന്നു, മെസ്സിക്ക് അവസാന ചുവട്

ലോകകപ്പ് ഫൈനല്‍
അര്‍ജന്റീന-ഫ്രാന്‍സ്
ലുസൈല്‍ സ്റ്റേഡിയം
വൈകു: 6.00

ദോഹ - അഞ്ചാമത്തെയും അവസാനത്തെയും അവസരത്തില്‍ ലിയണല്‍ മെസ്സിക്ക് ലോകകപ്പ് കിരീടം ഉയര്‍ത്താനാവുമോ? ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സില്‍ ഈ ഒരൊറ്റച്ചോദ്യം അലയടിച്ചു നില്‍ക്കെ കിരീടം നിലനിര്‍ത്താന്‍ ഫ്രാന്‍സ് പടക്കച്ച കെട്ടുന്നു. അര്‍ജന്റീനക്കു പിന്നില്‍ ലോക ഫുട്‌ബോളില്‍ ബഹുഭൂരിഭാഗവും അടിയുറച്ചു നില്‍ക്കെ ഫ്രാന്‍സിന് ഇത് ഒറ്റയാന്‍ പോരാട്ടമാണ്. പെലെയുടെയും ഡിയേഗൊ മറഡോണയുടെയും അതുല്യമായ പദവിയിലേക്കുയരാന്‍ മെസ്സിക്ക് ഒരു ലോകകപ്പ് ജയിച്ചേ തീരൂ. മെസ്സിയെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അര്‍ജന്റീന കിരീടം നേടുന്നതു തടയുകയാണ് ഫ്രാന്‍സിന്റെ ലക്ഷ്യം. ഫ്രാന്‍സ് കിരീടം നിലനിര്‍ത്താം, നിര്‍ത്താതിരിക്കാം. ഈ ലോകകപ്പ് ഫുട്‌ബോളില്‍ തലമുറ മാറ്റത്തിന് വഴിയൊരുക്കും. മെസ്സിയും നെയ്മാറും ക്രിസ്റ്റിയാനൊ റൊണാള്‍ഡോയും കീലിയന്‍ എംബാപ്പെ എന്ന ഇരുപത്തിമൂന്നുകാരനു മുന്നില്‍ വഴി മാറും. ഫ്രാന്‍സ് കിരീടം നേടിയാല്‍ ആ മാറ്റത്തിന് കൂടുതല്‍ ആധികാരികതയുണ്ടാവും. 
എണ്‍പതിനായിരം പേര്‍ക്കു മുന്നില്‍ ലുസൈല്‍ സ്റ്റേഡിയത്തില്‍ കലാശപ്പോരാട്ടം അരങ്ങേറുമ്പോള്‍ അറബിക്കഥകളുടെ മായാലോകത്തേക്കാണ് ഫുട്‌ബോള്‍ പ്രേമികള്‍ ആനയിക്കപ്പെടുക. കഥകളുടെ നിരവധി അടരുകളാണ് ഈ കലാശപ്പോരാട്ടത്തെ ഭ്രമാത്മകമാക്കുന്നത്. 
1958 ലും 1962 ലും ലോകകപ്പ് നേടിയ ബ്രസീലിന്റെ നേട്ടം ആവര്‍ത്തിക്കാനാണ് ഫ്രാന്‍സ് ശ്രമിക്കുക. 1958 ല്‍ പതിനേഴാം വയസ്സിലെ അരങ്ങേറ്റത്തില്‍ ലോകത്തെ വിസ്മയിപ്പിച്ചിരുന്നു പെലെ. പക്ഷെ 1962 ല്‍ ബ്രസീല്‍ ലോകകപ്പ് നേടുമ്പോള്‍ പരിക്കേറ്റ് റിസര്‍വ് ബെഞ്ചിലായിരുന്നു പെലെ. പത്തൊമ്പതാം വയസ്സില്‍ 2018 ല്‍ ഫ്രാന്‍സിനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ എംബാപ്പെക്ക് കഴിഞ്ഞു. നാലു വര്‍ഷം കഴിഞ്ഞ് ഖത്തറിലും എംബാപ്പെ തന്നെയാണ് ഫ്രഞ്ച് നിരയിലെ സൂപ്പര്‍സ്റ്റാര്‍. ആരാവും ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് നേടുക? അഞ്ച് ഗോളുമായി മെസ്സിയും എംബാപ്പെയും ഒപ്പത്തിനൊപ്പമാണ്. ഇവരിലാര് ഫൈനലില്‍ ഗോളടിക്കുമെന്നത് കലാശപ്പോരാട്ടത്തിലെ അറബിക്കഥകളിലെ മറ്റൊരു ത്രസിപ്പിക്കുന്ന ഏടായിരിക്കും. 
അര്‍ജന്റീന കിരീടം നേടിയാലും ഇല്ലെങ്കിലും, ഈ തലമുറയിലെ മികച്ച ഫുട്‌ബോള്‍ ടീം ഫ്രാന്‍സാണ്. മിഷേല്‍ പ്ലാറ്റീനി, സിനദിന്‍ സിദാന്‍, തിയറി ഓണ്‍റി, എംബാപ്പെ...ഫ്രാന്‍സ് ഉല്‍പാദിപ്പിച്ച അതുല്യപ്രതിഭകള്‍ ലോക ഫുട്‌ബോളിലെ മിന്നും നക്ഷത്രങ്ങളാണ്. കഴിഞ്ഞ ഏഴ് ലോകകപ്പുകളില്‍ നാലാം തവണയാണ് ഫ്രാന്‍സ് ഫൈനല്‍ കളിക്കുന്നത്. 1998 ല്‍ കളിക്കാരനെന്ന നിലയില്‍ ലോകകപ്പ് നേടിയ ദീദിയര്‍ ദെഷോം കോച്ചെന്ന നിലയില്‍ രണ്ടാം ലോകകപ്പിനടുത്താണ്. ഒരു കോച്ചിനു മാത്രമേ രണ്ടു തവണ ഒരു ടീമിന് ലോകകപ്പ് നേടിക്കൊടുക്കാന്‍ സാധിച്ചുള്ളൂ, ഒരു നൂറ്റാണ്ടോളം മുമ്പാണ് അത് -വിക്ടോറിയൊ പോസൊ ആയിരുന്നു 1934 ലും 1938 ലും ഇറ്റലി ചാമ്പ്യന്മാരായപ്പോള്‍ പരിശീലകന്‍. 
1986 ല്‍ കിരീടം നേടിയതാണ് മറഡോണയെ അര്‍ജന്റീനയുടെ വീരപുത്രനാക്കിയത്. റെക്കോര്‍ഡായ ഇരുപത്താറാം ലോകകപ്പ് മത്സരം കളിക്കുന്ന മെസ്സി അതുപോലൊരു വീരേതിഹാസമാണ് സ്വപ്‌നം കാണുന്നത്. അഞ്ച് ഗോളടിക്കുകയും മൂന്ന് ഗോളിന് വഴിയൊരുക്കുകയും ചെയ്ത മെസ്സി അര്‍ജന്റീനയിലെ ഓരോ ഫുട്‌ബോള്‍ പ്രേമിയുടെയും ഹൃദയം തൊട്ടു കഴിഞ്ഞു. മൊറോക്കൊ കഴിഞ്ഞാല്‍ ഖത്തറില്‍ ഇത്രമാത്രം പിന്തുണ കിട്ടിയ മറ്റൊരു ടീമില്ല. ഫൈനലും അര്‍ജന്റീനക്ക് ഹോം ഗെയിം പോലെ ആവേശകരമാവും. 'മെസ്സി 10' ജഴ്‌സിയായിരിക്കും ഇന്ന് ലുസൈലിലെ ഗാലറിയില്‍ നിറയുക. 
വിജയിയെ പ്രവചിക്കുക എളുപ്പമല്ല. ഫ്രാന്‍സ് ടൂര്‍ണമെന്റുകളുടെ ടീമാണ്. മികവും പരിചയസമ്പത്തും തുളുമ്പുന്നു. നന്നായി കളിക്കാത്തപ്പോഴും ജയം നേടാനറിയുന്ന ടീമാണ് അവര്‍. പോള്‍ പോഗ്ബ, എന്‍ഗോളൊ കാണ്ടെ, പ്രസ്‌നല്‍ കിംപെംബെ, ലോക പ്ലയര്‍ ഓഫ് ദ ഇയര്‍ കരീം ബെന്‍സീമ തുടങ്ങിയ ലോകോത്തര കളിക്കാര്‍ നഷ്ടപ്പെട്ടാല്‍ ഏതു ടീമും തളര്‍ന്നു പോവും. പക്ഷെ ഫ്രാന്‍സിനെ അത് തരിമ്പും ബാധിച്ചിട്ടില്ല. പ്രായോഗികതയാണ് അവരുടെ മന്ത്രം. പഴുതടച്ച് പ്രതിരോധിക്കുക, അവസരമൊത്താല്‍ ഇടതു വിംഗില്‍ എംബാപ്പെയിലൂടെയും മധ്യത്തില്‍ ആന്റോയ്ന്‍ ഗ്രീസ്മാനിലൂടെയും മിന്നല്‍ വേഗത്തില്‍ ആക്രമിക്കുക. എംബാപ്പെയും മെസ്സിയും മിക്കവാറും സമയം ഗ്രൗണ്ടില്‍ നടക്കുകയായിരിക്കും. പ്രതിരോധപ്രവര്‍ത്തനത്തിന് അവരെ ആവശ്യമില്ല. ഫ്രാന്‍സും അര്‍ജന്റീനയും പത്തു പേരുമായി പ്രതിരോധിക്കാന്‍ മിടുക്കരാണ്. 
മെസ്സിയുടെ മികവ് പരമാവധി ഉപയോഗപ്പെടുത്തുകയാണ് അര്‍ജന്റീനയുടെ രീതി. സെമി ഫൈനലിലെന്ന പോലെ നാലംഗ മധ്യനിര അര്‍ജന്റീനക്കു വേണ്ടി കഠിനാധ്വാനം ചെയ്യും. അവര്‍ മെസ്സിയിലേക്ക് പന്തെത്തിക്കും. മെസ്സി മായാജാലം സൃഷ്ടിക്കുമ്പോള്‍ ഒപ്പം ചേരും. യൂലിയന്‍ അല്‍വരേസ് കൂട്ടിനുണ്ടാവും. സൗദി അറേബ്യക്കെതിരായ തോല്‍വി റിസര്‍വ് ബെഞ്ചിലിരുന്ന് കണ്ട ഇരുപത്തിരണ്ടുകാരന്‍. ഇപ്പോള്‍ ടീമില്‍ നിന്ന് ഒഴിവാക്കാനാവാത്ത വിധം നാലു ഗോളടിച്ച കളിക്കാരന്‍. ഖത്തറിലെ സ്‌റ്റേഡിയങ്ങളില്‍, കോടിക്കണക്കിന് ടി.വി സെറ്റുകള്‍ക്കു മുന്നില്‍ മെസ്സിയുടെ മായാജാലങ്ങളില്‍ വിഭ്രമിച്ചു പോയ കാണികള്‍. ഫ്രാന്‍സിന്റെയോ റൊണാള്‍ഡോയുടെയോ കടുത്ത ആരാധകരല്ലാത്ത എല്ലാവരും ആ കുറിയ മനുഷ്യനൊപ്പമുണ്ടാവും, അയാളുടെ കരിയര്‍ നിശ്ചയിക്കുന്ന 90 മിനിറ്റിലേക്ക് പ്രാര്‍ഥനയോടെ അവര്‍ കണ്ണയക്കും. 2014 ല്‍ കണ്ണീരോടെയാണ് മെസ്സി മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ ബഹുമതി സ്വീകരിച്ചത്. അര്‍ജന്റീന എക്‌സ്ട്രാ ടൈമില്‍ ജര്‍മനിയോട് തോറ്റതിന്റെ സങ്കടക്കടലിലായിരുന്നു മെസ്സി. ഇത്തവണയും മെസ്സിയെ ഗോള്‍ഡന്‍ ബോളോ ഗോള്‍ഡന്‍ ബൂട്ടോ കാത്തിരിപ്പുണ്ടാവും. പക്ഷെ മെസ്സിക്ക് അത് വേണ്ട, വേണ്ടത് ആ സ്വര്‍ണക്കപ്പാണ്. 

Latest News