Sorry, you need to enable JavaScript to visit this website.

പിതാവ് മരിച്ചെന്നറിയിച്ച് മകന്റെ  വ്യാജ ഫേസ്ബുക്ക് പോസ്റ്റ് 

തൊടുപുഴ-പിതാവ് മരിച്ചെന്നറിയിച്ച് മകന്റെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്. കോണ്‍ഗ്രസ് നേതാവും പീരുമേട് പഞ്ചായത്തിലെ തദ്ദേശസ്ഥാപനത്തിലെ മുന്‍ ജനപ്രതിനിധിയുമായ അറുപതുകാരന്റെ മരണവാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ആര്‍ ഐ പി, ഐ മിസ് യു എന്ന ക്യാപ്ഷനോടെയാണ് നേതാവിന്റെ ചിത്രം മൂത്തമകന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.ഫേസ്ബുക്ക് പോസ്റ്റ് കണ്ടതോടെ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം ആദാരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് കമന്റ് ചെയ്തു. ഇടുക്കി ഡി സി സി പ്രസിഡന്റ് സി പി മാത്യുവും അനുശോചനം രേഖപ്പെടുത്തിയവരുടെ കൂട്ടത്തിലുണ്ട്.
ഇളയമകന്റെ വാട്‌സാപ്പില്‍ വന്ന സന്ദേശത്തില്‍ നിന്നാണ് തന്റെ മരണവിവരം നേതാവ് അറിയുന്നത്. എങ്ങനെയായിരുന്നു മരണമെന്ന് ചോദിച്ച് നിരവധി പേര്‍ കുടുംബാംഗങ്ങളെ വിളിച്ചു. അച്ഛനും മകനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായാണ് ചരമക്കുറിപ്പ് ഇട്ടതെന്നാണ് സൂചന.
മകനെതിരെ പരാതി നല്‍കാന്‍ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും ബന്ധുക്കളുടെ അഭിപ്രായങ്ങള്‍ മാനിച്ച് മാപ്പ് നല്‍കാന്‍ നേതാവ് തീരുമാനിച്ചു. അതേസമയം, തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കയറി മറ്റാരോ ആണ് പോസ്റ്റിട്ടതെന്നാണ് മകന്റെ പ്രതികരണം.
 

Latest News