ദോഹ - സീസര്‍ ലൂയിസ് മെനോട്ടി, കര്‍ലോസ് ബിലാഡൊ.. അര്‍ജന്റീനക്ക് മറക്കാന്‍ കഴിയാത്ത കോച്ചുമാരാണ് ഇവര്‍. അര്‍ജന്റീന കിരീടം നേടുകയാണെങ്കില്‍ ലിയണല്‍ സ്‌കാലോണി എന്ന നാല്‍പത്തിനാലുകാരനും ആ പദവിയിലേക്കുയരും. 2018 ല്‍ ജോര്‍ജെ സാംപോളി നിരാശപ്പെടുത്തിയപ്പോഴാണ് താല്‍ക്കാലിക കോച്ചായി സ്‌കാലോണി ചുമതലയേറ്റത്. അന്ന് സാംപോളിയുടെ അസിസ്റ്റന്റായിരുന്നു സ്‌കാലോണി.
കളിക്കാരെ നിയന്ത്രിക്കുന്നതു പോവട്ടെ ട്രാഫിക് നിയന്ത്രിക്കാന്‍ പോലും സ്‌കാലോണിയെ കൊള്ളില്ലെന്ന് പറഞ്ഞത് ഡിയേഗൊ മറഡോണയാണ്. ഹെഡ് കോച്ചായി ഒരു പരിചയവുമില്ലാത്ത സ്‌കാലോണി രണ്ടു മാസ്ം കഴിഞ്ഞ് വഴി മാറുമെന്നായിരുന്നു ധാരണ. തുടര്‍ച്ചയായി ലോകകപ്പ് ഫൈനലും രണ്ട് കോപ അമേരിക്ക ഫൈനലുകളും തോറ്റ നിരാശയിലായിരുന്നു ടീം. പക്ഷെ സ്‌കാലോണിയുടെ ദീര്‍ഘവീക്ഷണം ലിയണല്‍ മെസ്സിയെ ആകര്‍ഷിച്ചു. തന്റെ പ്രിയപ്പെട്ട താരം പാബ്ലൊ അയ്മാര്‍ കോച്ചിംഗ് സ്റ്റാഫിലുണ്ടെന്നത് മെസ്സിയെ സന്തോഷിപ്പിച്ചു, ഒപ്പം സഹതാരങ്ങളായിരുന്ന റോബര്‍ടൊ അയാളയും വാള്‍ടര്‍ സാമുവേലും അസിസ്റ്റന്റുമാരായിരുന്നു.
നെഹൂല്‍ മോളി, ക്രിസ്റ്റിയന്‍ റോമിറൊ, ലിസാന്ദ്രൊ മാര്‍ടിനേസ്, അലക്‌സിസ് മകാലിസ്റ്റര്‍ തുടങ്ങിയ കളിക്കാരെയൊക്കെ കണ്ടെടുത്തത് സ്‌കാലോണിയാണെന്ന് 1986 ലെ ഫൈനലില്‍ ഗോളടിച്ച ജോര്‍ജെ ബുറുച്ചാഗ പറയുന്നു. മെനോട്ടിയുടെ തന്ത്രങ്ങളും ബിലാഡോയുടെ പ്രായോഗികതയുമാണ് അര്‍ജന്റീനക്ക് ലോകകപ്പ് നേടിക്കൊടുത്തത്. ശാന്തനായ സ്‌കാലോണി ഉള്‍ക്കരുത്തു കൊണ്ടാണ് ലോകകപ്പിനടുത്തെത്തിയിരിക്കുന്നത്. സൗദി അറേബ്യക്കെതിരായ ആദ്യ കളിയിലെ തോല്‍വി ടീം കൈകാര്യം ചെയ്തത് സ്‌കാലോണിയുടെ മികവിന് തെളിവാണ്. ഇതൊരു ഫുട്‌ബോള്‍ മത്സരമാണ്, നാളെയും സൂര്യനുദിക്കുമെന്ന് ആരും മറന്നു പോവരുത് -കളിക്കാരെ അദ്ദേഹം സാന്ത്വനിപ്പിച്ചു. സൂര്യനുദിച്ചു, അര്‍ജന്റീനയും. തുടര്‍ച്ചയായ അഞ്ച് വിജയങ്ങളോടെ അവര്‍ ഫൈനലിലെത്തി. കോപ അമേരിക്കയും ലോകകപ്പും ഒരുമിച്ചു നേടാന്‍ മെനോട്ടിക്കും ബിലാഡോക്കും പോലുമായിട്ടില്ല.