ദോഹ - 2006 ല്‍ ലോകകപ്പ് നേടിയ ശേഷം ഇറ്റലി കുത്തനെ കീഴോട്ടുപോയി. 2010 ല്‍ ചാമ്പ്യന്മാരായ സ്‌പെയിനും 2014 ല്‍ ചാമ്പ്യന്മാരായ ജര്‍മനിയും സഞ്ചരിച്ചത് അതേ വഴിയിലൂടെയായിരുന്നു. ഈ ലോകകപ്പിന് മുമ്പ് പരിക്കുകള്‍ നിരന്തരമായി അലട്ടിയപ്പോള്‍ ഫ്രാന്‍സും ആ ദുരന്തത്തിലേക്കാണ് സഞ്ചരിക്കുന്നതെന്ന് പലരും കരുതി. പക്ഷെ ദീദിയര്‍ ദെഷോം എന്ന കോച്ചിന്റെ പ്രചോദനവും പ്രതിഭകളുടെ അക്ഷയഖനിയും ആ ചതിക്കുഴിയില്‍ വീഴാതിരിക്കാന്‍ അവരെ സഹായിച്ചു.
കഴിഞ്ഞ അഞ്ച് ലോകകപ്പുകളില്‍ നാലിലും നിലവിലെ ചാമ്പ്യന്മാര്‍ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. 2002 ല്‍ ഫ്രാന്‍സ് തന്നെ തുടങ്ങിവെച്ചതാണ് ഇത്. ഒടുവില്‍ ചരിത്രത്തുമ്പത്താണ് അവര്‍. തുടര്‍ച്ചയായി ലോകകപ്പ് നേടാന്‍ ബ്രസീലിനും (1958, 1962) ഇറ്റലിക്കും (1934, 1938) മാത്രമേ സാധിച്ചിട്ടുള്ളൂ. 1998 ല്‍ ബ്രസീലിനു ശേഷം ഒരു ചാമ്പ്യന്മാരും അടുത്ത ലോകകപ്പില്‍ ഫൈനലില്‍ പോലുമെത്തിയിട്ടില്ല.
2018 ലെ ഫൈനലില്‍ പ്ലേയിംഗ് ഇലവനിലുണ്ടായിരുന്ന അഞ്ചു പേര്‍ ലുസൈലിലും ബൂട്ടണിയും. ഗോള്‍കീപ്പര്‍ ഹ്യൂഗൊ ലോറീസ്, ആന്റോയ്ന്‍ ഗ്രീസ്മാന്‍, ഒലീവിയര്‍ ജിരൂ തുടങ്ങിയവര്‍. ഒറേലിയന്‍ ചൂമേനി, കോളൊ മുവാനി തുടങ്ങി നിരവധി യുവ കളിക്കാര്‍ ഖത്തറില്‍ അവസരത്തിനൊത്തുയര്‍ന്നു. അവസാന ഏഴ് ലോകകപ്പുകളില്‍ നാലാം തവണയാണ് അവര്‍ ഫൈനല്‍ കളിക്കുക. പതഞ്ഞുയരുകയാണ് ഫ്രഞ്ച് വീര്യം.