Sorry, you need to enable JavaScript to visit this website.

ഒരു കലാശക്കളി, ഒരുപാട് ചോദ്യങ്ങള്‍

ലോകകപ്പ് ഫൈനല്‍
അര്‍ജന്റീന-ഫ്ര്ാന്‍സ്
വൈകു: 6.00

ദോഹ - ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ താരങ്ങളുടെ സ്വപ്‌നമായ ആ സ്വര്‍ണക്കപ്പില്‍ ഏത്് എമ്മാണ് പതിയുക, മെസ്സിയുടെയോ എംബാപ്പെയുടെയോ? ഖത്തറിന്റെ മാനത്ത് ഏത് നീലപ്പതാകയാണുയരുക, അര്‍ജന്റീനയുടെയോ ഫ്രാന്‍സിന്റെയോ? പെലെയോടൊപ്പമെത്താനാണ് എംബാപ്പെ കളത്തിലിറങ്ങുക, ഇത്ര ചെറുപ്രായത്തില്‍ രണ്ട് ലോകകപ്പ് നേടാന്‍ പെലെക്കു മാത്രമേ സാധിച്ചിട്ടുള്ളൂ. ഡിയേഗൊ മറഡോണക്ക് അര്‍ജന്റീന പതിച്ചുനല്‍കിയ താരസിംഹാസനത്തില്‍ ഒരു പങ്കു തേടുകയാണ് ലിയണല്‍ മെസ്സി. ആര് ജയിച്ചാലും ഇത് മൂന്നാമത്തെ ലോകകപ്പായിരിക്കും. 1998 ലും 2018 ലുമാണ് ഫ്രാന്‍സ് മുമ്പ് ചാമ്പ്യന്മാരായത്. 1978 ലും 1986 ലുമാണ് അര്‍ജന്റീന കപ്പുയര്‍ത്തിയത്. ഒരിക്കല്‍കൂടി യൂറോപ്പ് ലോകകപ്പ് കൊണ്ടുപോവുമോ? 2002 നു ശേഷം നാലു ലോകകപ്പുകള്‍ അവര്‍ കുത്തകയാക്കി. ലാറ്റിനമേരിക്കയുടെ പ്രതാപം വീണ്ടെടുക്കാന്‍ അര്‍ജന്റീനക്ക് കഴിയുമോ? സ്വന്തം ഭൂഖണ്ഡത്തിന് പുറത്ത് ലോകകപ്പ് നേടാന്‍ ഇതുവരെ ബ്രസീലിനും (1958, സ്വീഡന്‍, 2002, തെക്കന്‍ കൊറിയ) ജര്‍മനിക്കും (2014 ബ്രസീല്‍) സ്‌പെയിനിനും (2010 ദക്ഷിണാഫ്രിക്ക) മാത്രമേ സാധിച്ചിട്ടുള്ളൂ. ആ പദവിയിലേക്കുയരാന്‍ അര്‍ജന്റീനക്ക് കഴിയുമോ? 90 മിനിറ്റ് കളി ബാക്കിയുണ്ട് ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്താന്‍.  

മെസ്സിയുടെ നിമിഷമോ?
എക്കാലത്തെയും മികച്ച കളിക്കാരന്‍ മെസ്സിയാണോ? മെസ്സി ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും ആ ചോദ്യത്തിന് അന്തിമമായ ഉത്തരം ലഭിക്കില്ല. പഴയകാല ഫുട്‌ബോള്‍ ആരാധകര്‍ പെലെയും മറഡോണയെയും ചൂണ്ടിക്കാണിക്കും. കാരണം അവര്‍ കളിയിലെ ഏറ്റവും വലിയ ബഹുമതിയായ ലോകകപ്പ് നേടിയിട്ടുണ്ട്. ആ പദവിയിലേക്കുയരണമെങ്കില്‍ മെസ്സി ലോകകപ്പ് നേടിയേ തീരൂ. പെലെയുടെയും മറഡോണയുടെയും തൊട്ടുപിന്നിലെങ്കിലുമെത്തണമെങ്കില്‍ മെസ്സി ലോക ചാമ്പ്യനാവണം. 
മെസ്സിയോ മറഡോണയോ എന്ന ചോദ്യം അര്‍ജന്റീനക്കാരെ എപ്പോഴും കുഴക്കും. മറഡോണ 1986 ല്‍ നിര്‍വഹിച്ചതു പോലുള്ള ദൗത്യമാണ് ഈ ലോകകപ്പില്‍ മെസ്സി കാഴ്ചവെക്കുന്നത്. അതുല്യമായ മികവും ്അസാധ്യമായ പോരാട്ടവീര്യവും. 
മെസ്സിക്ക് ഇത് രണ്ടാമത്തെ ലോകകപ്പ് ഫൈനലാണ്. 2014 ല്‍ ജര്‍മനിയോട് എക്‌സ്ട്രാ ടൈമിലാണ് അര്‍ജന്റീന തോറ്റത്. അന്ന് മെസ്സിയെ നിശ്ശബ്ദനാക്കി നിര്‍ത്താന്‍ ജര്‍മനിക്കു സാധിച്ചിരുന്നു. ഒരവസരം മാത്രമാണ് മെസ്സിക്കു ലഭിച്ചത്, രണ്ടാം പകുതിയില്‍. അത് മെസ്സി പുറത്തേക്കടിച്ചു തുലച്ചു. രണ്ടാമത്തെയും അവസാനത്തെയും അവസരം മെസ്സിക്ക് മുതലാക്കാനാവുമോ? 

എംബാപ്പെ ഡബ്ള്‍?
ക്ലബ്ബ് തലത്തില്‍ ഏറ്റവും വലിയ കിരീടമായ ചാമ്പ്യന്‍സ് ലീഗ് നേടാന്‍ ഇതുവരെ എംബാപ്പെക്ക് സാധിച്ചിട്ടില്ല. എന്നാല്‍ രാജ്യാന്തര ഫുട്‌ബോളില്‍ കൊടുങ്കാറ്റാണ് എംബാപ്പെ. ഇരുപത്തിമൂന്നാം വയസ്സില്‍ ഇരട്ട ലോകകപ്പ് നേടുകയെന്ന അപൂര്‍വ നേട്ടത്തിനടുത്താണ് എംബാപ്പെ. തന്റെ ആദ്യ രണ്ട് ലോകകപ്പുകളിലും കിരീടം നേടാന്‍ പെലെക്കു മാത്രമേ സാധിച്ചിട്ടുള്ളൂ -അതാവര്‍ത്തിക്കാന്‍ എംബാപ്പെക്കു കിട്ടുന്ന ആദ്യത്തെയും അവസാനത്തെയും അവസരമാണ് ഇത്. രണ്ട് ലോകകപ്പിലും ടീമിന്റെ സൂപ്പര്‍താരമായ പെലെയോടൊപ്പമെത്താനും എംബാപ്പെക്ക് സാധിക്കും. 
മെസ്സിയും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും അടക്കിഭരിച്ച കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനു ശേഷം യുവ കളിക്കാരുടെ തരംഗത്തിനാണ് എംബാപ്പെ നേതൃത്വം നല്‍കുന്നത്. ഫ്രാന്‍സ് കിരീടം നേടുകയാണെങ്കില്‍ ഇത് അക്ഷരാര്‍ഥത്തില്‍ ബാറ്റണ്‍ കൈമാറലായിരിക്കും. മുപ്പത്തഞ്ചുകാരനായ മെസ്സി ചരിത്രത്തിലേക്ക് മറയും. നെയ്മാറും ക്രിസ്റ്റ്യാനോയും കണ്ണീരോടെ വിടവാങ്ങിക്കഴിഞ്ഞു. 

മൂന്നാം കിരീടം
ആര് കിരീടം നേടിയാലും അവര്‍ കിരീടനേട്ടത്തില്‍ നാലാം സ്ഥാനത്തെത്തും. ബ്രസീല്‍ (5) ജര്‍മനി, ഇറ്റലി (4) ടീമുകള്‍ക്ക് പിന്നില്‍. ജര്‍മനിയുടെ നാല് കിരീടങ്ങളില്‍ മൂന്നും പശ്ചിമ ജര്‍മനി നേടിയതാണ് (1954, 1974, 1990). ഫ്രാന്‍സാണ് കിരീടം നേടുന്നതെങ്കില്‍ ഈ തലമുറയിലെ മികച്ച ടീമാവും അവര്‍, അവരുടെ അവസാന രണ്ട് കിരീടങ്ങള്‍ 1998 ലും 2018 ലുമാണ്. ഇരു ടീമുകളും ആദ്യം ലോകകപ്പ് നേടിയത് സ്വന്തം രാജ്യത്ത് ടൂര്‍ണമെന്റ് നടന്നപ്പോഴാണ്, അര്‍ജന്റീന 1978 ലും ഫ്രാന്‍സ് 1998 ലും. 

ദെഷോം ഹാട്രിക്?
1998 ല്‍ കളിക്കാരനെന്ന നിലയിലും 2018 ല്‍ കോച്ചെന്ന നിലയിലും ദീദിയര്‍ ദെഷോം കിരീടം നേടി. ബ്രസീലിന്റെ മാരിയൊ സഗാലൊ അഞ്ച് ലോകകപ്പുകളില്‍ പങ്കാളികളായി. 1958 ലും 1962 ലും കളിക്കാരനെന്ന നിലയില്‍ സഗാലൊ ചാമ്പ്യനായി. 1970 ല്‍ സഗാലോയുടെ കോച്ചിംഗില്‍ ബ്രസീല്‍ കിരീടം നേടി. 1994 ല്‍ ബ്രസീല്‍ ചാമ്പ്യന്മാരായപ്പോള്‍ സഗാലൊ അസിസ്റ്റന്റ് കോച്ചായിരുന്നു. ജര്‍മനിയുടെ ഫ്രാന്‍സ് ബെക്കന്‍ബവറും കളിക്കാരനെന്ന നിലയിലും രണ്ടു തവണ കോച്ചെന്ന നിലയിലും കിരീടം നേടിയിരുന്നു. 
ദെഷോം പ്രായോഗികവാദിയാണ്. ത്രസിപ്പിക്കുന്ന ഫുട്‌ബോളിനെക്കാള്‍ പഴുതടച്ച കളിയാണ് ദെഷോമിന്റെ രീതി. നന്നായി പ്രതിരോധിക്കുന്ന ടീമാണ് ഇപ്പോള്‍ ഫ്രാന്‍സ്. ഫിനിഷിംഗ് മികവിലും അവര്‍ ശ്രദ്ധ ചെലുത്തുന്നു. റഷ്യയില്‍ നാലു വര്‍ഷം മുമ്പ് ഫ്രാന്‍സിന്റെ ബോള്‍ പൊസഷന്‍ 48 ശതമാനമായിരുന്നു. ശരാശരി ഒരു കളിയില്‍ ആറ് ഷോട്ടുകള്‍ - ടൂര്‍ണമെന്റിലെ രണ്ടാമത്തെ ഏറ്റവും മോശം. പരിക്കുകള്‍ അലട്ടിയതോടെ ഖത്തറില്‍ മികച്ച ടീം ഫ്രാന്‍സായിരുന്നില്ല, പക്ഷെ ഏറ്റവും ഫലപ്രദമായ ടീമായിരുന്നു. 

ബൂട്ടിന് നാലു പേര്‍
ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടിന് നാല് കളിക്കാര്‍ക്ക് സാധ്യതയുണ്ട്. അഞ്ച് ഗോളുമായി മെസ്സിയും എംബാപ്പെയുമാണ് മുന്നില്‍. അര്‍ജന്റീനയുടെ യൂലിയന്‍ അല്‍വരേസും ഫ്രാന്‍സിന്റെ ഒലിവിയര്‍ ജിരൂവും നാലു ഗോളടിച്ചിട്ടുണ്ട്. ഒന്നിലേറെ കളിക്കാര്‍ ഒരേയെണ്ണം ഗോളടിച്ചാല്‍, കളിച്ച മത്സരങ്ങളുടെ ദൈര്‍ഘ്യമാണ് പരിഗണിക്കുക. അതും തുല്യമാണെങ്കില്‍ അസിറ്റുകളും കണക്കിലെടുക്കും. മെസ്സിക്ക് മൂന്ന് അസിസ്റ്റുണ്ട്. എംബാപ്പെക്ക് രണ്ടും. 2002 ല്‍ ബ്രസീലിന്റെ റൊണാള്‍ഡോക്കു ശേഷം ലോകകപ്പില്‍ ഒരു കളിക്കാരനും ആറിലേറെ ഗോളടിച്ചിട്ടില്ല. 


 

Latest News