കാസര്‍കോട്- പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത അഡ്വ. സികെ ശ്രീധരനെതിരെ കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുബം. സി കെ ശ്രീധരന്‍ തങ്ങളെ ചതിച്ചുവെന്നാണ് കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുബത്തിന്റെ ആരോപണം. വീട്ടിലെ ഒരംഗത്തെപോലെ നിന്ന് ഫയലുകളെല്ലാം പരിശോധിച്ചു. ഗൂഢാലോചനയിലും തെളിവ് നശിപ്പിക്കുന്നതിലും സി കെ ശ്രീധരന്റെ പങ്ക് കൂടി അന്വേഷിക്കണമെന്ന് സിബിഐയോട് ആവശ്യപ്പെടുമെന്നും ഇരുവരുടെയും കുടുംബം പറഞ്ഞു.
പെരിയ ഇരട്ടക്കൊലക്കേസില്‍ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പടെയുള്ള ഒന്‍പത് പ്രതികള്‍ക്ക് വേണ്ടിയാണ് അഡ്വ. സികെ ശ്രീധരന്‍ വക്കാലത്ത് ഏറ്റെടുത്തത്. കോണ്‍ഗ്രസ് നേതാവായിരുന്ന അഡ്വ. സികെ ശ്രീധരന്‍ ഈയിടെയാണ് സിപിഎമ്മില്‍ ചേര്‍ന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും രാഷ്ട്രീയ വൈരാഗ്യം മൂലം സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. ഈ കേസിലാണ് മുന്‍ കോണ്‍ഗ്രസ് നേതാവും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ സി കെ ശ്രീധരന്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്.
ഒന്നാം പ്രതി പീതാംബര്‍, രണ്ട് മുതല്‍ നാല് വരെയുള്ള പ്രതികളായ സജി ജോര്‍ജ്, കെഎം സുരേഷ്, കെ അനില്‍കുമാര്‍, പതിമൂന്നാം പ്രതി ബാലകൃഷ്ണന്‍, പതിനാലാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.മണികണ്ഠന്‍, ഇരുപതാം പ്രതി മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, 22 ഉം 23 ഉം പ്രതികളായ രാഘവന്‍ വെളുത്തോളി, കെ.വി ഭാസ്‌ക്കരന്‍ എന്നിവര്‍ക്ക് വേണ്ടിയാണ് സികെ ശ്രീധരന്‍ വാദിക്കുക.കൊച്ചി സിബിഐ സ്പെഷ്യല്‍ കോടതിയില്‍ ഹാജരായി ഇദ്ദേഹം വക്കാലത്ത് ഏറ്റെടുത്തു. കൊല നടന്നതിന് പിന്നാലെ പീതാംബരനെ പുറത്താക്കിയെന്ന് സിപിഎം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി നേതൃത്വം മുന്‍കൈ എടുത്താണ് അഡ്വ. സികെ ശ്രീധനെ പീതാംബരന് വേണ്ടി ഏര്‍പ്പാടാക്കിയത്. ഫെബ്രുവരി രണ്ടി സിബിഐ സ്പെഷ്യല്‍ കോടതിയില്‍ വിചാരണ ആരംഭിക്കും. 2019 ഫെബ്രുവരി 17 നാണ് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. 24 പ്രതികളാണ് കേസിലുള്ളത്.