തിരുവനന്തപുരം- ജി.എസ്.ടി കുടിശിക കിട്ടാത്തതാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വാദം പൊളിയുന്നു. കേന്ദ്രം ജി.എസ്.ടി കുടിശ്ശിക നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ വികസനം മുരടിക്കുന്നു എന്നാണ് ധനമന്ത്രി വാദിച്ചത്. സംസ്ഥാനത്തിന് നല്‍കാനുള്ള ജി.എസ്.ടി കുടിശ്ശിക സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കൃത്യമായി കണക്ക് വെളിപ്പെടുത്തിയതോടെ ഈ വാദം ശരിയല്ലെന്ന് തെളിയുകയാണ്.
സംസ്ഥാനത്തിന് ഇനി 780 കോടി രൂപയുടെ ജി.എസ്.ടി കുടിശ്ശിക മാത്രമാണ് നല്‍കാനുള്ളതെന്ന് ശശി തരൂരിന്റെ ചോദ്യത്തിന് കേന്ദ്രമന്ത്രി മറുപടി നല്‍കി. ഓഡിറ്റ് റിപ്പോര്‍ട്ട് ഹാജരാക്കിയാല്‍ ഇതും നല്‍കാമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒക്‌ടോബറില്‍ നടന്ന നിയമസഭാ സമ്മേളനത്തില്‍ മന്ത്രി ബാലഗോപാല്‍ പറഞ്ഞത് 4,466 കോടി രൂപ ജി.എസ്.ടി നഷ്ടപരിഹാരമായി കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുണ്ടെന്നാണ്. കഴിഞ്ഞ മാസം 14 ന് കേന്ദ്രമന്ത്രിക്കു നേരിട്ടു കൈമാറിയ കത്തില്‍ 1,548 കോടി ലഭിക്കാനുണ്ടെന്നും.
കേന്ദ്രമന്ത്രി കണക്ക് വ്യക്തമാക്കിയതോടെ 780 കോടി രൂപയാണ് കിട്ടാനുള്ളതെന്നും രക്ഷപ്പെടാന്‍ മറ്റ് കണക്കുകളുമായി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി രംഗത്ത് വരികയായിരുന്നു.
പ്രതിവര്‍ഷം 12,000 കോടി രൂപയുടെ കുറവാണ് ജി.എസ്.ടി നഷ്ടപരിഹാരം അവസാനിപ്പിച്ചതോടെ കേരളത്തിനുണ്ടായതെന്ന് ബാലഗോപാല്‍ പറയുന്നു. കേന്ദ്രസര്‍ക്കാരുമായുള്ള കരാര്‍ അനുസരിച്ച് കഴിഞ്ഞ അഞ്ചു വര്‍ഷമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കി വന്നിരുന്ന ജി.എസ്.ടി നഷ്ടപരിഹാരം 2022 ജൂണില്‍ അവസാനിച്ചു. ജി.എസ.്ടി നടപ്പിലാക്കിയതോടുകൂടി സംസ്ഥാനങ്ങളുടെ വരുമാനത്തിലുണ്ടായ നഷ്ടം പരിഹരിക്കുന്നതിനാണ് നഷ്ടപരിഹാരം നല്‍കിപ്പോന്നത്.
കോവിഡ് കാലത്ത് ജി.എസ്.ടിയില്‍ വന്‍ ഇടിവ് സംഭവിച്ചു. ജി.എസ്.ടി വരുമാനം ഉണ്ടായില്ല. പകരം കോവിഡുമായി ബന്ധപ്പെട്ട് പ്രത്യേക പാക്കേജില്‍ കേരളത്തിനും ഗ്രാന്റ് കൃത്യമായി നല്‍കി. മന്ത്രി പറയുന്നത് മുന്‍വര്‍ഷങ്ങളിലെ ശരാശരി കണക്ക് എടുത്ത് കോവിഡ് കാലത്തെ ജി.എസ്.ടി നല്‍കണമെന്നാണ്. ഇത് നല്‍കാനാകില്ല. അതിനാല്‍ മന്ത്രി പറയുന്ന 12,000 കോടി ഇനി ലഭിക്കില്ല. വ്യാപാരത്തില്‍ വര്‍ധനവ് ഉണ്ടായാല്‍ മാത്രമെ ജി.എസ്.ടി വഴിയുള്ള വരുമാനം വര്‍ധിക്കൂ. മറ്റ് സംസ്ഥാനങ്ങളില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന നിരവധി കമ്പനികള്‍ ഉള്ളതിനാല്‍ ജി.എസ്.ടി വരുമാനത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാകുന്നു. കേരളത്തിലാകട്ടെ കമ്പനികള്‍ തീരെ കുറവും. വില്‍പ്പനയ്ക്കായി എത്തിക്കുന്ന ഉല്‍പ്പന്നങ്ങളില്‍നിന്നും ലഭിക്കുന്ന ജി.എസ്.ടി.യുടെ വരുമാനമാണ് സംസ്ഥാനത്തിന്റെ കൂടുതല്‍ ആശ്രയം.
ഇന്ത്യയില്‍ സാമ്പത്തികമായി വരുമാനം കുറവുള്ള 14 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരുന്ന റവന്യൂ ഡെഫിസിറ്റ് ഗ്രാന്റില്‍ ഈ വര്‍ഷം ഏകദേശം 6700 കോടി രൂപ കുറവ് വന്നിട്ടുണ്ടെന്ന് മന്ത്രി പറയുന്നു. എന്നാല്‍ 1190 കോടി രൂപ വച്ച് കേന്ദ്ര സര്‍ക്കാര്‍ ഇത് കൃത്യമായി നല്‍കുന്നുണ്ട്. ഇതിന്റെ പൂര്‍ണമായ കണക്ക് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമേ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ.
ബജറ്റിന് പുറത്തുനിന്നും ധനം സമാഹരിച്ച് പ്രവര്‍ത്തിക്കുന്ന കിഫ്ബി, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ബോര്‍ഡ് എന്നിവയുടെ ബാധ്യതകളും പൊതുകടത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയതോടെ 12,500 കോടി രൂപയുടെ അര്‍ഹമായ കടവും സംസ്ഥാനത്തിന് നിഷേധിക്കപ്പെട്ടുവെന്നു മന്ത്രി ബാലഗോപാല്‍ പറയുന്നു. എന്നാല്‍ പെട്രോള്‍ ഉള്‍പ്പെടെയുള്ള നികുതിയിലെ ഒരു ഭാഗം കിഫ്ബിയിലേക്ക് സംസ്ഥാനം മാറ്റുന്നു. അതിനാല്‍ ബജറ്റിന് പുറത്ത് നിന്നും കിഫ്ബിയിലേക്ക് ധനം സമാഹരിക്കുമെന്ന് പറയുന്ന വാദം നില നില്‍ക്കില്ല. സംസ്ഥാനത്തെ സാമ്പത്തിക കെടുകാര്യസ്ഥതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് വിദഗ്ധരുടെയും അഭിപ്രായം.