ദോഹ - ലോകകപ്പ് ഫൈനലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഫ്രഞ്ച് ടീമില്‍ പനി പടരുന്നു. ഡിഫന്റര്‍മാരായ റഫായേല്‍ വരാന്‍, ഇബ്രാഹിം കോനാടെ ഉള്‍പ്പെടെ അഞ്ചു പേര്‍ വെള്ളിയാഴ്ച പരിശീലനത്തില്‍ നിന്ന് വിട്ടുനിന്നു. മൊറോക്കോക്കെതിരായ സെമി ഫൈനലില്‍ അഡ്രിയന്‍ റാബിയോ, ദയോട് ഉപമെകാനൊ തുടങ്ങിയവര്‍ കളിച്ചിരുന്നില്ല. റിസര്‍വ് വിംഗര്‍ കിംഗസലി കൂമനും പനിയാണ്. ഉപമെകാനോയും റാബിയോയും പരിശീലനത്തില്‍ ചേര്‍ന്നു. എന്നാല്‍ കൂമന്‍ വിശ്രമത്തിലാണ്. തിയൊ ഹെര്‍ണാണ്ടസ്, ഒറേലിയന്‍ ചൂമേനി എന്നിവര്‍ക്കും പനി ബാധിച്ചു.
എന്നാല്‍ ആശങ്കപ്പെടാനില്ലെന്നും കളിക്കാര്‍ക്ക് നേരിയ തലവേദനയും വയറ് വേദനയും മാത്രമേ അനുഭവപ്പെടുന്നുള്ളൂ എന്നും ഉസ്മാന്‍ ദെംബെലെ അറിയിച്ചു. കളിക്കാര്‍ അതീവ ജാഗ്രത പാലിക്കുകയാണെന്നും അസുഖമുള്ളവരെ പ്രത്യേകമായി പാര്‍പ്പിച്ചിരിക്കുകയാണെന്നും കോളൊ മുവാനി വെളിപ്പെടുത്തി.
മറുപടിയില്ലാത്ത രണ്ടു ഗോളിന് മൊറോക്കോയെ കീഴടക്കിയാണ് നിലവിലെ ചാമ്പ്യന്മാര്‍ ഫൈനലിന് ടിക്കറ്റ് ബുക്ക് ചെയ്തത്. അഞ്ചാം മിനിറ്റില്‍ തിയൊ ഹെര്‍ണാണ്ടസും രണ്ടാം പകുതിയില്‍ മൊറോക്കൊ മറുപടി ഗോളിനായി സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെ പകരക്കാരന്‍ കോളൊ മുവാനിയുമാണ് ഫ്രാന്‍സിന്റെ ഗോളടിച്ചത്. അവസാന മിനിറ്റില്‍ ഒരു ഗോളെങ്കിലും തിരിച്ചടിക്കാന്‍ മൊറോക്കൊ ഇരമ്പിക്കയറിയെങ്കിലും ഫലം കണ്ടില്ല. ഞായറാഴ്ച ലിയണല്‍ മെസ്സിയുടെ അര്‍ജന്റീനയുമായി ഫ്രാന്‍സ് ഫൈനല്‍ കളിക്കും. തുടര്‍ച്ചയായി രണ്ടു തവണ കിരീടം നേടാനുള്ള അപൂര്‍വ അവസരമാണ് ഫ്രാന്‍സിന് ഒരുങ്ങുന്നത്. 1962 ല്‍ പെലെയുടെ ബ്രസീലാണ് അവസാനം ഈ നേട്ടം കൈവരിച്ചത്.
കീലിയന്‍ എംബാപ്പെയെ ശാന്തനാക്കി നിര്‍ത്തിയെങ്കിലും ഫ്രാന്‍സ് വിജയത്തിനായി മറ്റു വഴികള്‍ കണ്ടെത്തി. അറബ്, ആഫ്രിക്കന്‍ ജനതയുടെ പിന്തുണയോടെ പൊരുതുന്ന മൊറോക്കോക്കെതിരെ പലപ്പോഴും പരുങ്ങിയെങ്കിലും പിടിച്ചുനില്‍ക്കാനുള്ള കരുത്തുണ്ടായിരുന്നു അവര്‍ക്ക്. കിക്കോഫില്‍ നിന്ന് ആക്രമിച്ചു കയറി ഫ്രാന്‍സ് തിയൊ ഹെര്‍ണാണ്ടസിലൂടെ അഞ്ചാം മിനിറ്റിലാണ് ലീഡ് നേടിയത്.
വലതു വിംഗിലൂടെ കുതിച്ച് ബോക്‌സില്‍ കയറിയ ആന്റോയ്ന്‍ ഗ്രീസ്മാനാണ് അപകടം വിതച്ചത്. ഒലീവിയര്‍ ജിരൂ എടുത്ത ആദ്യ ഷോട്ട് ബോക്‌സിലെ മൊറോക്കന്‍ മതിലില്‍ തട്ടിത്തടഞ്ഞെങ്കിലും റീബൗണ്ട് ലെഫ്റ്റ്ബാക്ക് തിയൊ ഹെര്‍ണാണ്ടസ് സാഹസിക ശ്രമത്തിലൂടെ വലയിലെത്തിച്ചു. ഈ ലോകകപ്പില്‍ ആദ്യമായാണ് യാസീന്‍ ബൂനൂ കാവല്‍ നില്‍ക്കുന്ന മൊറോക്കന്‍ വലയില്‍ എതിര്‍ ടീമിന് പന്തെത്തിക്കാനാവുന്നത്.
ഗോള്‍ വീണതോടെ മൊറോക്കൊ കയറിക്കളിച്ചു. ഊനാഹിയുടെ ഷോട്ട് ഗോളി ഹ്യൂഗൊ ലോറീസ് മുഴുനീളം ചാടി രക്ഷപ്പെടുത്തി. മറുവശത്ത് ജിരൂവിന്റെ ഷോട്ട് മൊറോക്കോ പോസ്റ്റിനെ ഉലച്ചു. ഫ്രാന്‍സ് ആധിപത്യം തുടര്‍ന്നെങ്കിലും മൊറോക്കോയും ഏതു നിമിഷവും ഗോളടിക്കുമെന്നു തോന്നി. മിന്നലാക്രമണത്തില്‍ ബോക്‌സില്‍ കയറിയ കീലിയന്‍ എംബാപ്പെ ഗോളടിയെ കീഴടക്കിയെങ്കിലും ഗോള്‍ലൈനില്‍ ഡിഫന്റര്‍ മൊറോക്കോയുടെ രക്ഷകനായി. റീബൗണ്ടില്‍ ജിരൂവിനും ലക്ഷ്യം കാണാനായില്ല. മറുവശത്ത് കോര്‍ണര്‍ കിക്കില്‍ നിന്ന് അന്നസീരിയുടെ ബൈസികിള്‍ കിക്ക് ഫ്രഞ്ച് പോസ്റ്റിനെ വിറപ്പിച്ചു.