ദോഹ - ഫൈനല്‍ വിസില്‍ മുഴങ്ങുന്നതിന് എത്രയോ മുമ്പെ ക്രൊയേഷ്യയുടെ സുവര്‍ണ തലമുറ വിടവാങ്ങല്‍ ഉറപ്പിച്ചിരുന്നു. ഈ രാത്രി അവര്‍ പരാജിതരാണ്. പക്ഷെ ലൂക്ക മോദ്‌റിച്ചിനെയും കൂട്ടരെയും ഫുട്‌ബോള്‍ ലോകം മറക്കില്ല. 40 ലക്ഷം പേര്‍ മാത്രം അധിവസിക്കുന്ന രാജ്യത്തിന്റെ ചുവപ്പും വെള്ളയും ജഴ്‌സി ഫുട്‌ബോളിന്റെ ചരിത്രത്താളുകളില്‍ വരച്ചു ചേര്‍ത്താണ് അവര്‍ വിടപറയുന്നത്.
മോദ്‌റിച്ചിന് ഇനിയൊരു ലോകകപ്പ് ഉണ്ടാവില്ല. രണ്ടാം പകുതി എണ്ണിത്തീരും മുമ്പെ മോദ്‌റിച് കളം വിട്ടു, ഗാലറി മുഴുവന്‍ ആ പ്രതിഭയെ ആദരിച്ചു. മോദ്‌റിച്ചിനെ പോലൊരു മഹാദ്ഭുതത്തെ അംഗീകരിക്കാന്‍ അവര്‍ക്ക് അറച്ചുനില്‍ക്കേണ്ടി വന്നില്ല.
കഴിഞ്ഞ ലോകകപ്പില്‍ ഫൈനലിലെത്തിയിരുന്നുവെങ്കിലും ഇത്തവണ ക്രൊയേഷ്യ അധികം ദൂരം താണ്ടുമെന്ന് ആരും കരുതിയിരുന്നില്ല. പ്രത്യേകിച്ച് അവരുടെ വഴിയില്‍ ബ്രസീലിന്റെ പ്രതിബന്ധം ഉറപ്പായിരുന്നു. മൊറോക്കോക്കെതിരായ ആദ്യ കളിയില്‍ ഗോള്‍രഹിത സമനില സമ്മതിച്ചപ്പോള്‍ അവര്‍ ഗ്രൂപ്പ് ഘട്ടം കടക്കുമോയെന്നു തന്നെ സംശയിച്ചവരേറെ. പക്ഷെ പുറത്തായി എന്നു കരുതിയ ഓരോ ഘട്ടത്തിലും അവര്‍ തിരിച്ചുവന്നു. ഒരല്‍പം ഭാഗ്യവും അവര്‍ക്ക് കൂട്ടിന് നിന്നു. ബെല്‍ജിയത്തിനെതിരായ ഗോള്‍രഹിത സമനിലയില്‍ റൊമേലു ലുകാകുവിന് കിട്ടിയ അസംഖ്യം അവസരങ്ങളില്‍ ഒന്നെങ്കിലും ഗോളായെങ്കില്‍ ക്രൊയേഷ്യയുടെ മുന്നേറ്റം അവിടെ അവസാനിച്ചേനേ. അത്ര ആകര്‍ഷകമായൊന്നുമല്ല അവര്‍ കളിച്ചത്. 90 മിനിറ്റില്‍ ജയിക്കാന്‍ സാധിച്ചത് ഒരേയൊരു കളിയാണ് -കാനഡക്കതിരെ. ആ മത്സരത്തില്‍ പോലും 64ാം സെക്കന്റില് കാനഡ ഗോളടിച്ചു.
മോദ്‌റിച് ഉടനെയൊന്നും വിരമിക്കാനിടയില്ല. ചുരുങ്ങിയത് 2024 ലെ യൂറോ കപ്പ് വരെയെങ്കിലും മുപ്പത്തേഴുകാരന്‍ ഉണ്ടാവും. ഇവാന്‍ പെരിസിച്ചിനും ദേജാന്‍ ലോവ്‌റേനും മുപ്പത്തിമൂന്നായി. ആന്ദ്രെ ക്രാമരിച്ചിന് മുപ്പത്തൊന്നും. 2024 ല്‍ ഇവരൊക്കെ ബൂട്ടഴിച്ചേക്കുമെന്ന് കോച്ച് സ്ലാറ്റ്‌കൊ ദാലിച് പറയുന്നു. ദാലിച്ചിന്റെ കരാറും യൂറോ കപ്പ് വരെയാണ്. മോദ്‌റിച്ചിനെക്കാള്‍ ഒരു വയസ്സ് കുറവുള്ള മാരിയൊ മന്‍സൂകിച്ച് കോച്ചിംഗ് സ്റ്റാഫിലുണ്ട്. മന്‍സൂകിച്ചിന്റെ ഗോളാണ് 2018 ല്‍ ക്രൊയേഷ്യയെ സെമി കടത്തിയത്.
സെന്റര്‍ബാക്ക് ജോസ്‌കൊ ഗ്വാര്‍ദിയോളാണ് യുവതലമുറയിലെ ശ്രദ്ധിക്കപ്പെട്ട പ്രതിഭ. നിരവധി മുന്‍നിര ക്ലബ്ബുകള്‍ ഇരുപതുകാരന്റെ ഒപ്പിനായി ക്യൂ നില്‍ക്കും. മധ്യനിരയില്‍ ഇരുപത്തെട്ടുകാരന്‍ മാറ്റിയൊ കൊവാസിച്ചുണ്ടാവും മോദ്‌റിച്ചില്‍ നിന്ന് ബാറ്റണേറ്റെടുക്കാന്‍.