ലുസൈല്‍ - ലിയണല്‍ മെസ്സി എന്ന പ്രകാശഗോപുരം ജ്വലിച്ചു നില്‍ക്കെ മറ്റൊരു വെള്ളിവെളിച്ചമാവാന്‍ അധ്വാനം കുറച്ചൊന്നും പോരാ. ക്രൊയേഷ്യക്കെതിരായ ലോകകപ്പ് സെമി ഫൈനലില്‍ യൂലിയന്‍ അല്‍വരേസ് അദ്ഭുതമായത് അതുകൊണ്ടാണ്. ഏറ്റവുമധികം ലോകകപ്പ് മത്സരങ്ങള്‍ കളിച്ച ലോതര്‍ മത്തായൂസിന്റെ റെക്കോര്‍ഡിനൊപ്പം (25 കളികള്‍) മെസ്സി എത്തിയ രാവില്‍ അല്‍വരേസ് എന്ന ഇരുപത്തിരണ്ടുകാരന്‍ അത്ര തന്നെ തലയെടുപ്പോടെ നിന്നു. മെസ്സിയുടെ സഹായത്തോടെയാണെങ്കിലും.
അല്‍വരേസ് ഗോളിലേക്ക് കുതിക്കും വരെ സെമി ഫൈനലില്‍ കളി ക്രൊയേഷ്യയുടെ കൈയിലായിരുന്നു. അര്‍ജന്റീന പ്രതിരോധത്തില്‍ നിന്ന് കിട്ടിയ ലോംഗ്‌ബോളുമായി കുതിച്ച അല്‍വരേസിനെ ഗോളി ഡൊമിനിക് ലിവാകോവിച് വീഴ്ത്തി. മെസ്സി ആ പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചു. അഞ്ചു മിനിറ്റിനു ശേഷം അല്‍വരേസ് വീണ്ടും മധ്യവരയില്‍ നിന്ന് കുതിച്ചു. രണ്ടു ഡിഫന്റര്‍മാര്‍ പന്തടിച്ചകറ്റാന്‍ ശ്രമിച്ചെങ്കിലും അത് അല്‍വരേസിന്റെ വഴിയില്‍ തന്നെ വന്നു വീണു. രണ്ടാം ഗോള്‍ അര്‍ജന്റീനക്ക് സുരക്ഷിതത്വം നല്‍കി. എഴുപതാം മിനിറ്റില്‍ മെസ്സി മറ്റൊരു മാന്ത്രിക നിമിഷം സൃഷ്ടിച്ചപ്പോള്‍ പന്ത് സ്വീകരിക്കാനും വലയിലെത്തിക്കാനും വീണ്ടും അല്‍വരേസ് ഉണ്ടായിരുന്നു.
ഇരുപത്തിരണ്ടാം ജന്മദിനത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയ കളിക്കാരനാണ് അല്‍വരേസ്. അവിടെ പക്ഷെ എര്‍ലിംഗ് ഹാലാന്‍ഡ് എന്ന ഗോളടിവീരനുണ്ട്. 12 കളികളില്‍ മൂന്നു ഗോളടിക്കാനേ അല്‍വരേസിന് സാധിച്ചുള്ളൂ. ഖത്തറിലെത്തുമ്പോള്‍ റിസര്‍വ് പട്ടികയിലായിരുന്നു അല്‍വരേസ്. ലൗതാരൊ മാര്‍ടിനേസായിരുന്നു പ്ലേയിംഗ് ഇലവനില്‍. പക്ഷെ സൗദി അറേബ്യക്കെതിരായ അര്‍ജന്റീനയുടെ തോല്‍വി എല്ലാം തകിടം മറിച്ചു. മാര്‍ടിനേസ് റിസര്‍വ് ബെഞ്ചിലായി, അല്‍വരേസായി മെസ്സിയുടെ സ്‌ട്രൈക്ക്പാര്‍ട്ണര്‍. പോളണ്ടിനെതിരായ മൂന്നാം മത്സരത്തിലാണ് സ്റ്റാര്‍ടിംഗ് ഇലവനിലെത്തിയത്. ഗോളടിച്ച് അവസരം അല്‍വരേസ് ഇരുകൈയും നീ്ട്ടി സ്വീകരിച്ചു. ഓസ്‌ട്രേലിയക്കെതിരെ മറ്റൊരെണ്ണം കൂടി. ക്രൊയേഷ്യക്കെതിരെ രണ്ടു ഗോളടിച്ചപ്പോള്‍ മറ്റൊരു അതികായനൊപ്പമെത്തി. 1958 ല്‍ പെലെക്കു ശേഷം ലോകകപ്പിന്റെ സെമിയിലോ ഫൈനലിലോ ഇത്ര പ്രായം കുറഞ്ഞ കളിക്കാരന്‍ ഇരട്ട ഗോളടിച്ചിട്ടില്ല.
ആരായിരുന്നു സെമിയിലെ മാന്‍ ഓഫ് ദ മാച്ച്. ഫിഫ പതിവു പോലെ അത് മെസ്സിക്ക് സമ്മാനിച്ചു. അല്‍വരേസിന് അതില്‍ പരിഭവമില്ല. ആ കളി കണ്ടവരുടെ മനസ്സില്‍ അല്‍വരേസ് തന്നെ അതിന് അര്‍ഹന്‍.