ലോകകപ്പ് ഫൈനല്‍
ഞായര്‍ വൈകു: 6.00
ലുസൈല്‍ സ്റ്റേഡിയം
ദോഹ - എട്ടു വര്‍ഷം മുമ്പ് മാരക്കാനായില്‍ കപ്പിനും ചുണ്ടിനുമിടയില്‍ കൈവിട്ട അവസരം ലിയണല്‍ മെസ്സിയെ തേടി വീണ്ടുമെത്തിയിരിക്കുന്നു. ഞായറാഴ്ച ലുസൈല്‍ സ്റ്റേഡിയത്തില്‍ ആ സ്വപ്‌നസായൂജ്യത്തിലേക്ക് 90 മിനിറ്റ് ദൂരം കൂടി.
അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഫോക്‌ലോറില്‍ ഡിയേഗൊ മറഡോണയുടെ നിഴലിലായിരുന്നു എന്നും മെസ്സി. 1986 ല്‍ അര്‍ജന്റീനക്ക് ലോകകപ്പ് നേടിക്കൊടുത്ത മറഡോണയെ അവര്‍ക്കൊരിക്കലും മറക്കാനാവില്ല. ഞായറാഴ്ച ലുസൈലില്‍ കപ്പുയര്‍ത്തിയാല്‍ അംഗീകാരത്തിന്റെ ആ സ്വപ്‌നസിംഹാസനത്തില്‍ മെസ്സിക്കും ഒരു ഇടം ലഭിക്കും. 1986 ലെ ലോകകപ്പ് മറഡോണയുടെ നേട്ടങ്ങളുടെ ഹൈലൈറ്റ്‌സ് പോലെയാണ്. ഒന്നാന്തരം ഗോളുകള്‍, അസിസ്റ്റുകള്‍. 36 വര്‍ഷങ്ങള്‍ക്കു ശേഷം മെസ്സിയും സമാനമായ വഴിയിലൂടെ കടന്നുപോവുകയാണ്. എല്ലാം അംഗീകരിക്കപ്പെടണമെങ്കില്‍ ഞായറാഴ്ച ഒരു ജയം കൂടി വേണം.
മറഡോണയും മെസ്സിയും തമ്മില്‍ ഒരുപാട് സാമ്യങ്ങളുണ്ട് -ഉയരം, ഡ്രിബഌംഗ് മികവ്, ചടുല ചലനങ്ങള്‍, ഇടങ്കാലിന്റെ മാസ്മരികത. അതോടൊപ്പം ചേര്‍ത്തുവെക്കേണ്ടതാണ് നേതൃശേഷിയും പോരാട്ടവീര്യവും. മറഡോണയെ ഉള്ളിലാവാഹിച്ചാണ് മെസ്സി ഏറ്റവും വലിയ സമ്മാനത്തിലേക്ക് ചുവട് വെക്കുന്നതെന്ന് പറയുന്നത് മറഡോണക്കൊപ്പം 11986 ലെ ലോകകപ്പില്‍ കളിച്ച ജോര്‍ജെ വാല്‍ദാനോയാണ്. പോളണ്ടിനും ക്രൊയേഷ്യക്കുമെതിരായ മെസ്സിയുടെ രണ്ട് അസിസ്റ്റുകള്‍ താന്‍ സ്‌കോര്‍ ചെയ്ത ഒട്ടനവധി ഗോളുകളെക്കാള്‍ മനോഹരമായിരുന്നു.
ക്രൊയേഷ്യക്കെതിരായ മൂന്നാം ഗോള്‍ അതുല്യമായിരുന്നു. ക്രൊയേഷ്യന്‍ ഹാഫില്‍ ടച്ച് ലൈനിന് തൊട്ടടുത്താണ് മെസ്സി പന്ത് സ്വീകരിച്ചത്. വലതു വിംഗിലൂടെ ആ കുതിപ്പില്‍ മുപ്പത്തഞ്ചുകാരനായ മെസ്സിയെ ഉടനീളം പിന്തുടര്‍ന്നു ഇരുപതുകാരന്‍ ജോസ്‌കൊ ഗ്വാര്‍ദിയോള്‍. പലപ്പോഴും ജഴ്‌സി പിടിച്ചുവലിച്ചു. ചുമലൊന്ന് വെട്ടിച്ച് മെസ്സി മറുവശം തിരിഞ്ഞപ്പോള്‍ ഗ്വാര്‍ദിയോള്‍ എന്തു ചെയ്യണമെന്നറിയാതെ നിന്നു. പെനാല്‍ട്ടി ഏരിയയില്‍ കയറിയ മെസ്സി വലതു കാല്‍ കൊണ്ട് നല്‍കിയ പാസ് യൂലിയന്‍ അല്‍വരേസിന് തൊട്ടുകൊടുക്കേണ്ട പണിയേ ഉണ്ടായുള്ളൂ.
മത്സര ശേഷം അര്‍ജന്റീന റിപ്പോര്‍ട്ടര്‍മാര്‍ ചോദ്യം ചോദിക്കുകയായിരുന്നില്ല. ഫൈനലില്‍ എന്തു സംഭവിച്ചാലും, ലക്ഷണക്കണക്കിന് അര്‍ജന്റീനക്കാര്‍ക്ക് ആഹ്ലാദം പകര്‍ന്നതില്‍ മെസ്സിക്ക് നന്ദി പറയുകയായിരുന്നു. വിജയവും പരാജയവും മാത്രമല്ല, അത് നേടിയ വഴിയും ഇപ്പോള്‍ അര്‍ജന്റീനക്കാര്‍ അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് മെസ്സി മറുപടി നല്‍കി. പക്ഷെ ലോകകപ്പ് നേടിയാലേ പെലെയുടെയും മറഡോണയുടെയും ഉയരങ്ങൡലേക്ക് മെസ്സിയുടെ ആരോഹണം പൂര്‍ണമാവൂ. എല്ലാ സംശയമുനകളും എന്നാലേ ഒടുഞ്ഞുവീഴൂ.
സൗദി അറേബ്യയോട് ആദ്യ കളിയില്‍ തോറ്റ ശേഷം അഞ്ച് വിജയങ്ങളാണ് അര്‍ജന്റീന സ്വന്തമാക്കിയത്. ഓരോ വിജയവും അവര്‍ നൃത്തച്ചുവടുകളാല്‍ ആഘോഷിച്ചു. ഓരോ മത്സരവും ടീമിന് ഫൈനലായിരുന്നുവെന്ന് മെസ്സി പറഞ്ഞു. മറഡോണയുടെ ആശീര്‍വാദം ടീമിനു മേലെയുണ്ടെന്ന് അര്‍ജന്റീന ഉറച്ചു വിശ്വസിക്കുന്നു. ഫൈനല്‍ മെസ്സിയുടെ 172 ാം മത്സരമാണ്. ഒരു കളി കൂടി, 90 മിനിറ്റ് കൂടി... ഒരു കളിക്കാരന്റെ മൂല്യം ഇത്ര ചെറിയ ദൂരത്തില്‍ നിര്‍ണയിക്കപ്പെട്ടു കൂടാത്തതാണ്. പക്ഷെ ലോകകപ്പ്, ലോകകപ്പ് തന്നെയാണ്.