ലിസ്ബണ്‍ - പോര്‍ചുഗല്‍ ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ പുറത്തായതോടെ കോച്ച് ഫെര്‍ണാണ്ടൊ സാന്റോസ് പുറത്ത്. ജോസെ മൗറിഞ്ഞൊ പകരം ചുമതലയേല്‍ക്കുമെന്നാണ് സൂചന. ഇപ്പോള്‍ ഇറ്റാലിയന്‍ ലീഗില്‍ റോമയുടെ കോച്ചാണ് മൗറിഞ്ഞൊ. റോമയുടെ ചുമതല നിര്‍വഹിച്ചു കൊണ്ടു തന്നെ അമ്പത്തൊമ്പതുകാരന്‍ ദേശീയ ടീമിനെ പരിശീലിപ്പിക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. 2024 വരെ റോമയുമായി മൗറിഞ്ഞോക്ക് കരാറുണ്ട്. യൂറോ 2024 ന് യോഗ്യത നേടുകയാണ് പോര്‍ചുഗലിന്റെ പ്രഥമ ലക്ഷ്യം. മാര്‍ച്ചില്‍ യോഗ്യതാ റൗണ്ട് ആരംഭിക്കും.
മൊറോക്കോയോട് തോറ്റാണ് പോര്‍ചുഗല്‍ പുറത്തായത്. പ്രി ക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെ റിസര്‍വ് ബെഞ്ചിലിരുത്തിയത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
മൗറിഞ്ഞൊ ഒരു ദേശീയ ടീമിനെയും പരിശീലിപ്പിച്ചിട്ടില്ല. എന്നാല്‍ പോര്‍ടോയെയും ഇന്റര്‍ മിലാനെയും ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയിരുന്നു. രണ്ടു തവണ ചെല്‍സിയെയും ഓരോ തവണ റല്‍ മഡ്രീഡ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീമുകളെയും പരിശീലിപ്പിച്ചു. ചെല്‍സിക്ക് മൂന്നു തവണ പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുത്തു. രണ്ടു തവണ ഇന്ററിനെ ഇറ്റാലിയന്‍ ലീഗ് ചാമ്പ്യന്മാരാക്കി. റയലിനെ സ്പാനിഷ് ലീഗ് കിരീടത്തിലേക്ക് നയിച്ചു. പോര്‍ചുഗീസ് കോച്ചുമാരായ റൂയി ജോര്‍ജ് (അണ്ടര്‍-21 ടീം), ഏബല്‍ ഫെരേര (പാല്‍മീരാസ്), പൗളൊ ഫോന്‍സീക്ക (ലില്‍), റൂയി വിറ്റോറിയ (ഈജിപ്ത്), ജോര്‍ജെ ജെസൂസ് (ഫെനര്‍ബാച്ചെ) എന്നിവരും പരിഗണിക്കപ്പെടുന്നുണ്ട്.