കൊച്ചി- അര്‍ജന്റീന ടീം ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനലില്‍ എത്തിയാല്‍ കടലിനടയില്‍ ലയണല്‍ മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുന്ന വാക്കു പാലിച്ച് ലക്ഷദ്വീപ് കവരത്തിയിലെ അര്‍ജന്റീന ആരാധകന്‍ മുഹമ്മദ് സാദിഖ്. ഇനി മായാജാലക്കാരന്‍ പവിഴപുറ്റുകള്‍ക്കും വര്‍ണമത്സ്യങ്ങള്‍ക്കും ഇടെയിലെന്നു പറഞ്ഞുകൊണ്ടാണ് കടലിനടിയില്‍ കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നത്.
ക്രൊയേഷ്യയുമായുള്ള സെമി ഫൈനല്‍ നടക്കുന്നതിനു തൊട്ടു മുമ്പാണ് സാദിഖ് പ്രഖ്യാപനം നടത്തിയിരുന്നത്. കളിയില്‍ തന്റെ ഇഷ്ട ടീം ജയിച്ചാല്‍ ആഹ്ലാദ സൂചകമായി കടലിനടയിലും മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം. അറബിക്കടലിനടയില്‍ 15 മീറ്റര്‍ താഴ്ചയിലാണ് സാദിഖും സംഘവും ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയുടെ കട്ടൗട്ട് സ്ഥാപിച്ചത്. ആഴക്കടലിനു തൊട്ടു മുന്‍പുള്ള അദ്ഭുതമതില്‍ എന്നറിയപ്പെടുന്ന സ്ഥലത്തെ പവിഴപ്പുറ്റുകള്‍ക്കിടയില്‍ സ്‌കൂബാ ടീമിന്റെ സഹായത്തോടെയാണ് കട്ടൗട്ട് സ്ഥാപിച്ചത്.
കടലിനടയിലെ മെസ്സിയുടെ കട്ടൗട്ട് ചിത്രങ്ങളും വിഡിയോകളും ഇപ്പോള്‍ വൈറലാണ്. ലക്ഷദ്വീപിന്റെ അര്‍ജന്റീന സ്‌നേഹം ലോകമറിയട്ടെ എന്ന ലക്ഷ്യത്തോടു കൂടിയാണ് ഇങ്ങനെയൊരു സാഹസത്തിനു മുതിര്‍ന്നതെന്ന് സാദിഖ് പറയുന്നു. കവരത്തിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ കായികവിഭാഗത്തില്‍ ജീവനക്കാരനാണ് ലക്ഷദ്വീപില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും പങ്കുവെക്കാറുള്ള വ്‌ലോഗര്‍ കൂടിയായ സാദിഖ്.