ജിദ്ദ- കരീം ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് സൗദി അറേബ്യയിലെ ആദ്യ വനിതാ ക്യാപ്റ്റനെ നിയമിച്ചു. അടുത്ത മാസത്തോടെ സൗദിയില്‍ വനിതകളുടെ ഡ്രൈവിംഗ് അനുവദിക്കുന്ന പശ്ചാത്തലത്തിലാണ് കരീം ആദ്യ വനിതയെ സെലക്ട് ചെയ്തത്.
ഇനാം ഗാസി അല്‍ അസ്‌വദാണ് ആദ്യ കരീം ക്യാപ്റ്റിന. കരീം കാറില്‍ പുരുഷ ഡ്രൈവര്‍മാരെ ക്യാപ്റ്റനെന്നാണ് വിളിക്കാറുള്ളത്.
3000 വനിതകളാണ് കരീം ഓണ്‍ലൈന്‍ ടാക്‌സിയില്‍ ജോലിക്ക് ശ്രമിക്കുന്നത്. വനിതകള്‍ക്ക് ഡ്രൈവിംഗ് അനുവദിക്കുമെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇനാം ഗാസി കരീം സര്‍വീസുമായി ബന്ധപ്പെട്ടിരുന്നു. കരീം കമ്പനി ഇവര്‍ക്കാവശ്യമായ പരിശീലനം നല്‍കിക്കഴിഞ്ഞു.
43 കാരിയായ ഇനാം സ്വദേശമായ സിറിയയില്‍നിന്നാണ് ഡ്രൈവിംഗ് പഠിച്ചതും ലൈസന്‍സ് നേടിയതും. സൗദി അറേബ്യയിലെ നിയമപ്രകാരം പത്ത് മണിക്കൂര്‍ ഡ്രൈവിംഗ് പഠനം പൂര്‍ത്തിയാക്കി സൗദി ലൈസന്‍സ് നേടാനാകുമെന്നാണ് ഇനാം ഗാസിയുടെ പ്രതീക്ഷ.