നിലമ്പൂർ (മലപ്പുറം) - നൂറുക്കണക്കിനു ആധാർ കാർഡുകളും പി.എസ്.സി നിയമന അറിയിപ്പുകളും ഉൾപ്പടെ ഒട്ടേറെ സർക്കാർ രേഖകൾ അടങ്ങിയ അഞ്ച് ചാക്ക് തപാൽ ഉരുപ്പടികൾ ഉപേക്ഷിച്ച നിലയിൽ. എടക്കര പാലേമാട് പോസ്‌റ്റോഫീസിനു സമീപത്തെ കെട്ടിടത്തിലാണ് സംഭവം. പോസ്‌റ്റോഫീസിന്റെ എതിർവശത്തെ കെട്ടിടത്തിനു മുകളിലായി ചപ്പുചവറുകൾ നിക്ഷേപിക്കുന്ന സ്ഥലത്താണ് വിലമതിക്കാനാവാത്ത ഔദ്യോഗിക രേഖകൾ അടങ്ങിയ തപാൽ ഉരുപ്പടികൾ ഒഴിവാക്കിയ നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിന്റെ മുകൾ ഭാഗം വൃത്തിയാക്കാൻ പോയ ആൾ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരെത്തുകയും പോലീസിനെ വിളിക്കുകയുമായിരുന്നു.
തുടർന്ന് എടക്കര പോലീസെത്തി ഉപേക്ഷിച്ച ഉരുപ്പടികൾ സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. കഴിഞ്ഞ രണ്ടുവർഷത്തോളമായി വിലാസക്കാർക്കു നല്കാതെ ഒളിപ്പിച്ചു വച്ച ഉരുപ്പടികളാണിവയെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. പോസ്റ്റ് ഓഫീസ് കെട്ടിടം പൊളിക്കാൻ കെട്ടിട ഉടമ തീരുമാനിച്ചതിനെത്തുടർന്നാണ് ജീവനക്കാർ തപാൽ ഉരുപ്പടികൾ ഒഴിവാക്കാൻ നിർബന്ധിതമായതെന്നും സംസാരമുണ്ട്.
ആധാർ കാർഡുകൾ അവകാശികൾക്ക് വിതരണം ചെയ്യാതെയും പി.എസ്.സി പോലുള്ള വളരെ സുപ്രധാനമായ അറിയിപ്പുകൾ യഥാസമയം ഉദ്യോഗാർത്ഥികൾ അടക്കമുള്ളവർക്കും നല്കാതെയും കൊടും ക്രൂരതയും കൃത്യവിലോപവുമാണ് ഉണ്ടായതെന്നും പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി യാഥാർത്ഥ്യം പുറത്തുകൊണ്ടുവരണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.