Sorry, you need to enable JavaScript to visit this website.

അരങ്ങേറ്റ ടെസ്റ്റിൽ അയർലന്റ് പൊരുതിത്തോറ്റു

നല്ല തുടക്കം... അയർലന്റിന്റെ ആദ്യ ടെസ്റ്റ് മത്സരത്തിനു ശേഷം പാക്കിസ്ഥാൻ - അയർലന്റ് കളിക്കാർ കൈ കൊടുക്കുന്നു.
  • പാക്കിസ്ഥാന് അഞ്ച് വിക്കറ്റ് ജയം

ഡബ്ലിൻ- ടെസ്റ്റ് ക്രിക്കറ്റിലെ നവാഗതരായ അയർലന്റിന് അഭിമാനിക്കാവുന്ന തുടക്കം. അരങ്ങേറ്റ ടെസ്റ്റിൽ പാക്കിസ്ഥാനോട് അഞ്ച് വിക്കറ്റിന് തോറ്റെങ്കിലും, വീറുറ്റ പോരാട്ടം കാഴ്ചവെക്കാൻ അവർക്ക് കഴിഞ്ഞു. രണ്ടാമിന്നിംഗ്‌സിൽ മൂന്നിന് 14 എന്ന നിലയിൽ പതറിയ പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത് പുറത്താകാതെ 74 റൺസെടുത്ത നവാഗത ഓപ്പണർ ഇമാമുൽ ഹഖ്. ഒരു മത്സരം മാത്രമാണ് ടെസ്റ്റ് പര്യടനത്തിൽ ഉണ്ടായിരുന്നത്. 
സ്‌കോർ: പാക്കിസ്ഥാൻ 310/9 ഡിക്ല. അഞ്ചിന് 160. അയർലന്റ് 130, 339.
ആദ്യ ഇന്നിംഗ്‌സിൽ ബാറ്റിംഗ് തകർച്ച നേരിട്ട് ഫോളോ ഓൺ ചെയ്ത ആതിഥേയരെ ഉജ്വല സെഞ്ചുറിയോടെ കെവിൻ ഒബ്രിയനാണ് മത്സരത്തിലേക്ക് കൊണ്ടുവന്നത്. ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ 114 റൺസെടുത്ത ഒബ്രിയനും സ്റ്റുവർട്ട് തോംസണും (58) ചേർന്ന് ഇന്നിംഗ്‌സ് തോൽവി എന്ന നാണക്കേടിൽനിന്ന് അയർലന്റിനെ കരകയറ്റുകയും സന്ദർശകർക്കുമുന്നിൽ മോശമല്ലാത്തെ വെല്ലുവിളി ഉയർത്തുകയും ചെയ്തു. നാലാം ദിവസം കളി നിർത്തുമ്പൾ ഏഴിന് 319 എടുത്ത ആതിഥേയർ ഇന്നലെ 20 റൺസ് കൂടി കൂട്ടിച്ചേർത്താണ് ഓളൗട്ടായത്. 
തുടർന്ന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ അസ്ഹർ അലിയെ (2) പുറത്താക്കിയ ടിം മുർത്താഗ് മത്സരം ആന്റി ക്ലൈമാക്‌സിലേക്ക് നീങ്ങുകയാണെന്ന് തോന്നിപ്പിച്ചു. ഹാരിസ് സുഹൈൽ (7), ആസാദ് ഷഫീഖ് (1) എന്നിവർ കൂടി പുറത്തായതോടെ സന്ദർശകർ മൂന്നിന് 14 എന്ന നിലയിൽ പരാജയത്തിന് മുഖാമുഖം വന്നു. എന്നാൽ ബാബർ അസം (59) ഇമാമുൽ ഹഖിന് കൂട്ടായി വന്നതോടെ പാക്കിസ്ഥാൻ കരയറി. 126 റൺസിന്റെ ആ കൂട്ടുകെട്ടാണ് പാക്കിസ്ഥാനെ വലിയൊരു നാണക്കേടിൽനിന്ന് കര കയറ്റിയത്.

Latest News