കൊൽക്കത്ത- ബൗളർമാരുടെ മികവിൽ രാജസ്ഥാനെ ആറ് വിക്കറ്റിന് തകർത്ത് കൊൽക്കത്ത ഐ.പി.എൽ പ്ലേയോഫിലേക്ക് ഒരു ചുവടു കൂടി അടുത്തു. 20 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവും 13 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത ആന്ദ്രെ റസ്സലും ചേർന്ന് രാജസ്ഥാന്റെ ബാറ്റിംഗിനെ തകർത്തപ്പോൾ കൊൽക്കത്തക്ക് കാര്യങ്ങൾ എളുപ്പമായി. 19 ഓവറിൽ 142 റൺസിന് ഓളൗട്ടായ രാജസ്ഥാനെ മറികടക്കാൻ ഈഡൻ ഗാർഡൻസിൽ ആതിഥേയർക്ക് 18 ഓവറേ വേണ്ടിവന്നുള്ളൂ. ക്രിസ് ലിന്നും (42 പന്തിൽ 45), ക്യാപ്റ്റൻ ദിനേശ് കാർത്തിക്കും (31 പന്തിൽ 41 നോട്ടൗട്ട്) ചേർന്ന് അനായാസം വിജയം യാഥാർഥ്യമാക്കി.
ഈ വിജയത്തോടെ 13 കളികളിൽ 14 പോയന്റുമായി കൊൽക്കത്ത മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. 12 പോയന്റ് വീതമുള്ള പഞ്ചാബും രാജസ്ഥാനുമാണ് തൊട്ടുപിന്നിലുള്ളത്.
മികച്ച തുടക്കം കിട്ടിയ രാജസ്ഥാനെ കൊൽക്കത്ത ബൗളർമാരാണ് പരാജയത്തിലേക്ക് തള്ളിവിട്ടത്. ജോസ് ബട്ലറും (22 പന്തിൽ 39), രാഹുൽ ത്രിപാഠിയും (15 പന്തിൽ 27) ചേർന്ന് സന്ദർശകരെ കൂറ്റൻ സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിച്ചതാണ്. 4.5 ഓവറിൽ വിക്കറ്റ് പോകാതെ 63 ആയിരുന്നു അവർ. എന്നാൽ ത്രിപാഠിയെ റസ്സലിന്റെ പന്തിൽ വിക്കറ്റിന് പിന്നിൽ കാർത്തിക് പിടിച്ചതോടെ കളിയുടെ ഗതി മാറി. അധികം വൈകാതെ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയെയും (11 പന്തിൽ 12), ബട്ലറെയും കുൽദീപ് പുറത്താക്കി. സമ്മർദത്തിലായ രാജസ്ഥാനെ പിന്നീട് ശ്വാസം വിടാൻ കൊൽക്കത്ത ബൗളർമാർ അനുവദിച്ചില്ല. ജയ്ദേവ് ഉനദ്കത് (18 പന്തിൽ 26) ഒഴികെ പിന്നെ ആരും രണ്ടക്കം കണ്ടതുമില്ല.
വെടിക്കെട്ടോടെയായിരുന്നു കൊൽക്കത്ത ബാറ്റിംഗ് തുടങ്ങിയത്. ഏഴ് പന്തിൽ രണ്ട് ബൗണ്ടറികളും രണ്ട് സിക്സറുമടിച്ച സുനിൽ നാരായൻ രണ്ടാം ഓവറിൽ പുറത്തായതോടെ സ്കോറിംഗ് കുറഞ്ഞെങ്കിലും ആതിഥേയർ ഒരു ഘട്ടത്തിലും സമ്മർദത്തിലായില്ല.