റിയാദ് - കഴിഞ്ഞ കൊല്ലം നവംബര്‍ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാസം സൗദിയില്‍ പണപ്പെരുപ്പം 2.9 ശതമാനമായി ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. താമസ, ജല, വൈദ്യുതി, ഗ്യാസ്, ഇന്ധന നിരക്കുകള്‍ 4.7 ശതമാനം തോതിലും ഭവന വാടക 5.4 ശതമാനം തോതിലും ഫഌറ്റ് വാടക 15.7 ശതമാനം തോതിലും നവംബറില്‍ ഉയര്‍ന്നതാണ് പണപ്പെരുപ്പം 2.9 ശതമാനം തോതില്‍ ഉയരാന്‍ ഇടയാക്കിയത്.
ഭക്ഷ്യവസ്തുക്കളുടെയും പാനീയങ്ങളുടെയും വില 3.5 ശതമാനം തോതിലും നവംബറില്‍ ഉയര്‍ന്നു. ഇറച്ചി, കോഴിയിറച്ചി വില 4.5 ശതമാനവും ഭക്ഷ്യവസ്തുക്കളുടെ വില 3.6 ശതമാനം തോതിലും ഉയര്‍ന്നത് ഭക്ഷ്യവസ്തു, പാനീയ വിഭാഗത്തില്‍ നിരക്കുകള്‍ 3.5 ശതമാനം തോതില്‍ ഉയരാന്‍ ഇടയാക്കി. വാഹന വില 4.7 ശതമാനം തോതില്‍ ഉയര്‍ന്നതിന്റെ ഫലമായി ഗതാഗത നിരക്കുകള്‍ 4 ശതമാനം തോതില്‍ വര്‍ധിച്ചു. ഹോട്ടല്‍, റെസ്റ്റോറന്റ് നിരക്കുകള്‍ 6.9 ശതമാനം തോതിലും വിദ്യാഭ്യാസ നിരക്കുകള്‍ 3.6 ശതമാനം തോതിലും എന്റര്‍ടെയിന്‍മെന്റ് നിരക്കുകള്‍ 2 ശതമാനം തോതിലും ഉയര്‍ന്നു. വ്യക്തിഗത ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും നിരക്കുകള്‍ 0.4 ശതമാനം തോതില്‍ നവംബറില്‍ കുറഞ്ഞതായും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു.