തിരുവനന്തപുരം- സംസ്ഥാനത്തിനാവശ്യമായ റേഷൻ അരി വിഹിതം ലഭിക്കുന്നതിന് പ്രധാനമന്ത്രിയെ കാണാൻ സർവകക്ഷി നിവേദക സംഘത്തെ അയയ്ക്കാനും ടൂറിസ്റ്റുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത സർവകക്ഷി യോഗം തീരുമാനിച്ചു.
അന്ത്യോദയ, അന്നയോജന (എ.എ. വൈ) ഒഴികെയുള്ള എല്ലാ വിഭാഗത്തിനും ചുരുങ്ങിയത് അഞ്ച് കിലോ വീതം അരി ലഭ്യമാക്കുന്നതിനും കൂടുതൽ വിഹിതം അനുവദിക്കണമെന്ന് സർവകക്ഷി യോഗം കേന്ദ്ര സർക്കാരിനോട് ഏകകണ്ഠമായി ആവശ്യപ്പെട്ടു. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിൽ വന്നതോടെ സംസ്ഥാനത്തിന്റെ റേഷൻ വിഹിതം ഗണ്യമായി കുറഞ്ഞിരിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. നിയമ പ്രകാരം കാർഡുടമകളെ പല വിഭാഗങ്ങളായി തിരിച്ചാണ് റേഷൻ നൽകുന്നത്. സ്റ്റാറ്റിയൂട്ടറി റേഷൻ നിലവിലുണ്ടായിരുന്ന കേരളത്തിൽ ഇത് പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിശ്ചിത അളവിൽ എല്ലാവർക്കും റേഷൻ ലഭ്യമാക്കാൻ കഴിയണം. നേരത്തെ 16 ലക്ഷം ടൺ അരിയാണ് കേരളത്തിന് ലഭിച്ചുകൊണ്ടിരുന്നത്. എന്നാൽ ഭക്ഷ്യഭദ്രതാ നിയമം നടപ്പിലായപ്പോൾ അത് 14.25 ലക്ഷം ടണ്ണായി കുറഞ്ഞു. എല്ലാവർക്കും നിശ്ചിത അളവിൽ റേഷൻ നൽകു ന്നതിന് 7.22 ലക്ഷം ടൺ അരി കൂടുതലായി ലഭിക്കേണ്ടതുണ്ടെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ വിശദീകരിച്ചു.
സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന ഹർത്താലുകൾ വിനോദ സഞ്ചാര വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നതിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. അപ്രഖ്യാപിത ഹർത്താലുകൾ അന്യദേശങ്ങളിൽ സംസ്ഥാനത്തെക്കുറിച്ച് തെറ്റായ സന്ദേശം നൽകു ന്നുണ്ട്.
ഹർത്താലുകൾ വേണ്ടെന്ന് വെയ്ക്കാൻ നമുക്കാവില്ല. പക്ഷേ ഇക്കാര്യത്തിൽ കുറേക്കൂടി ജാഗ്രതപാലിക്കണം. ഹർത്താലുകളിൽ നിന്ന് ടൂറിസ്റ്റുകളെ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സർവകക്ഷി യോഗത്തെ അറിയിച്ചു. ഇക്കാര്യങ്ങളിൽ സർക്കാർ എടുക്കുന്ന തീരുമാനങ്ങളിൽ ഒപ്പം നിൽക്കുമെന്ന് രാഷ്ട്രീയ കക്ഷി നേതാക്കൾ അറിയിച്ചു.
ചീഫ് സെക്രട്ടറി പോൾ ആന്റണി, ആഭ്യന്തര വിജിലൻസ് സെക്രട്ടറി സുബ്രതാ ബിശ്വാസ്, ടൂറിസം സെക്രട്ടറി റാണി ജോർജ്, ഭക്ഷ്യവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി മിനി ആന്റണി, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ടൂറിസം ഡയറക്ടർ പി. ബാലകിരൺ, ഭക്ഷ്യവകുപ്പ് ഡയറക്ടർ എൻ.ടി.എൽ. റെഡ്ഡി, വിവിധ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.