Sorry, you need to enable JavaScript to visit this website.

മമ്മൂട്ടിക്ക് പ്രശംസ ചൊരിഞ്ഞ് സോഷ്യല്‍ മീഡിയ, അഭിനന്ദിച്ച് മന്ത്രി വി.ശിവന്‍കുട്ടിയും

തിരുവനന്തപുരം-ബോഡി ഷെയ്മിംഗ് നടത്തിയെന്ന ആരോപണത്തില്‍ ഖേദം പ്രകടിപ്പിച്ച നടന്‍ മമ്മൂട്ടിയെ അഭിനന്ദിച്ച് മന്ത്രി വി.ശിവന്‍കുട്ടി.
ഈ മാതൃകയെ അഭിനന്ദിക്കുന്നുവെന്നും മനുഷ്യനേ തെറ്റ് പറ്റുകയുള്ളൂ, മനുഷ്യനേ അത് തിരുത്താനും ആകുകയുള്ളൂവെന്നും മന്ത്രി ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 'ബോഡി ഷെയ്മിംഗ്' സംസ്‌കാരത്തെ നമ്മള്‍ തുടച്ചു നീക്കുക തന്നെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയയില്‍ വലിയ വിമശനങ്ങള്‍ വന്നതിനു പിന്നാലെയാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിനെ കുറിച്ചു നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി രംഗത്തുവന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി ഖേദം പ്രകടിപ്പിക്കുന്ന കുറിപ്പ് പങ്കുവെച്ചത്. ജൂഡ് ആന്റി ജോസഫിന്റെ പുതിയ ചിത്രമായ 2018 ന്റെ ടീസര്‍ ലോഞ്ച് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ബോഡി ഷെയ്മിംഗാണെന്നു പറഞ്ഞുകൊണ്ടായിരുന്നു ഒരു വിഭാഗം  മമ്മൂട്ടിക്കെതിരെ തിരിഞ്ഞത്.
ജൂഡ് സംവിധാനം ചെയ്ത പുതിയ ചിത്രം 2018 ന്റെ ട്രെയിലര്‍ ലോഞ്ചില്‍ 'ജൂഡിന് തലമുടിയില്ലെങ്കിലും നല്ല ബുദ്ധിയാണെന്നാണ് മമ്മൂട്ടി പറഞ്ഞിരുന്നത്. ഈ പ്രയോഗമാണ് മമ്മൂട്ടി ബോഡി ഷെയ്മിംഗ് നടത്തിയാതായി ആരോപിച്ച് ചിലര്‍ രംഗത്തു വന്നത്. ഇതിനെ തുടര്‍ന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.
'പ്രിയരെ കഴിഞ്ഞ ദിവസം '2018' എന്ന സിനിമയുടെ െ്രെടലര്‍ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംവിധായകന്‍ 'ജൂഡ് ആന്റണി'യെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ മേലില്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓര്‍മ്മിപ്പിച്ച എല്ലാവര്‍ക്കും നന്ദി', എന്നാണ് മമ്മൂട്ടി കുറിച്ചത്.
മമ്മൂട്ടി  ഖേദം പ്രകടിപ്പിച്ചു രംഗത്തു വന്നതിനു പ്രേക്ഷകരുടെ പക്ഷത്തു നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുമ്പോഴാ മനുഷ്യന്‍ പൂര്‍ണനാവുന്നതെന്നും മാതൃകയാക്കാം മമ്മൂട്ടിയെ എന്നും കമന്റുകള്‍ നിറയുന്നു.
 മമ്മൂട്ടിയുടെ പ്രസംഗത്തിലെ പ്രയോഗത്തിനെ തുടര്‍ന്നു വിമര്‍ശനം ഉയര്‍ന്നപ്പോള്‍ സംവിധായകന്‍ ജൂഡ് തന്നെ പ്രതികരണവുമായി രംഗത്തു വന്നിരുന്നു. 'മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെയ്മിംഗ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്, എനിക്ക് മുടി ഇല്ലാത്തതില്‍ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല . ഇനി അത്രേം കണ്‍സേണ്‍ ഉള്ളവര്‍ മമ്മൂക്കയെ ചൊറിയാന്‍ നിക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂര്‍ കോര്‍പറേഷന്‍ വാട്ടര്‍, വിവിധ ഷാംപൂ കമ്പനികള്‍ ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുവിന്‍. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യന്‍ ഏറ്റവും സ്‌നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത്, എന്ന് മുടിയില്ലാത്തതില്‍ അഹങ്കരിക്കുന്ന ഒരുവന്‍' എന്നായിരുന്നു ജൂഡ് വിഷയം സംബന്ധിച്ചു ഫേസ്ബുക്കില്‍ കുറിച്ചത്. ജൂഡ് വിശദീകരണവുമായി രംഗത്തു വന്നിരുന്നെങ്കിലും വിമര്‍ശകര്‍ മമ്മൂട്ടിക്കെതിരെ ബോഡി ഷെയ്മിംഗ് സംബന്ധിച്ചു പ്രതിഷേധ ശബ്ദം തുടര്‍ന്നു വരികയായിരുന്നു.
മമ്മൂട്ടിയെ അഭിനന്ദിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ട മന്ത്രി ശിവന്‍കുട്ടിയോട് സമയം കിട്ടിയാല്‍ മന്ത്രി വാസവനെ ഒന്ന് ഉപദേശിക്കണമെന്നും സമൂഹ മാധ്യമ ഉപയോക്താക്കള്‍ ആവശ്യപ്പെടുന്നുണ്ട്.

 

Latest News