കോഴിക്കോട്- രാജ്യത്തെ വിവിധ തരത്തിൽ കീഴ്‌പെടുത്തുകയും ജനാധിപത്യത്തെ ഇല്ലാതാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് കാലത്ത് നീതിക്ക് വേണ്ടി ശബ്ദിക്കുന്ന വ്യക്തികൾ അനിവാര്യമാണെന്നും അതിന് മികച്ച ഉദാഹരണങ്ങളായിരുന്നു അടുത്ത കാലത്ത് വിട പറഞ്ഞ ജസ്റ്റിസ് രജീന്ദ്ര സച്ചാറും ഗോപിനാഥൻ പിള്ളയുമെന്നും സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച അനുസ്മരണ സദസ്സ് അഭിപ്രായപ്പെട്ടു. ഫാസിസം മുസ്ലിംകളെയും മറ്റ് പിന്നോക്ക വിഭാഗങ്ങളെയും അപരവൽകരിച്ചാണ് അതിന്റെ സ്വാധീനം ഇവിടെ ഉറപ്പിക്കുന്നത്. സംഘ്പരിവാർ കാലങ്ങളായി നടത്തിയ ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായാണ് അവർ നേരിട്ട് അധികാരത്തിലേറിയത്. അവരുടെ അജണ്ടകളെ തിരിച്ചറിഞ്ഞ് പ്രതിരോധം തീർക്കാൻ ശ്രമം നടത്തിയവരാണ് ഇവിടെ അനുസ്മരിക്കപ്പെടുന്നവരെന്നും സംഗമം കൂട്ടിച്ചേർത്തു.
ഫാസിസ്റ്റ് വിരുദ്ധ സമരങ്ങളെ ലാഘവബുദ്ധിയോടെ സമീപിക്കുന്നത് അപകടകരമാണ്. ഗോപിനാഥ പിള്ളയുടെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം അമിത് ഷായെ പോലെയുള്ള വ്യക്തികൾക്കെതിരിൽ മാത്രമായിരുന്നില്ല. അമിതാധികാര പ്രയോഗത്തിലൂടെ വംശീയ രാഷ്ട്രീയം നടപ്പിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ഫാസിസ്റ്റ് ആശയധാരക്കെതിരിലായിരുന്നു. വ്യക്തിപരമായ പല നഷ്ടങ്ങൾക്കിടയിലും അദ്ദേഹം നടത്തിയ പോരാട്ടത്തിനു അദ്ദേഹത്തിന് വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല എന്നത് ഒരു യാഥാർഥ്യമാണ്. സമകാലിക ഇന്ത്യയിൽ മുസ്‌ലിം സാമൂഹത്തെ സംബന്ധിച്ച സംഘ് പരിവാറിന്റെയും സവർണ്ണ അധികാര കേന്ദ്രങ്ങളുടെയും നിരന്തരമായ വ്യാജ പ്രചാരണങ്ങളെ നീതിയുടെയും സത്യത്തിന്റെയും പക്ഷത്തു നിന്ന് പ്രതിരോധിച്ച വ്യക്തിത്വം എന്ന നിലയിൽ ജസ്റ്റിസ് രജീന്ദർ സച്ചാറിനെ സ്മരിക്കുന്നത് ശക്തമായ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമാണെന്നു പറയാം. പൗരാവകാശ ലംഘനത്തിന്റെയും അമിതാധികാര പ്രയോഗങ്ങളുടെയും നുണപ്രചാരണങ്ങളുടെയും വംശീയ രാഷ്ട്രീയത്തിന്റെയും കാലത്തു ഗോപിനാഥൻ പിള്ളയും രജീന്ദർ സച്ചാറും നീതിബോധത്തിന്റെയും പോരാട്ടത്തിന്റെയും പ്രതീകങ്ങളായിരുന്നെന്നും സംഗമത്തിൽ സംസാരിച്ചവർ പറഞ്ഞു.
സദസ്സിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ് അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് രജീന്ദർ സച്ചാർ അനുസ്മരണ പ്രഭാഷണം ഒ അബ്ദുറഹിമാൻ, ഗോപിനാഥൻ പിള്ള അനുസ്മരണ പ്രഭാഷണം പ്രമുഖ സാംസ്‌കാരിക പ്രവർത്തകൻ കെ.ഇ. എൻ എന്നിവർ നിർവഹിച്ചു. ഡോ. പി.കെ പോക്കർ, എൻ.പി ചെക്കുട്ടി, കെ.കെ ഷാഹിന, ഹസനുൽബന്ന, സി.കെ അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ അലത്തൂർ സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി അഷ്‌കർ നന്ദിയും പറഞ്ഞു.