ദോഹ - അറബ്, ആഫ്രിക്കന്‍ ജനതയുടെ ഒന്നടങ്കം പിന്തുണയോടെ ലോകകപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനലില്‍ പൊരുതുന്ന മൊറോക്കോക്ക് തുടക്കം പാളി. അഞ്ചാം മിനിറ്റില്‍ തന്നെ ഫ്രാന്‍സ് ലീഡ് നേടി. വലതു വിംഗിലൂടെ കുതിച്ച് ബോക്‌സില്‍ കയറിയ ആന്റോയ്ന്‍ ഗ്രീസ്മാനാണ് അപകടം വിതച്ചത്. ഒലീവിയര്‍ ജിരൂ എടുത്ത ആദ്യ ഷോട്ട് ബോക്‌സിലെ മൊറോക്കന്‍ മതിലില്‍ തട്ടിത്തടഞ്ഞെങ്കിലും റീബൗണ്ടില്‍ ലെഫ്റ്റ്ബാക്ക് തിയൊ ഹെര്‍ണാണ്ടസിന് പിഴച്ചില്ല. ഈ ലോകകപ്പില്‍ ആദ്യമായാണ് യാസീന്‍ ബൂനൂ കാവല്‍ നില്‍ക്കുന്ന മൊറോക്കന്‍ വലയില്‍ എതിര്‍ ടീമിന് പന്തെത്തിക്കാനാവുന്നത്.
ഗോള്‍ വീണതോടെ മൊറോക്കൊ കയറിക്കളിച്ചു. ഊനാഹിയുടെ ഷോട്ട് ഗോളി ഹ്യൂഗൊ ലോറീസ് മുഴുനീളം ചാടി രക്ഷപ്പെടുത്തി. മറുവശത്ത് ജിരൂവിന്റെ ഷോട്ട് മൊറോക്കോ പോസ്റ്റിനെ ഉലച്ചു.