തിരുവനന്തപുരം- പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന പരാമര്‍ശങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം പരിഗണനയിലാണെന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സംസ്‌കാര ശൂന്യവും വസ്തുതാവിരുദ്ധവും സമനില തെറ്റിയതുമായ ഒരു പരാമര്‍ശം ഒരു ലീഗ് നേതാവില്‍ നിന്ന് ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടു. നേതാവിന്റെ പരാമര്‍ശങ്ങളോടുള്ള നിലപാട് മുസ്ലിം ലീഗ് വ്യക്തമാക്കണം. പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള ജനകീയ ചര്‍ച്ചയ്ക്ക് തയ്യാറാക്കിയ കുറിപ്പിനെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുകയാണ് നേതാവ് ചെയ്യുന്നതെന്ന് വി.ശിവന്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.
പാഠ്യപദ്ധതി പരിഷ്‌കരണം സംബന്ധിച്ച പരാമര്‍ശങ്ങള്‍ ചര്‍ച്ചയ്ക്കുള്ള കുറിപ്പില്‍ ഉണ്ടെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണ്. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് ആടിനെ പട്ടിയാക്കി പിന്നീട് പേപ്പട്ടി ആക്കി തല്ലിക്കൊല്ലുന്ന പ്രയോഗത്തിനാണ് ലീഗ് നേതാവ് ശ്രമിക്കുന്നത്.
ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം വിലപ്പോവില്ല. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും നിയമസഭയില്‍ പൊതുവിദ്യാഭ്യാസ മന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കിയതോടെ ശരി എന്തെന്ന് ബോധ്യപ്പെട്ടു. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരുതരത്തിലുള്ള പിന്നോട്ടുപോക്കും നടത്തിയിട്ടില്ല. മറിച്ച് സുതാര്യമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് ചെയ്യുന്നത്.
മിക്‌സഡ് സ്‌കൂള്‍ സംബന്ധിച്ചും യൂണിഫോം സംബന്ധിച്ചും നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. സ്‌കൂളും അധ്യാപക രക്ഷകര്‍തൃ സമിതിയും തദ്ദേശഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് എടുക്കുന്ന തീരുമാനം പൊതു വിദ്യാഭ്യാസ വകുപ്പ് തലത്തില്‍ പരിശോധിച്ചാണ് അനുമതി നല്‍കുന്നത്. അതിനിയും തുടരുക തന്നെ ചെയ്യും. പാഠ്യപദ്ധതി പരിഷ്‌കരണ കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ട. സുതാര്യമായി തന്നെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും-മന്ത്രി പറഞ്ഞു.