മലപ്പുറം - സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. നന്നമ്പ്രം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷെഫ്‌ന ഷെറിൻ ആണ് മരിച്ചത്. തെയ്യാല പാണ്ടിമുറ്റം എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്.
പരീക്ഷ കഴിഞ്ഞ് വരികയായിരുന്ന വിദ്യാർത്ഥിനി തന്റെ സ്‌റ്റോപ്പിൽ സ്‌കൂൾ ബസ് ഇറങ്ങിയ ശേഷം റോഡ് മുറിച്ചുകടക്കവെ അശ്രദ്ധമായി എതിരെ വന്ന ഗുഡ്‌സ് ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. സ്‌കൂൾ ബസിൽ ഡ്രൈവറല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. അപകടം ബസ് ഡ്രൈവർ അറിഞ്ഞിരുന്നില്ല. കുട്ടിയെ ഒരു സൈഡിൽ ഇറക്കി ഡ്രൈവർ ബസ് എടുത്തുപോകവേ വിദ്യാർത്ഥിനി മറുവശത്തേക്ക് റോഡ് മുറിച്ചുകടക്കുമ്പോൾ ഗുഡ്‌സ് ഓട്ടോയിടിക്കുകയായിരുന്നു. അപകട വിവരം അറിയാതെ സ്‌കൂൾ ബസ് പോകുന്നത് സി.സി ടിവി ദൃശ്യങ്ങളിലുണ്ട്.
ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ നാട്ടുകാർ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.