മക്ക - തീർഥജലമായ സംസം വെള്ളത്തിൽ വല്ലതും കൂട്ടിച്ചേർക്കുന്നുണ്ടോയെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഫോണിൽ ബന്ധപ്പെട്ട് തന്നോട് ആരാഞ്ഞതായി ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് വെളിപ്പെടുത്തി.
സംസം വെള്ളത്തിന്റെ രുചിയിൽ വ്യത്യാസമുള്ളതായി തോന്നുന്നു. സംസം വെള്ളത്തിൽ നിങ്ങൾ വല്ലതും കൂട്ടിച്ചേർക്കുന്നുണ്ടോ? സംസം വെള്ളത്തിന്റെ ഗുണമേന്മ കാത്തുസൂക്ഷിക്കണം എന്നാണ് രാജാവ് ഫോണിൽ ബന്ധപ്പെട്ട് പറഞ്ഞത്. ഇരു ഹറമുകളുടെയും പരിചരണവും തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതുമായും ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും രാജാവ് അതീവ ശ്രദ്ധാലുവാണ്.
സംസം വിതരണം വലിയ തോതിൽ വികസിപ്പിക്കുന്നതിന് പദ്ധതിയുണ്ട്. വ്യത്യസ്ത വലിപ്പങ്ങളിലുള്ള സംസം ബോട്ടിലുകൾ പുറത്തിറക്കുകയും സൂചനാ നിരക്കിൽ എല്ലാവർക്കും സംസം വെള്ളം എളുപ്പത്തിൽ ലഭ്യമാക്കുകയും ചെയ്യും. കരിഞ്ചന്തയിൽ സംസം വിൽക്കുന്ന പ്രവണതയും സംസം വെള്ളത്തിൽ കൃത്രിമങ്ങൾ കാണിക്കുന്ന പ്രവണതയും അവസാനിപ്പിക്കുന്നതിനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഇരു ഹറമുകളുടെയും സുരക്ഷക്ക് കോട്ടം തട്ടിക്കുന്ന ഒരു തരത്തിലുള്ള പ്രവർത്തനങ്ങളും അനുവദിക്കില്ല. പ്രകടനങ്ങളും മാർച്ചുകളും വിലക്കും. ഹറമുകളിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ മുഴക്കുന്നതിനും അനുവദിക്കില്ല.
രാഷ്ട്രീയ കക്ഷികളിൽ പെട്ടവരും തീവ്രവാദ ഗ്രൂപ്പുകളിൽ പെട്ടവരും ഹറംകാര്യ വകുപ്പ് ഉദ്യോഗസ്ഥരുടെ കൂട്ടത്തിലില്ല. വിശുദ്ധ ഹറമിൽ തീർഥാടകർക്കും വിശ്വാസികൾക്കും സേവനങ്ങൾ നൽകുന്നതിന് ഹറംകാര്യ വകുപ്പിനു കീഴിൽ പതിനായിരം പേർ സേവനമനുഷ്ഠിക്കുന്നുണ്ടെന്നും ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു.