ദോഹ - ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാളിന്റെ കലാശക്കൊട്ടിന് കാത്തിരിക്കുന്ന ഫുട്ബാൾ ആരാധകർക്കു മുമ്പിൽ നിർണായക പ്രഖ്യാപനവുമായി അർജന്റീനൻ മിശിഹ ലയണൽ മെസി. ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനൽ തന്റെ കരിയറിലെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്ന് മെസി പറഞ്ഞു. അർജന്റീനയിലെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യം അറിയിച്ചത്.
അടുത്ത ലോകകപ്പിന് നാല് വർഷങ്ങളുണ്ട്. ഇനിയും ഇതുപോലെ കളിക്കാനാവുമെന്ന് കരുതുന്നില്ല. ഈ രീതിയിൽ കരിയർ പൂർത്തിയാക്കുന്നതാണ് നല്ലത്. ലോകകപ്പ് എന്ന ലക്ഷ്യം നേടാൻ പരമാവധി ശ്രമിക്കും. വ്യക്തിഗത നേട്ടങ്ങളല്ല കൂട്ടായ്മയുടെ വിജയത്തിനാണ് പ്രാധാന്യം. ഒരു ചുവട് മാത്രം അകലെയാണ് തങ്ങളെന്നും മെസി വ്യക്തമാക്കി.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് കാലിടറിയതോടെ തങ്ങളുടെ സാധ്യതകളെ കുറിച്ച് പലരും സംശയങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ആ തോൽവി ഞങ്ങളെ കൂടുതൽ കരുത്തരാക്കി. പിന്നീടുള്ള ഓരോ മത്സരവും ഞങ്ങൾക്ക് ഫൈനലായിരുന്നു. മത്സരം തോൽക്കുകയാണെങ്കിൽ സ്ഥിതി അതിഗുരുതരമാകുമെന്ന് അറിയാമായിരുന്നു. ഞങ്ങൾക്ക് എന്തുചെയ്യാനാകുമെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. ഞങ്ങൾക്ക് ലഭിച്ചതെല്ലാം ഞങ്ങൾ അർഹിക്കുന്നു. ഇപ്പോൾ ശക്തരാണെന്ന് ഞങ്ങൾ തെളിയിച്ചു- ഫൈനൽ പ്രവേശത്തിന് പിന്നാലെ മെസി പ്രതികരിച്ചു.