ദോഹ - ക്രൊയേഷ്യക്കെതിരായ ലോകകപ്പ് ഫുട്‌ബോള്‍ സെമി ഫൈനല്‍ ഇടവേളക്കു പിരിയുമ്പോള്‍ ലിയണല്‍ മെസ്സിയുടെ പെനാല്‍ട്ടി ഗോളിലും യൂലിയന്‍ ആല്‍വരേസിന്റെ സെന്‍സേഷനല്‍ ഒറ്റയാന്‍ ഗോളിലും അര്‍ജന്റീന 2-0 ന് മുന്നിലെത്തി. ആല്‍വരേസാണ് ആദ്യ പകുതിയില്‍ അര്‍ജന്റീനയുടെ ഹീറോ. ആല്‍വേരസിനെ ഗോളി ഡൊമിനിക് ലിവാകോവിച് വീഴ്ത്തിയതിനായിരുന്ന അര്‍ജന്റീനക്ക് പെനാല്‍ട്ടി ലഭിച്ചത്. മെസ്സി നിശ്ചിത സമയത്ത് മൂന്നാം തവണ ഈ ലോകകപ്പില്‍ പെനാല്‍ട്ടി ഗോളാക്കി. നിമിഷങ്ങള്‍ക്കമായിരുന്നു മധ്യവരയില്‍ നിന്ന് കുതിച്ച് ആല്‍വരേസിന്റെ അതിമനോഹരമായ ഒറ്റയാന്‍ ഗോള്‍.
ഇരു ടീമുകളും ചടുലനീക്കങ്ങളുമായി തുടക്കം മുതല്‍ നിയന്ത്രണം പിടിക്കാന്‍ ശ്രമിച്ചു. മുപ്പത്തിനാലാം മിനിറ്റില്‍ പക്ഷെ ക്രൊയേഷ്യന്‍ പ്രതിരോധത്തിന് പാളി. പ്രതിരോധം കയറി നില്‍ക്കെ എന്‍സൊ ഫെര്‍ണാണ്ടസ് ഉയര്‍ത്തി നല്‍കിയ പാസുമായി ആല്‍വരേസ് കുതിച്ചു. ബോക്‌സില്‍ കയറിയ തന്റെ തലക്കു മുകളിലൂടെ പന്തുയര്‍ത്താന്‍ ശ്രമിച്ച ആല്‍വരേസിനെ ഗോളി തടുത്തിട്ടു. മഞ്ഞക്കാര്‍ഡ് നല്‍കുകയും റഫറി പെനാല്‍ട്ടിക്ക് വിസിലൂതുകയും ചെയ്തു. ഈ ലോകകപ്പില്‍ നിശ്ചിത സമയത്ത് നാലാമത്തെ പെനാല്‍ട്ടി എടുത്ത മെസ്സിക്ക് മൂന്നാമത്തെ ഗോള്‍. വലതു മൂലയിലേക്ക് മെസ്സി തൊടുത്ത ബുള്ളറ്റ് പെനാല്‍ട്ടി ഹീറോ ലിവാകോവിച്ചിന് ഒരവസരവും നല്‍കിയില്ല. ഈ ലോകകപ്പില്‍ മെസ്സിയുടെ അഞ്ചാം ഗോള്‍, ലോകകപ്പുകളില്‍ പതിനൊന്നാം ഗോളോടെ അര്‍ജന്റീനയുടെ ടോപ്‌സ്‌കോററായി. ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ടയെ മറികടന്നു.
അഞ്ചു മിനിറ്റിനകം ആല്‍വരേസ് മാജിക്കില്‍ ലുസൈല്‍ സ്‌റ്റേഡിയം പ്രകമ്പനം കൊണ്ടു. സെന്റര്‍ സര്‍ക്കിളില്‍ മെസ്സി വീഴുകയും ഫൗളിനായി വാദിക്കുകയും ചെയ്യുന്നതിനിടെ റഫറി കളി തുടരാന്‍ ആംഗ്യം കാണിച്ചു. പന്തുമായി ആല്‍വരേസ് കുതിച്ചു. മൂന്നു ഡിഫന്റര്‍മാരെ വെട്ടിച്ചു കയറിയ ആല്‍വരേസ് ബോക്‌സില്‍ നിന്ന് വെടിയുതിര്‍ത്തു. ഡിയേഗൊ മറഡോണയുടെ ഗോളിനൊപ്പമെത്തില്ലെങ്കിലും അതിന്റെ സ്മരണയുയര്‍ത്തിയ ഗോള്‍. ഗാലറിയില്‍ ബ്രസീല്‍ രോമാഞ്ചം റൊണാള്‍ഡിഞ്ഞൊ പോലും കൈയടിച്ചുപോയി.
തൊട്ടുപിന്നാലെ ലിവാകോവിച് രക്ഷകനായില്ലെങ്കില്‍ മെസ്സി മത്സരത്തിലെ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തുമായിരുന്നു.
തുടര്‍ച്ചയായ അഞ്ചാമത്തെ മത്സരത്തിലാണ് അര്‍ജന്റീന 2-0 ന് മുന്നിലെത്തുന്നത്. ക്രൊയേഷ്യ എല്ലാ കളിയിലും ആദ്യം ഗോള്‍ വഴങ്ങുകയായിരുന്നു.