അബുദാബി- രാജ്യം വിടാതെ തന്നെ സന്ദര്‍ശക വിസ പുതുക്കാനുള്ള സൗകര്യം യു.എ.ഇ റദ്ദാക്കി. അബുദാബിയിലേയും ദുബായിലേയും ട്രാവല്‍ ഏജന്റുമാരാണ് തങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശത്തെക്കുറിച്ച് അറിയിച്ചത്.
ഇതുസംബന്ധമായി ഇമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചതായി ദുബായ് കേന്ദ്രമായുള്ള പ്രമുഖ ട്രാവല്‍ ഏജന്‍സിവൃത്തങ്ങള്‍ അറിയിച്ചു. രാജ്യം വിടാതെ സന്ദര്‍ശക വിസ പുതുക്കാനുള്ള സൗകര്യം ഇതോടെ അവസാനിക്കുകയാണ്.
നേരത്തെ സന്ദര്‍ശക വിസ പുതുക്കാന്‍ യു.എ.ഇ വിടണമായിരുന്നു. കോവിഡ് മഹാമാരിക്കാലത്താണ് ഇതില്‍ ഇളവ് നല്‍കുകയും രാജ്യത്ത് നിന്നുകൊണ്ട് തന്നെ വിസ പുതുക്കാന്‍ അനുവദിക്കുകയും ചെയ്തത്. ഈ ഇളവാണ് ഇപ്പോള്‍ പിന്‍വലിച്ചത്.
തൊഴിലന്വേഷകരായി യു.എ.ഇയില്‍ വരുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയാണ് പുതിയ തീരുമാനം. അതിനാല്‍ തന്നെ സോഷ്യല്‍മീഡിയയില്‍ ഇത് വലിയ ചര്‍ച്ചയായിട്ടുണ്ട്.
രാജ്യത്തിനകത്ത് വിസ പുതുക്കലോ നീട്ടലോ ഇനി അസാധ്യമാണ്. രാജ്യം വിട്ട ശേഷം ഇതിനായി അപേക്ഷ നല്‍കണം. കോവിഡിന് മുമ്പ് ഇതായിരുന്നു ചട്ടം. അതിലേക്ക് തന്നെ മടങ്ങുകയാണ് ഇപ്പോള്‍- അബുദാബിയിലെ ട്രാവല്‍ വൃത്തങ്ങള്‍ പറഞ്ഞു.
വിസ പുതുക്കാനുള്ള അപേക്ഷകളെല്ലാം നിരസിക്കപ്പെടുകയാണെന്നും സിസ്റ്റത്തില്‍ എറര്‍ കാണിക്കുന്നതായും ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. കഴിഞ്ഞ മാസം സന്ദര്‍ശക വിസ കാലാവധി 90 ദിവസത്തില്‍നിന്ന് 60 ആക്കി കുറച്ചിരുന്നു.