കോര്‍ബയ്ല്‍ - തെക്കന്‍ പാരീസിലെ പ്രാന്തപ്രദേശമായ കോര്‍ബയ്ല്‍ എസോണ്‍സ് ആരെ പിന്തുണക്കണമെന്നറിയാതെ കുഴങ്ങുകയാണ്. ഇവിടെയാണ് മൊറോക്കൊ കോച്ച് വലീദ് റഖ്‌റഖി പന്തു തട്ടിത്തുടങ്ങിയത്. ഫ്രഞ്ച് വീര്യത്തെ കവച്ചുവെക്കും ഇവിടെ പലരുടെയും ആഫ്രിക്കന്‍ അറബ് വേരുകള്‍. കീലിയന്‍ എംബാപ്പെക്കെതിരെ നില്‍ക്കുന്നത് കൊല്ലാന്‍ കൊണ്ടുപോകുന്നതു പോലെ തോന്നുന്നുണ്ടെങ്കിലും വേറെ വഴിയില്ലെന്ന് ഹിശേം സായിദി എന്ന ഇരുപത്തൊമ്പതുകാരന്‍ പറയുന്നു. പാരിസില്‍ നിന്ന് വെറും 30 കി.മീ ദൂരമേയുള്ളൂ ഇവിടേക്ക്. ഫ്രഞ്ച് ടീമുകള്‍ക്കാണ് പ്രധാനമായും റഖ്‌റഖി കളിച്ചത്-എസി അയാസിയൊ, ഡിയോണ്‍, ഗ്രെനോബ്ള്‍ ക്ലബ്ബുകള്‍ക്ക്. 2001 മുതല്‍ 2009 വരെ മൊറോക്കോയുടെ ജഴ്‌സിയിട്ടു. ഗ്രെനോബഌല്‍ 2008 ല്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒലീവിയര്‍ ജിരൂവിനൊപ്പം കളിച്ചിട്ടുണ്ട് റഖ്‌റഖി.
സ്‌പെയിനും ഫ്രാന്‍സും മൊറോക്കോയുടെ കോളനി മേധാവികളായിരുന്നു. സ്‌പെയിനിനോട് അവര്‍ കണക്കുതീര്‍ത്തും. ഇനി ഫ്രാന്‍സാണ്.
കളിക്കുന്ന കാലത്ത് പ്രദേശത്തെ കുട്ടികളെ ഒപ്പം കൊണ്ടുപോവുമായിരുന്നു റഖ്‌റഖി. ആ പതിവ് ഖത്തറിലും അദ്ദേഹം തുടരുന്നു. മാതാവിനെയും അടുത്ത സുഹൃത്തുക്കളെയും ലോകകപ്പിന് കൊണ്ടുവന്നിട്ടുണ്ട്.
ഫ്രാന്‍സിലെ തീവ്രവലതുപക്ഷം മൊറോക്കോ-ഫ്രാന്‍സ് മത്സരത്തെ കൂറ് അളക്കാനുള്ള മാനദണ്ഡമായി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് രാജ്യങ്ങളുടെ അസ്ഥിത്വം പേറുന്നത് അപമാനമായി കാണാത്ത തലമുറയാണ് ഇതെന്ന് രാഷ്ട്രീയക്കാര്‍ മനസ്സിലാക്കുന്നില്ലെന്ന് ടുളൂസ് യൂനിവേഴ്‌സിറ്റിയിലെ റീം സാറ അലവാന്‍ പറയുന്നു. ഒരുപാട് ടൂര്‍ണമെന്റുകളില്‍ ഫ്രാന്‍സിനെ പിന്തുണച്ചിട്ടുണ്ടെന്നും ഇത്തവണ മൊറോക്കോയുടെ ഊഴമാണെന്നുമാണ് മോണ്ട്‌കോണ്‍സയ്ല്‍ എന്ന ഫ്രഞ്ച് പ്രദേശത്തെ ഇരുപതുകാരന്‍ വെയ്റ്റര്‍ ഫൈസില്‍ അശൂശിന്റെ നിലപാട്.