Sorry, you need to enable JavaScript to visit this website.

ശാസ്ത്ര ലോകത്തിന്  കേരളത്തിന്റെ സംഭാവന

കോട്ടയം സി.എം.എസ് കോളേജിലെ ഫിസിക്‌സ് വകുപ്പിൽ നടന്ന ചടങ്ങിൽ പൂർവ വിദ്യാർഥിയായ സുദർശൻ  

ഇ.സി. ജോർജ് സുദർശൻ എന്ന നാമം ശാസ്ത്ര ഹൃദയത്തിൽ മുദ്രിതമാകുന്നതിന് ഏറെ മുമ്പേ ആ പ്രതിഭയുടെ കനൽ തിരിച്ചറിഞ്ഞതും തിളങ്ങിയതും അക്ഷര നഗരത്തിന്റെ അഭിമാനമായ കലാലയത്തിൽ. ഇന്റർമീഡിയറ്റ് പഠനത്തിന്റെ രണ്ടു വർഷവും ഹരിതാഭയണിഞ്ഞ കാമ്പസിലായിരുന്നു പുസ്തക പ്രേമിയായ വിദ്യാർഥി. 200 വർഷം പഴക്കമുള്ള കേരളത്തിലെ ആദ്യ കലാലയത്തിന്റെ വിപുലമായ പുസ്തക ശേഖരം സുദർശനെന്ന വിദ്യാർഥിയുടെ ശാസ്ത്ര കൗതുകത്തിന് ചിറകേകി. കോളിൻസ് ലൈബ്രറിയിലെ രജിസ്റ്ററിൽ സുദർശന്റെ കൈയൊപ്പ് പതിയാത്ത ദിനങ്ങൾ വിരളം.
പിന്നീട് കോട്ടയത്ത് എത്തിയപ്പോഴെല്ലാം തന്റെ സ്വപ്‌നങ്ങൾക്ക് കരുത്തേകിയ സി.എം.എസ് കോളേജ് അദ്ദേഹം സന്ദർശിച്ചു. സി.എം.എസ് കോളേജിലെ ഫിസിക്‌സ് വകുപ്പിലെ പല ചടങ്ങുകളിലും ഈ പൂർവ വിദ്യാർഥി പങ്കെടുത്തു. തിരക്കുകൾക്കിടയിലും കഴിയുന്നത്ര ഇത്തരം ക്ഷണങ്ങൾ സ്വീകരിച്ചു. 
കോളേജിലെ ദ്വിശതാബ്ദി ആഘോഷ വേളയിലെ മുഖ്യാതിഥിയും ആദരണീയനായ ഈ പൂർവ വിദ്യാർഥിയായിരുന്നു. തന്റെ ഗുരുനാഥനായ മാർഷക്കിന്റെ ഓർമ്മയ്ക്കായി 300 ഓളം പുസ്തകങ്ങൾ ലൈബ്രറിക്ക് സമ്മാനിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. 
കോട്ടയം പള്ളം സ്വദേശിയായ സുദർശൻ കോട്ടയത്ത് അവസാനമായി എത്തിയതും രണ്ടു വർഷം മുമ്പ് നടന്ന ഈ ചടങ്ങിനാണ്. അന്ന് അദ്ദേഹം നടത്തിയ പ്രസംഗത്തിലെ വാക്കുകൾ ഇന്നും കോട്ടയത്തെ അധ്യാപക ലോകം ഓർക്കുന്നു.
സാധാരണമായവയിലെ സത്യം ചികയുന്നതാണ് ഭൗതിക ശാസ്ത്രത്തിന്റെ മികവെന്ന് പ്രൊഫ. ഇ.സി.ജി സുദർശൻ അന്നു ചൂണ്ടിക്കാട്ടിയിരുന്നു. 
യുവ ശാസ്ത്രജ്ഞർ വെറും സയൻസ് മാനേജർമാരും അഡ്മിനിസ്‌ട്രേറ്റർമാരും ആയി ഒതുങ്ങാതെ തങ്ങളുടെ ജിജ്ഞാസയെ സജീവമാക്കി നിർത്താനും കണ്ടെത്തലുകളിലേക്ക് അതിനെ വളർത്താനുമാണ് ശ്രമിക്കേണ്ടത്. ശാസ്ത്രരംഗത്തെ അംഗീകാരമെന്നത് ആരെങ്കിലും ഏൽപിച്ചു തരുന്ന എന്തെങ്കിലുമല്ല. എപ്പോഴും ജിജ്ഞാസുക്കളായിരിക്കാനുള്ള കഴിവും ശാസ്ത്രജ്ഞരായിത്തീരാനുള്ള സാഹസികതയെപ്പറ്റിയുള്ള ബോധ്യവുമാണത്. ശാസ്ത്രജ്ഞരെ സംബന്ധിച്ച് വിരമിക്കലെന്ന ഒന്നില്ല. വിരമിക്കൽ പ്രായത്തിനു ശേഷമായിരിക്കാം അവരിൽനിന്ന് വലിയ കണ്ടെത്തലുകളുണ്ടാകുന്നതെന്നും പ്രൊഫ. സുദർശൻ പറഞ്ഞു. പ്രകാശത്തിന്റെ ദൈ്വത സ്വഭാവത്തെപ്പറ്റിയും അതുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള കണ്ടെത്തലുകളെപ്പറ്റിയും പ്രൊഫ. സുദർശൻ സരളമായ രീതിയിൽ വിശദീകരിച്ചു. 
എണ്ണക്കൽ ചാണ്ടി ജോർജ് സുദർശൻ എന്ന ഡോ. ഇ.സി.ജി സുദർശൻ ക്വാണ്ടം ഒപ്റ്റികിസിലെ ടാക്കിയോൺ കണങ്ങളുടെ കണ്ടെത്തലിലൂടെ ഐൻസ്റ്റീന്റെ സിദ്ധാന്തം തിരുത്തിയതോടെയാണ് ശാസ്ത്ര ലോകം ഈ പ്രതിഭയെ തിരിച്ചറിഞ്ഞത്. വൈദ്യനാഥ് മിശ്രക്കൊപ്പം നടത്തിയ കണ്ടുപിടിത്തം പിന്നീട് ക്വാണ്ടം സീനോ ഇഫക്റ്റ് എന്ന് അറിയപ്പെട്ടു. 
ഇതിന്റെ പേരിൽ 2005 ലെ നൊബേൽ പുരസ്‌കാരത്തിന് ഡോ. സുദർശൻ ശുപാർശ ചെയ്യപ്പെട്ടെങ്കിലും അവഗണിക്കപ്പെടുകയായിരുന്നു. 
എന്നാൽ നിരവധി തവണ പരിഗണിക്കപ്പെട്ടിട്ടും പുരസ്‌കാരം നൽകാത്തത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ടോക്യോൺ കണങ്ങളെ കുറിച്ചും സുദർശന്റെ ശ്രദ്ധേയമായ നിരീക്ഷണങ്ങളുണ്ട്.
ക്വാണ്ടം ഒപ്റ്റിക്‌സായിരുന്നു സുദർശന്റെ ഇഷ്ട മേഖല. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ പഠന നിരീക്ഷണങ്ങളും ഈ മേഖലയിലായിരുന്നു. കൂടാതെ, പാർട്ടിക്കിൾ ഫിസിക്‌സിലും നിരവധി ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ നിന്നെല്ലാമായി ഒമ്പതു തവണ സുദർശനെ നൊബേൽ സമ്മാനത്തിനു വേണ്ടി നാമനിർദേശം ചെയ്തിട്ടുണ്ട്. എന്നാൽ ഓരോ തവണയും നിസാര കാരണങ്ങൾ പറഞ്ഞ് നോബേൽ പുരസ്‌കാര സമിതി അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. ഇത് പിന്നീട് നിരവധി വിവാദങ്ങൾക്കും ഇടയാക്കി. 2007 ൽ പദ്മവിഭൂഷൺ നൽകി രാജ്യം ഈ അതുല്യ ശാസ്ത്ര പ്രതിഭയെ ആദരിച്ചു.
പള്ളം എണ്ണയ്ക്കൽ ഐപ്പ് ചാണ്ടിയുടെയും കൈതയിൽ അച്ചാമ്മ വർഗീസിന്റെയും മകനായി 1931 സെപ്റ്റംബർ 16 നാണ് സുദർശന്റെ ജനനം. കോട്ടയം സി.എം.എസ് കോളേജിലെ വിദ്യാഭ്യാസത്തിനു ശേഷം മദ്രാസ് ക്രിസ്ത്യൻ കോളേജിലും മദ്രാസ് സർവകലാശാലയിലുമായിരുന്നു ഉന്നത പഠനം. തുടർന്ന് 1950-60 കളിൽ പ്രശസ്തമായ നിരവധി വിദേശ സർവകലാശാലകളിൽ അദ്ദേഹം പ്രൊഫസറായി സേവനം അനുഷ്ഠിച്ചു.
1973-84 കാലത്ത് ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസസിലും 1984-90 ൽ ചെന്നൈയിലെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിൽ ഡയറക്ടറായും പ്രവർത്തിച്ചു.  കോട്ടയം കേന്ദ്രമായി ശ്രീനിവാസ രാമാനുജം ഇൻസ്റ്റിറ്റിയൂട്ട് ആരംഭിച്ചപ്പോൾ അതിന്റെ അധ്യക്ഷ സ്ഥാനത്തേക്കുള്ള സർക്കാരിന്റെ ക്ഷണം ഒരു മടിയും കൂടാതെ അദ്ദേഹം ഏറ്റെടുത്തു. ശാസ്ത്ര ലോകത്തിന് കേരളത്തിന്റെ ഏറ്റവും വലിയ സംഭാവനയാണ് ഇ.സി.ജി സുന്ദർശനെന്നതിൽ തർക്കമില്ല.
 

Latest News