തിരുവനന്തപുരം - മുസ്‌ലിം ലീഗ് പ്രശംസക്കെതിരെയുള്ള സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയിൽ പ്രതികരിക്കാതെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ.
ലീഗിന് സ്വഭാവ സർട്ടിഫിക്കേറ്റ് നൽകേണ്ട അത്യാവശ്യം എൽ.ഡി.എഫിനില്ലെന്നും എം.വി ഗോവിന്ദന്റെ പരാമർശം അപക്വമാണെന്നുമുള്ള നിലപാടാണ് കാനത്തിനുള്ളത്. ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് 'ഒന്നും പറയാനില്ലെന്ന്' എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ലീഗ് വർഗീയ പാർട്ടിയല്ലെന്നും ജനാധിപത്യ പാർട്ടിയാണെന്നും പറഞ്ഞ സി.പി.എം സെക്രട്ടറി മുമ്പ് അവരുമായി ഇടതുപക്ഷം അധികാരം പങ്കിട്ടതും ഓർമിപ്പിച്ചിരുന്നു. ഗവർണർ പ്രശ്‌നം ഉൾപ്പെടെയുള്ള കാലികമായ ചില ഇഷ്യൂകളിൽ ലീഗ് സ്വീകരിച്ച സമീപനം പോസിറ്റീവായും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. ഇതോട് മതനിരപേക്ഷ സമൂഹം പൊതുവെ യോജിച്ചെങ്കിലും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നീരസമുണ്ടായിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും എം.വി ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് രംഗത്തുവന്നിരുന്നു.