തിരുവനന്തപുരം - സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മുസ്‌ലിം ലീഗ് പ്രശംസ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തീരേ ദഹിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
കോൺഗ്രസിനെയും ലീഗിനെയും തമ്മിലടിപ്പിക്കാമെന്ന ലക്ഷ്യത്തോടെയാണ് എംവി ഗോവിന്ദൻ, ലീഗിനെക്കുറിച്ച് മുഖ്യമന്ത്രിക്കുണ്ടായിരുന്ന അഭിപ്രായം തിരുത്തിപ്പറഞ്ഞത്. പക്ഷേ, അവസാനം അത് ബൂമറാങ് ആവുകയാണ്. ഇപ്പോൾ പടയൊരുക്കം ഇടത് പാളയത്തിലാണെന്ന് കാനം രാജേന്ദ്രന്റെ പ്രസ്താവന തെളിയിക്കുന്നു. അത് പരിഹരിക്കാൻ ഉഭയകക്ഷി ചർച്ച നടത്തേണ്ട അവസ്ഥയിലാണ് ഇടതുപക്ഷമെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
ലീഗ് വർഗീയ പാർട്ടിയല്ലെന്നും ജനാധിപത്യ പാർട്ടിയാണെന്നും പറഞ്ഞ എം.വി ഗോവിന്ദൻ ഏകീകൃത സിവിൽ കോഡ്, ഗവർണർ പ്രശ്‌നം, വിഴിഞ്ഞം പ്രശ്‌നം എന്നിവയിലെ ലീഗ് നിലപാട് കോൺഗ്രസിന്റെ കണ്ണ് തുറപ്പിച്ചതായും അഭിപ്രായപ്പെട്ടിരുന്നു. ഇത് മുന്നണിയിലേക്കുള്ള ക്ഷണമല്ലെന്നും വസ്തുതകളെ വസ്തുകളായി പറയുക മാത്രമാണെന്നും പിന്നീട് അദ്ദേഹം വിശദീകരിച്ചിരുന്നു. ഇതിനു പിന്നാലെ ലീഗ് അടിസ്ഥാനപരമായി വർഗീയ പാർട്ടിയല്ലെന്ന് സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പിയും വ്യക്തമാക്കിയിരുന്നു. എന്നാൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സി.പി.എമ്മിന്റെ ലീഗ് സ്തുതി ദഹിച്ചിരുന്നില്ല.
ലീഗിന്, പ്രത്യേകിച്ചും പ്രതിപക്ഷത്തുള്ള പാർട്ടിക്ക് സ്വഭാവ സർട്ടിഫിക്കേറ്റ് നൽകേണ്ട അത്യാവശ്യം എൽ.ഡി.എഫിനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എം.വി ഗോവിന്ദന്റെ പ്രസ്താവനയും തുടന്നുണ്ടായ ചർച്ചകളും യു.ഡി.എഫിലെ ഐക്യം ശക്തമാക്കുകയാണ് ചെയ്തത്. ചില പ്രസ്താവനകൾക്ക് നെഗറ്റീവായ ഫലവും പോസിറ്റീവായ ഫലവുമുണ്ടാകും. ഇതിൽ ഏതാണ് ഇപ്പോഴുണ്ടായതെന്ന് കാലം തെളിയിക്കട്ടെയെന്നും കാനം ചൂണ്ടിക്കാട്ടി.