റിയാദ് - ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളില്‍ മൊറോക്കൊ ടീം ചരിത്ര നേട്ടം കൈവരിച്ചതില്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അഭിനന്ദനം അറിയിച്ചു. മൊറോക്കൊ ഭരണാധികാരി മുഹമ്മദ് ആറാമന്‍ രാജാവുമായി ഫോണില്‍ ബന്ധപ്പെട്ടാണ് മൊറോക്കൊ ടീമിന്റെ ചരിത്ര നേട്ടത്തില്‍ മൊറോക്കൊ രാജാവിനെയും ജനതയെയും കിരീടാവകാശി തന്റെ അഭിനന്ദനം അറിയിച്ചത്. മൊറോക്കൊയുടെ നേട്ടം ഏവരെയും സന്തോഷിപ്പിച്ച അറബ് കായിക നേട്ടമാണെന്ന് കിരീടാവകാശി പറഞ്ഞു. ലോകകപ്പില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ മൊറോക്കൊ ടീമിന് സാധിക്കട്ടെയെന്ന് പ്രത്യാശിക്കുന്നതായും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. മൊറോക്കൊ ദേശീയ ടീമിനെ അഭിനന്ദിച്ചതിനും മൊറോക്കൊയോടും മൊറൊക്കൊയിലെ ജനങ്ങളോടും വികാരവായ്പുകള്‍ പ്രകടിപ്പിച്ചതിനും സൗദി കിരീടാവകാശിക്ക് മുഹമ്മദ് ആറാമന്‍ രാജാവ് നന്ദി പറഞ്ഞു.