ദോഹ - 2014 ലെ ലോകകപ്പ് റണ്ണേഴ്‌സ്അപ്പാണ് അര്‍ജന്റീന, 2018 ല്‍ ഫൈനലില്‍ തോറ്റത് ക്രൊയേഷ്യ. ഇത്തവണ രണ്ട് ടീമുകള്‍ക്കും രണ്ട് ജയം അരികിലാണ് കപ്പ്. അര്‍ജന്റീനയെ സെമി ഫൈനലില്‍ അധികം പേരും പ്രതീക്ഷിച്ചിരുന്നു. 36 അജയ്യ മുന്നേറ്റത്തിന്റെ ആധികാരികതയുമായാണ് അവര്‍ ലോകകപ്പിനെത്തിയത്. പി.എസ്.ജിയില്‍ ലിയണല്‍ മെസ്സി മിന്നുന്ന ഫോമിലുമായിരുന്നു.
എന്നാല്‍ ക്രൊയേഷ്യ കഴിഞ്ഞ തവണ ഫൈനലിലെത്തിയതു തന്നെ അര്‍ഹിച്ചില്ലെന്നു കരുതുന്നവരായിരുന്നു ഏറെ. എന്നാല്‍ അവര്‍ ഇത്തവണയും അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ലോകകപ്പിലെ ഏറ്റവും അട്ടിമറികളിലൊന്നാണ് ഉദ്ഘാടന മത്സരത്തില്‍ അര്‍ജന്റീന നേരിട്ടത്. പിന്നീട് രണ്ട് ഗ്രൂപ്പ് മത്സരങ്ങളും അവര്‍ക്ക് ജീവന്മരണ പോരാട്ടമായി. ഈ ലോകകപ്പിലെ രണ്ട് വേറിട്ടു നില്‍ക്കുന്ന കളിക്കാരാണ് കീലിയന്‍ എംബാപ്പെയും (അഞ്ച് ഗോള്‍) മെസ്സിയും (4).
ലൂക്ക് മോദ്‌റിച് ഇതുവരെ ഗോളടിച്ചിട്ടില്ല. ഗോളവസരം സൃഷ്ടിച്ചിട്ടു പോലുമില്ല. പക്ഷെ ഈ ക്രൊയേഷ്യന്‍ നിരയില്‍ മോദ്‌റിച്ചിന്റെ പ്രാധാന്യം വിലമതിക്കാനാവാത്തതാണ്. വെല്ലുവിളിക്കു മുന്നിലെ മാന്ത്രികസ്പര്‍ശമാണ് മോദ്‌റിച്. അവസാന ശ്വാസം വരെ പൊരുതുന്ന ക്രൊയേഷ്യന്‍ നിരയുടെ ജീവനാഡിയാണ്.
2018 ല്‍ ക്രൊയേഷ്യയുടെ എല്ലാ നോക്കൗട്ട് മത്സരങ്ങളും എക്‌സ്ട്രാ ടൈം വരെയെങ്കിലും നീണ്ടു. ഫ്രാന്‍സിനോട് ഏകപക്ഷീയമായ ഫൈനലില്‍ തോറ്റു. ഇത്തവണ രണ്ട് മത്സരങ്ങളും ഷൂട്ടൗട്ട് വരെ നീണ്ടു. ജപ്പാനാണ് ക്രൊയേഷ്യയെ ബ്രസീലിനെക്കാള്‍ വിറപ്പിച്ചത്. അത് സൂചിപ്പിക്കുന്നത് സമ്മര്‍ദ്ദം താങ്ങുകയും അവസരം കിട്ടുമ്പോള്‍ ആക്രമിക്കുകയും ചെയ്യുന്നതായിരിക്കും ക്രൊയേഷ്യക്ക് എളുപ്പമെന്നാണ്. കളി നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ കൗണ്ടര്‍ അറ്റാക്കിംഗില്‍ വീണുപോവുന്നു. ബ്രസീലിനെതിരെ അവരുടെ പ്രതിരോധനിരക്ക് കവചമായി നിന്നത് മാഴ്‌സെലൊ ബ്രോസവിച്ചാണ്. ഇത്തവണയും ആ ദൗത്യമാവും ബ്രോസവിച്ചിന്.
സൗദി അറേബ്യക്കെതിരായ തോല്‍വിക്കു ശേഷം നിക്കൊളാസ് ടാഗ്ലിയാഫിക്കോക്ക് പകരമെത്തിയ മാര്‍ക്കോസ് അകൂനക്ക് ഇന്ന് കളിക്കാനാവില്ല. തുടര്‍ന്നുള്ള മത്സരങ്ങളിലെല്ലാം പ്രധാന റോള്‍ വഹിച്ച അകൂനയുടെ അസാന്നിധ്യം അര്‍ജന്റീനക്ക് ക്ഷീണം ചെയ്യും.