സെമി ഫൈനല്‍
അര്‍ജന്റീന-ക്രൊയേഷ്യ
ചൊവ്വ രാത്രി 10.00
ലുസൈല്‍ സ്‌റ്റേഡിയം
ദോഹ - നെയ്മാറിന്റെയും ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെയും കണ്ണീര്‍ വീണ ദോഹയുടെ കളിമണ്ണില്‍ അടുത്ത ചതിക്കുഴിയൊരുങ്ങുന്നതാര്‍ക്ക്, ലിയണല്‍ മെസ്സിക്കോ ലൂക്ക മോദ്‌റിച്ചിനോ? ലോകകപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനലില്‍ ഇന്ന് അര്‍ജന്റീനയും ക്രൊയേഷ്യയും തമ്മിലുള്ള മത്സരം പൂര്‍ത്തിയാവുമ്പോള്‍ രണ്ടിലൊരാള്‍ക്ക് തിരിച്ചുപോയേ പറ്റൂ. മോദ്‌റിച് ലോകകപ്പ് നേടിക്കഴിഞ്ഞു, 2018ല്‍. ഇത്തവണ നെയ്മാറിന്റെ ലോകകപ്പ് സ്വപ്‌നം കണ്ണീരിലാഴ്ത്തിയ മോദ്‌റിച് ഇന്ന് മെസ്സിക്കും ലോകകപ്പിനുമിടയില്‍ കയറിനില്‍ക്കാനാണ് ശ്രമിക്കുക.
സൗദി അറേബ്യക്കെതിരായ തോല്‍വിയോടെ ലോകകപ്പ് തുടങ്ങിയ അര്‍ജന്റീന ക്വാര്‍ട്ടറില്‍ നെതര്‍ലാന്റ്‌സിനെതിരെ 2-0 ലീഡ് കളഞ്ഞുകുളിച്ചിരുന്നു. പക്ഷെ ഷൂട്ടൗട്ടില്‍ അവര്‍ തിരിച്ചുവന്നു. ഗാലറിയില്‍ നിറവും ശബ്ദവും താളവും ഒരുക്കുന്ന ആരാധകരുടെ ആവേശം അവര്‍ക്ക് കരുത്താവുന്നുണ്ട്. ഇത് തങ്ങളുടെ ലോകകപ്പാണെന്ന് അവര്‍ വിശ്വസിച്ചു തുടങ്ങിയിട്ടുണ്ടാവണം. ബദ്ധവൈരികളായ ബ്രസീല്‍ പുറത്തായ സാഹചര്യത്തില്‍ പ്രത്യേകിച്ചും. എട്ടു വര്‍ഷം മുമ്പ് മെസ്സിയുടെ അര്‍ജന്റീന ഫൈനലിന്റെ എക്‌സ്ട്രാ ടൈമിലാണ് തോറ്റത്.
അവസാന അവസരം നഷ്ടപ്പെടുത്തരുതെന്ന ആവേശത്തിലാണ് മെസ്സി. ആദ്യമായാണ് ലോകകപ്പ് നോക്കൗട്ടില്‍ മെസ്സി ഗോളടിക്കുന്നത്. അതും ഒന്നല്ല, രണ്ടു തവണ. ഏഴു തവണ ബാലന്‍ഡോറായ ആ കരിയറിന് എന്തുകൊണ്ടും ഒരു ലോകകപ്പിന്റെ കിരീടം വേണം. എന്നാല്‍ ക്രൊയേഷ്യയെപ്പോലെ ചെറുത്തുനില്‍പിന് പേരുകേട്ട അധികം എതിരാളികളുണ്ടാവില്ലെന്ന് മെസ്സിക്കറിയാം. ക്രൊയേഷ്യ ഒരര്‍ഥത്തില്‍ അവരെ സഹായിക്കുകയാണ് ചെയ്തത്. അല്ലെങ്കില്‍ ബ്രസീലിനെ അവര്‍ സെമിഫൈനലില്‍ നേരിടേണ്ടി വരുമായിരുന്നു. ബ്രസീലിനെതിരെ പല ഘട്ടങ്ങളിലും മെച്ചപ്പെട്ട് കളിച്ചത് ക്രൊയേഷ്യയാണെന്ന് മെസ്സി സാക്ഷ്യപ്പെടുത്തുന്നു. 'അവരുടെ മധ്യനിര മികച്ചതാണ്, കഴിഞ്ഞ ലോകകപ്പ് മുതലുള്ള കോച്ച് കൂടെയുണ്ട്, എല്ലാവര്‍ക്കും പരസ്പരം നന്നായി അറിയാം'.
ലിസാന്ദ്രൊ മാര്‍ടിനേസിനെ കൊണ്ടുവന്ന് അഞ്ചംഗ പ്രതിരോധനിരയുമായാണ് നെതര്‍ലാന്റ്‌സിനെ അര്‍ജന്റീന നേരിട്ടത്. പക്ഷെ ക്രൊയേഷ്യക്കെതിരെ മധ്യനിരയിലാണ് ശ്രദ്ധ വേണ്ടത്. പ്രധാന ടൂര്‍ണമെന്റിലെ അവസാന ഒമ്പത് നോക്കൗട്ട് മത്സരങ്ങളില്‍ എട്ടിലും എക്‌സ്ട്രാ ടൈം കളിച്ച ടീമാണ് ക്രൊയേഷ്യ. മാത്രമല്ല, വെറും 40 ലക്ഷം മാത്രം ജനസംഖ്യയുള്ള കൊച്ചുരാജ്യത്തിന് നാലരക്കോടി ജനങ്ങളുള്ള അര്‍ജന്റീനക്കെതിരെ ഒന്നും നഷ്ടപ്പെടാനില്ല.
നാലു വര്‍ഷം മുമ്പ് അര്‍ജന്റീനയെ ഗ്രൂപ്പ് ഘട്ടത്തില്‍ 3-0 ന് ക്രൊയേഷ്യ കെട്ടുകെട്ടിച്ചിരുന്നു. അന്ന് മിഡ്ഫീല്‍ഡ് മാസ്റ്ററായി മോദ്‌റിച് മിന്നുന്ന ഫോമിലായിരുന്നു. ബാങ്കില്‍ പണമിടുന്നതിനെക്കാള്‍ സുരക്ഷിതമാണ് ഈ മധ്യനിരക്ക് പന്ത് നല്‍കുന്നതെന്ന് ക്രൊയേഷ്യന്‍ റൈറ്റ് ബാക്ക് ജോസിപ് യുറാനോവിച് പറയുന്നു. 2006 ല്‍ ഇരുപതാം വയസ്സില്‍ ക്രൊയേഷ്യന്‍ ജഴ്‌സിയില്‍ മോദ്‌റിച് അരങ്ങേറിയത് അര്‍ജന്റീനക്കെതിരായ സൗഹൃദ മത്സരത്തിലായിരുന്നു. മെസ്സി സ്‌കോര്‍ ചെയ്തിട്ടും ആ കളി ക്രൊയേഷ്യ 3-2 ന് ജയിക്കുകയാണ് ചെയ്തത്. മെസ്സിയെ ആര് പൂട്ടുമെന്ന് ചോദിക്കുമ്പോള്‍ മെസ്സി മാത്രമല്ല അര്‍ജന്റീനയെന്നാണ് പെറ്റ്‌കോവിച് മറുപടി നല്‍കുന്നത്.