Sorry, you need to enable JavaScript to visit this website.

'സർവകലാശാലകൾക്ക് ഒറ്റ ചാൻസലർ മതി'; ചാൻസലർ ബില്ലിൽ ബദൽ നിർദേശവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം - ചാൻസലർ ബില്ലിൽ ബദൽ നിർദേശങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എല്ലാ സർവകലാശാലകൾക്കുമായി ഒറ്റ ചാൻസലർ മതിയെന്ന് അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി. വിരമിച്ച സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാൻസലർ ആകണം. നിയമനത്തിന് പ്രത്യേക സമിതി രൂപീകരിക്കണം. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്നതാകണം സമിതി. സമിതിയുടെ ഭൂരിപക്ഷാഭിപ്രായമനുസരിച്ച് ചാൻസലറെ നിയമിക്കണമെന്നും അദ്ദേഹം ഭേദഗതി നിർദ്ദേശിച്ചു.
  ചാൻസലർ സ്ഥാനത്തു നിന്നും ഗവർണ്ണറെ മാറ്റാനുള്ള ബില്ലിന്റെ ചർച്ചയ്ക്കിടെയാണ് പ്രതിപക്ഷ നേതാവ് കാര്യങ്ങൾ കൃത്യമായി അവതരിപ്പിച്ചത്. ഗവർണ്ണർക്ക് പകരം പ്രമുഖരായ വിദ്യാഭ്യാസ വിചക്ഷണരെ ചാൻസലറാക്കണം എന്നാണ് ബില്ലിലെ സർക്കാർ നിർദ്ദേശം. വി.സി ഇല്ലെങ്കിൽ പകരം ചുമതല പ്രോ വിസിക്കോ മറ്റ് സർവ്വകലാശാല വി.സിമാർക്ക് നൽകും എന്നായിരുന്നു കരട് ബില്ലിലെ വ്യവസ്ഥ.
 ഇത് യു.ജി.സി മാർഗനിർദ്ദേശത്തിന് വിരുദ്ധമാണെന്ന് അക്കമിട്ടു നിരത്തിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസംഗം. ഇതിന്റെ പശ്ചാത്തലത്തിൽ വി.സി ഇല്ലെങ്കിൽ ചാൻസലറും പ്രോ ചാന്‌സലറും ചേർന്ന് ആലോചിച്ച് പകരം സംവിധാനം എന്ന രീതിയിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. 
പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ അടിവരയിട്ട് പ്രതിപക്ഷ ഉപനേതാവും മുസ്‌ലിം ലീഗ് പാർല്ലമെന്ററി പാർട്ടി ലീഡറുമായ പി.കെ കുഞ്ഞാലിക്കുട്ടിയും സംസാരിച്ചു. ഗവർണറെ ചാൻസലർ പദവിയിൽനിന്ന് മാറ്റണമെന്നും സതീശൻ പറഞ്ഞ കാര്യങ്ങൾ ഗൗരവത്തിലെടുത്ത് തുടർ നടപടി ഉണ്ടാകണമെന്നും ഓർമിപ്പിച്ച അദ്ദേഹം, സർവകലാശാലകളിലെ അന്ധമായ രാഷ്ട്രീയ പക്ഷപാതത്തെയും വിമർശിച്ചു.
 ബിൽ നിയമസഭ പാസാക്കിയാലും ഗവർണ്ണർ ഒപ്പിടാനുള്ള സാധ്യത തെളിഞ്ഞിട്ടില്ല. അതിനാൽ ഗവർണർ-സർക്കാർ പോര് തുടരാൻ തന്നെയാണ് സാധ്യത.
 

Latest News