വിസ്മയ കേസില്‍ ഭര്‍ത്താവ്  കിരണ്‍ കുമാറിന് തിരിച്ചടി 

കൊച്ചി-സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ശിക്ഷ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് കിരണ്‍ കുമാര്‍ (31) നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വിചാരണക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ തീരുമാനമാവുന്നതുവരെ ശിക്ഷ നടപ്പാക്കുന്നതു നിര്‍ത്തിവയ്ക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. പത്തു വര്‍ഷം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട കിരണ്‍ ജയിലിലാണ്. വിവിധ വകുപ്പുകളിലായി 25 വര്‍ഷം തടവു ശിക്ഷയാണ് കിരണിന് വിചാരണക്കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ പത്തു വര്‍ഷമാണ് ജയിലില്‍ കിടക്കേണ്ടി വരിക. കിരണ്‍ പന്ത്രണ്ടര ലക്ഷം രൂപ പിഴ ഒടുക്കണമെന്നും ഇതില്‍ രണ്ടു ലക്ഷം വിസമയയുടെ മാതാപിതാക്കള്‍ക്കു നല്‍കണമെന്നും കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെഎന്‍ സുജിത് വിധിച്ചു.
സ്ത്രീധന പീഡനത്തിലൂടെ മരണം (ഐപിസി 304 ബി) പത്തു വര്‍ഷം തടവ്, സ്ത്രീധന പീഡനം (ഐപിസി 498 എ) ആറു വര്‍ഷം തടവ്, ആത്മഹത്യാ പ്രേരണ (ഐപിസി 304) രണ്ടു വര്‍ഷം തടവ്, സ്ത്രീധനം വാങ്ങല്‍ (സ്ത്രീധന നിരോധന നിയമം) ആറു വര്‍ഷം തടവ്, സ്ത്രീധനം ആവശ്യപ്പെടല്‍ (സ്ത്രീധനനിരോധന നിയമം) ഒരു വര്‍ഷം തടവ് എന്നിങ്ങനെയാണ് വിവിധ വകുപ്പുകള്‍ പ്രകാരം കോടതി ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി 12.55 ലക്ഷം രൂപ പിഴ ഒടുക്കണം.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നാണ് ശാസ്താംകോട്ടയിലെ ഭര്‍തൃവീട്ടില്‍ വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിനു തലേന്ന് ബന്ധുക്കള്‍ക്ക് അയച്ച വാട്ട്‌സ്ആപ്പ് സന്ദേശത്തില്‍, സ്ത്രീധനത്തിന്റെ പേരില്‍ കിരണ്‍ ഉപദ്രവിക്കുന്നതായി വിസ്മയ പറഞ്ഞിരുന്നു.
 

Latest News