ആലപ്പുഴ-ഭര്‍തൃപിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രവാസിയുടെ ഭാര്യയായ യുവതിയും സുഹൃത്തും അറസ്റ്റില്‍. കൈക്കുഞ്ഞിനെ പരിചരിക്കാത്തതിന് ശകാരിച്ചതിനെ തുടര്‍ന്നാണ് ഭര്‍തൃപിതാവിനെ യുവതിയുടെ സുഹൃത്ത് ആക്രമിച്ചത്. തുടര്‍ന്ന് യുവതിയെയും സുഹൃത്തിനേയും നൂറനാട് പോലീസ് പിടികൂടി.
നൂറനാട് പുലിമേല്‍ തുണ്ടത്തില്‍ വീട്ടില്‍ രാജുവിനാണ് (56) മര്‍ദനമേറ്റത്. മകന്റെ ഭാര്യ ശ്രീലക്ഷ്മി (24), നൂറനാട് പുതുപ്പള്ളികുന്നം പാറപ്പുറത്ത് വടക്കേതില്‍ വീട്ടില്‍ ബിപിന്‍ (29) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നവംബര്‍ 29ന് രാത്രി 11നായിരുന്നു സംഭവം.
രാജുവിന്റെ മകന്‍ വിദേശത്താണ്. മകന്റെ കുഞ്ഞിനെ മരുമകള്‍ ശരിയായി നോക്കുന്നില്ലെന്ന് രാജു പരാതി പറഞ്ഞതിലുള്ള വൈരാഗ്യത്തിലാണ് രാജുവിനെ ആക്രമിക്കാന്‍ ബിപിനെ ശ്രീലക്ഷ്മി ചുമതലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പടനിലം ജങ്ഷനില്‍ പോയി തിരികെ സ്‌കൂട്ടറില്‍ വന്ന രാജുവിനെ വീടിന് സമീപത്തെ റോഡില്‍ ഹെല്‍മെറ്റ് ധരിച്ച് പതുങ്ങി നിന്ന ബിപിന്‍ കമ്പിവടികൊണ്ട് തലയ്ക്കടിയ്ക്കുകയായിരുന്നു. മര്‍ദനമേറ്റ് വീണ ഇദ്ദേഹത്തിന്റെ ശരീരമാസകലം മര്‍ദിക്കുകയും ചെയ്തു. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജുവിന്റെ തലയ്ക്ക് 15 തുന്നലുണ്ട്.
മര്‍ദിച്ചയാളിനെ തിരിച്ചറിഞ്ഞിരുന്നില്ല. സിസിടിവി പരിശോധനയില്‍ ഹെല്‍മെറ്റ് ധരിച്ച് ഒരാള്‍ സ്‌കൂട്ടറില്‍ പോകുന്നത് കണ്ടെങ്കിലും വ്യക്തതയുണ്ടായിരുന്നില്ല. വധശ്രമത്തിന് കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തില്‍ മര്‍ദനമേറ്റ ദിവസം രാജു മരുമകളെ ശാസിച്ച വിവരം ലഭിച്ചതും തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലായതും. അടിക്കാന്‍ ഉപയോഗിച്ച കമ്പിവടിയും പ്രതിയുടെ സ്‌കൂട്ടറും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ശ്രീജിത്ത്, എസ്‌ഐമാരായ നിതീഷ്, ദീപുപിള്ള, രാജേന്ദ്രന്‍, സിപിഒമാരായ കലേഷ്, വിഷ്ണു, രഞ്ജിത്ത് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.